കഴിഞ്ഞ ഒന്നര മാസക്കാലമായി താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോയതെന്ന് തുറന്നു പറഞ്ഞ് നടി ഭാവന. പുതിയ സിനിമയായ അനോമിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് തന്റെ അവസ്ഥയെക്കുറിച്ച് ഭാവന മനസ് തുറന്നത്.
ഒന്നര മാസത്തോളം വീടിന് പുറത്തിറങ്ങിയില്ലെന്നും കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും ഒഴികെ ആരെയും കണ്ടിരുന്നില്ലെന്നും ഭാവന പറയുന്നു. ”ഞാന്‍ ഒരു സേഫ്റ്റി ബബിളിനുള്ളിലായിരുന്നു. പുറത്ത് വരാന്‍ തയ്യാറായിരുന്നില്ല. ആളുകളെ കാണാന്‍ മനസുണ്ടായിരുന്നില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളുമായിരുന്നു ആ സമയത്ത് എന്റെ ലോകം. അവര്‍ എന്നെ ജഡ്ജ് ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു,” എന്നാണ് ഭാവനയുടെ വാക്കുകള്‍.
താന്‍ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ച് വിശദീകരിക്കുമ്പോള്‍, അത് ഒരൊറ്റ വാക്കില്‍ പറയാന്‍ കഴിയാത്ത അനുഭവമാണെന്ന് ഭാവന പറഞ്ഞു. ”പല വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ചില ദിവസങ്ങളില്‍ ഒക്കെയായിരിക്കും, ചില ദിവസങ്ങളില്‍ ഒക്കെയാകാന്‍ ശ്രമിക്കും, ചില ദിവസങ്ങളില്‍ ഒക്കെയാകില്ല. സമ്മിശ്രവികാരങ്ങളാണ്. നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത്,” ഭാവന വ്യക്തമാക്കി.
എല്ലായിപ്പോഴും സന്തോഷത്തോടെ കാണപ്പെടണം എന്നൊരു മനോഭാവം ചെറുപ്പത്തില്‍ തന്നെ സിനിമാ മേഖലയിലെത്തിയതിന്റെ ഭാഗമായി ഉള്ളില്‍ പതിഞ്ഞതാണെന്നും നടി പറയുന്നു. ”പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോഴും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ സന്തോഷത്തോടെ കാണപ്പെടാന്‍ ഞാന്‍ എക്സ്ട്രാ എഫേര്‍ട്ടിടും. എനിക്ക് അത് ചെയ്യാന്‍ ആഗ്രഹമില്ലെങ്കിലും സ്വാഭാവികമായി സംഭവിക്കുന്നതാണ്. എല്ലാവരും കാണുന്നുണ്ടെന്ന തോന്നല്‍ എപ്പോഴും ഉണ്ടാകും, അതിനാല്‍ ചിരിക്കുന്ന മുഖത്തോടെ നില്‍ക്കണം എന്നൊരു ചിന്ത.”
ഈ അഭിമുഖത്തിനായി തയ്യാറെടുക്കുമ്പോള്‍ പോലും സ്വയം ആത്മവിശ്വാസം പകരാന്‍ ശ്രമിച്ചിരുന്നുവെന്ന് ഭാവന തുറന്നു പറഞ്ഞു. ”ഇവിടെ എത്തിയപ്പോള്‍ എനിക്ക് പാല്‍പ്പറ്റേഷന്‍ ഉണ്ടായി, ബ്ലാങ്ക് ആയി. ചിരിക്കണോ വേണ്ടയോ എന്നുപോലും അറിയാത്ത അവസ്ഥ. പക്ഷേ എല്ലായിപ്പോഴും അങ്ങനെ തുടരാന്‍ കഴിയില്ല. ഇന്നല്ലെങ്കില്‍ നാളെ പുറത്തേക്ക് വരേണ്ടി വരുമെന്ന് എനിക്കറിയാം.”
തന്റെ പുതിയ സിനിമയിലേക്കുള്ള ഉത്തരവാദിത്വവും പ്രതീക്ഷയും തന്നെ മുന്നോട്ട് നയിക്കുന്നുവെന്നും ഭാവന പറഞ്ഞു. ”എന്റെ സിനിമ റിലീസാകാനുണ്ട്. ഈ സിനിമയില്‍ എനിക്ക് വിശ്വാസമുണ്ട്. എന്റെ ടീമിനെ കൈവിടാനാകില്ല,” ഭാവന കൂട്ടിച്ചേര്‍ത്തു.