main stories
ജൗഹർ സർവകലാശാല: നിയമത്തിന്റെ മറവിലെ രാഷ്ട്രീയ പകപോക്കൽ
അറിവിന്റെയും പുരോഗതിയുടെയും പ്രതീകമാകേണ്ട ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ, കേവലം രാഷ്ട്രീയ വിരോധത്തിന്റെയും അതിലുപരിയായി ഒരു പ്രത്യേക സമുദായത്തോടുള്ള അടങ്ങാത്ത പകയുടെയും പേരിൽ തകർക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സർവകലാശാലയിലെ ആകെയുള്ള നാല്പത് കെട്ടിടങ്ങളിൽ മുപ്പത്തിയെട്ടും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് രാംപൂർ ഡെവലപ്മെന്റ് അതോറിറ്റി പുറപ്പെടുവിച്ച പൊളിക്കൽ ഉത്തരവ്, യോഗി ആദിത്യനാഥ് സർക്കാരിന്റെ ‘ബുൾഡോസർ രാജ്’ എന്ന ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖം മാത്രമാണ്.
ത്വാഹിർ ഹമീദ്
ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ ഏറ്റവും പുതിയതും ഭയാനകവുമായ ഉദാഹരണമാണ് ഉത്തർപ്രദേശിലെ രാംപൂരിൽ സ്ഥിതിചെയ്യുന്ന മുഹമ്മദ് അലി ജൗഹർ സർവകലാശാലയ്ക്ക് നേരെ ഉയർന്നിരിക്കുന്ന ഭരണകൂട ഭീഷണി. അറിവിന്റെയും പുരോഗതിയുടെയും പ്രതീകമാകേണ്ട ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ, കേവലം രാഷ്ട്രീയ വിരോധത്തിന്റെയും അതിലുപരിയായി ഒരു പ്രത്യേക സമുദായത്തോടുള്ള അടങ്ങാത്ത പകയുടെയും പേരിൽ തകർക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സർവകലാശാലയിലെ ആകെയുള്ള നാല്പത് കെട്ടിടങ്ങളിൽ മുപ്പത്തിയെട്ടും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് രാംപൂർ ഡെവലപ്മെന്റ് അതോറിറ്റി പുറപ്പെടുവിച്ച പൊളിക്കൽ ഉത്തരവ്, യോഗി ആദിത്യനാഥ് സർക്കാരിന്റെ ‘ബുൾഡോസർ രാജ്’ എന്ന ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖം മാത്രമാണ്. ഓഗസ്റ്റ് 5-നകം കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം ബുൾഡോസറുകൾ ഉപയോഗിച്ച് സർക്കാർ തന്നെ അത് പൊളിക്കുമെന്നും അതിന്റെ ചിലവ് സർവ്വകലാശാലയിൽ നിന്ന് ഈടാക്കുമെന്നുമായിരുന്നു ഭീഷണി. അലഹബാദ് ഹൈക്കോടതിയിൽ നിന്നും ഈ വിഷയത്തിൽ സർവകലാശാലയ്ക്ക് തിരിച്ചടിയുണ്ടായെങ്കിലും, മുറാദാബാദ് ഡിവിഷണൽ കമ്മീഷണറുടെ കോടതി നൽകിയ താൽക്കാലിക സ്റ്റേ മാത്രമാണ് ഇപ്പോൾ ആശ്വാസമായിട്ടുള്ളത്. എന്നാൽ, ഈ താൽക്കാലിക ആശ്വാസത്തിനപ്പുറം, ഈ വിഷയം മുന്നോട്ടുവെക്കുന്ന സങ്കീർണ്ണമായ ചില യാഥാർത്ഥ്യങ്ങളുണ്ട്; അത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്.
ഈ ഭരണകൂട വേട്ടയുടെ സാങ്കേതികവും നിയമപരവുമായ വശങ്ങൾ പരിശോധിക്കുമ്പോൾ തന്നെ ഇതിലെ ഗൂഢലക്ഷ്യങ്ങൾ വ്യക്തമാകും. യു.പി. അർബൻ പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ആക്ട് 1973 ലെ സെക്ഷൻ 27(1) പ്രകാരമാണ് രാംപൂർ ഡെവലപ്മെന്റ് അതോറിറ്റി സർവകലാശാലയ്ക്ക് നോട്ടീസ് നൽകിയത്. മെഡിക്കൽ കോളേജ്, അക്കാദമിക് ബ്ലോക്ക് എന്നിവയ്ക്ക് മാത്രമേ കൃത്യമായ അനുമതിയുള്ളൂ എന്നും, ബാക്കിയുള്ള മുപ്പത്തിയെട്ട് കെട്ടിടങ്ങൾക്കും അംഗീകൃത പ്ലാൻ ഇല്ലെന്നുമാണ് അതോറിറ്റിയുടെ കണ്ടുപിടുത്തം.
എന്നാൽ വസ്തുതകൾ മറ്റൊന്നാണ്. 2005 ഏപ്രിൽ 15-നാണ് രാംപൂർ ഡെവലപ്മെന്റ് അതോറിറ്റി രൂപീകൃതമാകുന്നത്. 2006-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട സർവകലാശാലയുടെ നിർമ്മാണ സമയത്ത് ഈ സിംഗൻഖേര പ്രദേശം പൂർണ്ണമായും രാംപൂർ ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലായിരുന്നു. സ്വാഭാവികമായും ആ സമയത്ത് രാംപൂർ ഡെവലപ്മെന്റ് അതോറിറ്റിയുടെ മുൻകൂർ അനുമതി ആവശ്യമില്ലായിരുന്നു. അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ കാലത്ത് പഞ്ചായത്ത് അധികൃതരിൽ നിന്ന് കൃത്യമായ അനുമതി വാങ്ങിയാണ് നിർമ്മാണം തുടങ്ങിയത്. യു.പിയിൽ സ്വകാര്യ സർവകലാശാലാ നിയമം (Private Universities Act) പാസാകുന്നത് തന്നെ 2019-ലാണ്; അതായത് സർവകലാശാല സ്ഥാപിതമായി 13 വർഷങ്ങൾക്ക് ശേഷം. പിന്നീട് കാലങ്ങൾക്കിപ്പുറം ഭൂമിയുടെ അധികാരപരിധി മാറിയതിന്റെ പേരിൽ, മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ അടിച്ചേൽപ്പിച്ച് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു സർവകലാശാലാ സമുച്ചയം അനധികൃതമാണെന്ന് പ്രഖ്യാപിക്കുന്നത് നിയമവാഴ്ചയോടുള്ള കൊഞ്ഞനംകുത്തലാണ്.
ഏത് നിയമലംഘനത്തിനും രാജ്യത്ത് കൃത്യമായ നടപടിക്രമങ്ങളുണ്ട്. കെട്ടിട നിർമ്മാണത്തിൽ എന്തെങ്കിലും അപാകതകളോ പ്ലാനിൽ വ്യത്യാസങ്ങളോ ഉണ്ടെങ്കിൽ തന്നെ, അത് പിഴ അടച്ച് ക്രമവൽക്കരിക്കുകയോ മറ്റ് നിയമപരമായ പോംവഴികൾ തേടുകയോ ചെയ്യുക എന്നതാണ് ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്. അതിന് പകരം, ഒരു സുപ്രഭാതത്തിൽ ബുൾഡോസറുകളുമായി വന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ഇടിച്ചുനിരത്താൻ ശ്രമിക്കുന്നത് കേവലം നിയമം നടപ്പിലാക്കലാണെന്നു പറഞ്ഞു സാധൂകരിക്കാനാവതല്ല. തികഞ്ഞ അഹങ്കാരവും അധികാര ദുർവിനിയോഗവുമാണത്.
ഈ വിഷയത്തെ കേവലമൊരു നിയമപ്രശ്നമായി മാത്രം കാണാൻ കഴിയില്ല. ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയവും വംശീയവുമായ അജണ്ടകളുണ്ട്. സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്റെ നേതൃത്വത്തിൽ 2003-ൽ രൂപീകരിച്ച മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റ് ആണ് ഈ സർവകലാശാല സ്ഥാപിച്ചത്. യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ അസം ഖാനെതിരെ നിരന്തരമായ വേട്ടയാടലുകളാണ് നടക്കുന്നത്. അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്നതിനൊപ്പം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കെട്ടിപ്പടുത്ത ഒരു വിദ്യാഭ്യാസ സാമ്രാജ്യത്തെ തകർക്കുക എന്നത് ഭരണകൂടത്തിന്റെ വലിയൊരു ആവശ്യമാണ്.
അദ്ദേഹത്തോടുള്ള ഈ ശത്രുത തീർക്കാൻ സർക്കാർ തിരഞ്ഞെടുക്കുന്ന വഴി എത്രത്തോളം വിനാശകരമാണെന്ന് യു.പിയുടെ വിദ്യാഭ്യാസ പശ്ചാത്തലം പരിശോധിച്ചാൽ മനസ്സിലാകും. ഏകദേശം 24 കോടി ജനങ്ങളുള്ള, വിസ്തൃതിയിൽ ഇന്ത്യയിലെ നാലാമത്തെ വലിയ സംസ്ഥാനമായ യു.പിയിൽ ആകെയുള്ളത് 36 സർക്കാർ സർവകലാശാലകളും 35 സ്വകാര്യ സർവകലാശാലകളും മാത്രമാണ്. സംസ്ഥാനത്തെ 2.62 ലക്ഷം സ്കൂളുകളിൽ 86 ശതമാനവും പ്രൈമറി തലത്തിലുള്ളതാണ്; വെറും 12,164 എണ്ണം മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്നവ. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇത്രയും വലിയ പിന്നോക്കാവസ്ഥ നേരിടുന്ന ഒരു സംസ്ഥാനത്താണ് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ഇടിച്ചുനിരത്താൻ നോക്കുന്നത്.
അതിലുപരി, ഉത്തർപ്രദേശിലെ പിന്നോക്ക പ്രദേശങ്ങളിലൊന്നായ രാംപൂരിൽ, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷങ്ങൾക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിൽ ജൗഹർ സർവകലാശാല വഹിക്കുന്ന പങ്ക് ചെറുതല്ല. ഒരു സമുദായം വിദ്യാഭ്യാസപരമായി മുന്നേറുന്നതിനെ ഭയപ്പെടുന്ന, അവരെ എക്കാലവും രണ്ടാം കിട പൗരന്മാരായി നിലനിർത്താൻ ആഗ്രഹിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനമാണ് ഈ സർവകലാശാലയ്ക്ക് നേരെയുള്ള ആക്രമണം. ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും തകർക്കുക എന്ന ആസൂത്രിത അജണ്ടയുടെ ഭാഗമായി മാത്രമേ ഈ നടപടിയെ വായിച്ചെടുക്കാൻ കഴിയൂ. അധികാരത്തിന്റെ ഗർവ്വിൽ എതിരാളികളുടെ വീടുകളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്ന ‘ബുൾഡോസർ ജസ്റ്റിസ്’ എന്ന അപരിഷ്കൃത രീതി ഇന്ന് യു.പി സർക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.
കോടതി വ്യവഹാരങ്ങളിൽ സർവകലാശാല നേരിടുന്ന പ്രതിസന്ധികളും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. അലഹബാദ് ഹൈക്കോടതി സർവകലാശാലയ്ക്ക് അനുകൂലമായി നിലപാട് എടുക്കാതിരുന്നത് രാംപൂർ അതോറിറ്റിയുടെ വാദങ്ങൾ ശരിവെച്ചുകൊണ്ടായിരുന്നില്ല. മറിച്ച്, നിയമത്തിലെ ചില സാങ്കേതിക നൂലാമാലകളുടെ പേരിലായിരുന്നു. സർവകലാശാലയുടെ ഔദ്യോഗിക പ്രതിനിധിയോ രജിസ്ട്രാറോ അല്ല കോടതിയെ സമീപിച്ചത് എന്നതായിരുന്നു പ്രധാന തടസ്സം. മുഹമ്മദ് യൂസഫ് എന്നൊരു വ്യവസായി നൽകിയ ഹർജിയിൽ ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു. ഒരു സ്ഥാപനത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അത്യന്തം ഗൗരവകരമായ ഒരു വിഷയത്തിൽ, കേവലം ഹർജിക്കാരന്റെ സാങ്കേതിക അർഹതയുടെ പേരിൽ നീതി നിഷേധിക്കപ്പെടുന്നത് ആശങ്കാജനകമാണ്. ഇത്തരം സാങ്കേതികത്വങ്ങൾക്കിടയിൽ യഥാർത്ഥത്തിൽ ബലിയാടാക്കപ്പെടുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ്. നിയമം മനുഷ്യർക്കും സമൂഹത്തിന്റെ നിലനിൽപ്പിനും വേണ്ടിയുള്ളതാകണം. അവിടെ നീതിയുടെ കണ്ണുകൾ സാങ്കേതികത്വത്തിന്റെ ഇരുട്ടിൽ കെട്ടിപ്പൂട്ടപ്പെടാൻ പാടില്ല. ഡിവിഷണൽ കമ്മീഷണറുടെ കോടതിയിൽ നിന്ന് ലഭിച്ച താൽക്കാലിക സ്റ്റേ ആശ്വാസകരമാണെങ്കിലും, ഭരണകൂടം തങ്ങളുടെ സർവ്വ സന്നാഹങ്ങളുമുപയോഗിച്ച് ഈ സ്ഥാപനത്തെ തകർക്കാൻ വീണ്ടും രംഗത്തുവരും എന്നത് ഉറപ്പാണ്.
ഏറ്റവും വേദനിപ്പിക്കുന്നതും ഗൗരവതരവുമായ കാര്യം ഈ നടപടി വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന ആഘാതമാണ്. യു.ജി.സി (UGC) അംഗീകാരത്തോടെ വളരെ പ്രൊഫഷണലായി പ്രവർത്തിക്കുന്ന ഈ സർവകലാശാലയിൽ ഇന്ന് 16 ഡിപ്പാർട്ട്മെന്റുകളും 14 ഫാക്കൽറ്റികളും 55 അക്കാദമിക് സ്റ്റാഫുകളും ആയിരത്തോളം മറ്റ് ജീവനക്കാരുമുണ്ട്. മെഡിക്കൽ, എഞ്ചിനീയറിംഗ്, മാനവിക വിഷയങ്ങൾ ഉൾപ്പെടെ നിരവധി കോഴ്സുകൾ പഠിക്കുന്ന മൂവായിരത്തിലധികം വിദ്യാർത്ഥികളാണ് ഈ സർവകലാശാലയിലുള്ളത്. ഒരു സുപ്രഭാതത്തിൽ തങ്ങളുടെ ക്യാമ്പസ് മണ്ണോട് ചേരുമെന്ന വാർത്ത കേട്ട് വിറങ്ങലിച്ച് നിൽക്കുകയാണവർ. തങ്ങളുടെ കുറ്റമല്ലാത്ത കാരണങ്ങളുടെ പേരിൽ, രാഷ്ട്രീയക്കാരുടെ വടംവലികൾക്കിടയിൽ തങ്ങളുടെ ഭാവി ഇരുളടയുന്നത് നോക്കിനിൽക്കാൻ മാത്രമേ അവർക്ക് കഴിയുന്നുള്ളൂ. ഒരു വിദ്യാർത്ഥിക്ക് ലഭിക്കേണ്ട ഏറ്റവും വലിയ സുരക്ഷിതത്വം അവരുടെ വിദ്യാഭ്യാസ സ്ഥാപനമാണ്. ആ സുരക്ഷിതത്വത്തിന് മേലാണ് ഭരണകൂടം ബുൾഡോസർ കയറ്റാൻ ശ്രമിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമാണ്. ആ അവകാശത്തെയാണ് ഇവിടെ നിർദയം റദ്ദാക്കപ്പെടുന്നത്. അസം ഖാൻ എന്ന വ്യക്തിയോട് സർക്കാരിന് വിയോജിപ്പുകളോ ശത്രുതയോ ഉണ്ടാകാം. എന്നാൽ അതിന്റെ പേരിൽ ഒരു തലമുറയുടെ മുഴുവൻ സ്വപ്നങ്ങൾക്ക് ചിതയൊരുക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാൻ കഴിയില്ല.
ചുരുക്കത്തിൽ, മുഹമ്മദ് അലി ജൗഹർ സർവകലാശാലയ്ക്ക് നേരെയുള്ള ഈ നീക്കം കേവലം പ്രാദേശികമായ ഒരു പ്രശ്നമല്ല. ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികൾ മുഴുവൻ ഉണർന്നു ചിന്തിക്കേണ്ട ഗൗരവമേറിയ ഒരു വിഷയമാണിത്. എതിർശബ്ദങ്ങളെ അടിച്ചമർത്താൻ നിയമത്തെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വർദ്ധിച്ചുവരികയാണ്.
