X

രസിലയുടെ കൊല: ഒരു കോടി നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും നല്‍കുമെന്ന് കമ്പനി

പുനെ: ഇന്‍ഫോസിസ് ജീവനക്കാരി രസിലയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സുരക്ഷാ ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്ന് പൊലീസ്. ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ചതായി ജീവനക്കാരന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. സഹതാപം പിടിച്ചു പറ്റാനുള്ള നീക്കമാണിതെന്ന് പൊലീസ് പറഞ്ഞു. കൊല നടത്താന്‍ ഇയാള്‍ നേരത്തെ പദ്ധതിയിട്ടിരുന്നെന്നാണ് സൂചന. രസിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഭാബെന്‍ സൈകിയ(26) പൊലീസ് പിടിയിലായിരുന്നു. കൊലക്കു ശേഷം കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ നിലയില്‍ കയറി അത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ താഴെ സുരക്ഷാ ജീവനക്കാരെ കണ്ടതോടെ പിന്‍മാറി. പിന്നീട് അസമിലുള്ള മാതാവിനെ വിളിച്ച് കാര്യം പറഞ്ഞു. അവരുടെ നിര്‍ദ്ദേശാനുസരണം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. എന്നാല്‍ ഈ മൊഴി കണക്കിലെടുക്കേണ്ടെന്നാണ് പൊലീസ് ഭാഷ്യം. പ്രതിക്ക് മനഃസാക്ഷിക്കുത്തുള്ളതിന്റെ സൂചനപോലുമില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഭാബെന്‍ അന്നത്തെ ഡ്യൂട്ടി പൂര്‍ത്തിയാക്കി. പിന്നീട് അസമിലേക്ക് രക്ഷപ്പെടാന്‍ തീരുമാനിച്ചു. മുംബൈയില്‍ നിന്ന് പിടിയിലാകുേമ്പാള്‍ ഇയാള്‍ അസമിലേക്ക് കടക്കാനുള്ള നീക്കത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. തന്നെ തുറിച്ചു നോക്കിയ ഭാബെന്നിനെതിരെ പരാതി നല്‍കുമെന്ന് രസില പറഞ്ഞിരുന്നു. പരാതി നല്‍കരുതെന്ന് ഇയാള്‍ അപേക്ഷിച്ചെങ്കിലും അതിന് തയാറാകത്തതിന്റെ പകയാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. കമ്പ്യൂട്ടറിന്റെ കേബിള്‍ കഴുത്തില്‍ മുറുക്കിയാണ് കൊന്നത്. അതേസമയം രസിലയുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും നല്‍കാമെന്ന് ഇന്‍ഫോസിസ് രേഖാമൂലം അറിയിച്ചു.

chandrika: