തിരുവനന്തപുരം: ഹോപ് പ്ലാന്റേഷന്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി
അടൂര്‍ പ്രകാശിനും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഹോപ് പ്ലാന്റേഷന്റെ പീരുമേട്ടിലെ 724 ഏക്കര്‍ വരുന്ന മിച്ചഭൂമി പ്ലാന്റേഷന്റെ ഉടമസ്ഥന് തിരികെ നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ് വിവാദമായ ഭൂമി കൈമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. പിഴവ് ചൂണ്ടിക്കാട്ടപ്പെട്ടതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു. കേസില്‍ ത്വരിത പരിശോധന നടത്തിയ വിജിലന്‍സ് ഭൂമി കൈമാറിയ സംഭവത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും അടൂര്‍പ്രകാശിന്റെയും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ ഈ മാസം 30ന് വിശദമായ വാദം കേള്‍ക്കും.