ഒരു സർവകലാശാലയുടെ കെട്ടിടങ്ങൾ അകാരണമായി പൊളിച്ചുമാറ്റുമ്പോൾ തകരുന്നത് ഇഷ്ടികകളും കോൺക്രീറ്റും മാത്രമല്ല, ഈ രാജ്യത്തെ നിയമവാഴ്ചയിലുള്ള സാധാരണക്കാരന്റെ വിശ്വാസം കൂടിയാണ്. ജനാധിപത്യ സംവിധാനത്തിൽ അറിവിന്റെ ദീപമേന്തേണ്ട സ്ഥാപനങ്ങൾക്ക് നേരെ ഭരണകൂടം തന്നെ ബുൾഡോസറുമായി രംഗത്തിറങ്ങുന്നത് ഭാവി സമൂഹത്തിന് നൽകുന്നത് വളരെ അപകടകരമായ സന്ദേശമാണ്. രാഷ്ട്രീയ പകപോക്കലുകളുടെ പേരിൽ വിദ്യാർത്ഥികളുടെ ഭാവി ഇരുട്ടിലാക്കുന്ന ഇത്തരം നടപടികൾക്കെതിരെ ജാഗ്രതയോടെയുള്ള പ്രതിരോധങ്ങൾ ഉയരേണ്ടതുണ്ട്.
kerala
പരീക്ഷാ ക്രമക്കേട്: ധര്‍മേന്ദ്ര പ്രധാന് രാജിവക്കുക ; മുസ്ലിം യൂത്ത് ലീഗ് ദേശവ്യാപക പ്രതിഷേധം ഇന്ന്
ഡല്‍ഹി, യു.പി, മഹാരാഷ്ട്ര, ബീഹാര്‍, കര്‍ണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് യൂത്ത് ലീഗ് പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കും.
കോഴിക്കോട്: നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിക്ഷേധിക്കുന്ന വിദ്യാര്‍ത്ഥികളെയും എം.പിമാര്‍ അടക്കമുള്ള ജനപ്രതിനിധികളെയും ആക്രമിക്കുന്ന ഡല്‍ഹി പോലീസ് നടപടി അവസാനിപ്പിക്കുക, നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജി വക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ന് രാജ്യ വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സര്‍ഫറാസ് അഹ്മദ്, ജനറല്‍ സെക്രട്ടറി ടി.പി അഷ്റഫലി എം.എല്‍.എ എന്നിവര്‍ അറിയിച്ചു. ഡല്‍ഹി, യു.പി, മഹാരാഷ്ട്ര, ബീഹാര്‍, കര്‍ണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് യൂത്ത് ലീഗ് പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കും.
രാജ്യത്തെ ചെറുപ്പക്കാരുടെ ഭാവി തകര്‍ക്കുന്ന രൂപത്തില്‍ 20 ലധികം കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ച നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള പരീക്ഷ ആട്ടിമറികള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തെ കാണേണ്ടത്. വിദ്യാര്‍ത്ഥികളെയും അവരോടു ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിയ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളെയും ക്രൂരമായിട്ടാണ് ഡല്‍ഹി പോലീസ് ആക്രമിച്ചത്. ഈ ചോരക്കളി അങ്ങേയറ്റം ജനധിപത്യ വിരുദ്ധമാണ്.
ഡല്‍ഹി ആദ്യമായല്ല സമരങ്ങള്‍ കാണുന്നത്. ജനകീയ പ്രശ്നങ്ങള്‍ ഉന്നയിച്ചു നടക്കുന്ന സമരങ്ങളെ ചര്‍ച്ചകള്‍ നടത്തി പരിഹരിക്കുക എന്നത് എല്ലാ കാലത്തും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മനോഹര കാഴ്ച ആയിരുന്നു.ലോക്പാല്‍ സമരത്തെ അന്നത്തെ മന്മോഹന് സര്‍ക്കാര്‍ കൈകാര്യം ചെയ്ത മാതൃക ഇപ്പോഴത്തെ ഭരണകൂടം ഓര്‍ക്കണം. സമരക്കാരോട് ചര്‍ച്ചക്ക് പോലും തയ്യാറാകാതെ അടിച്ചമര്‍ത്തിക്കളയാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ സമരം കൂടുതല്‍ കരുത്തു നേടുകയാണ് ചെയ്യുക എന്ന് നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരം മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളോട് യൂത്ത് ലീഗ് പൂര്‍ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്.നാളെ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങാന്‍ മുഴുവന്‍ സംസ്ഥാന കമ്മിറ്റികളോടും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
main stories
എന്തുസംഭവിച്ചാലും ലക്ഷ്യം നേടുന്നതുവരെ നമ്മള് മുന്നോട്ട്; ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്കെ
ഈ പ്രതിഷേധം വളരുക തന്നെ ചെയ്യും. ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തത്.
ജന്തര്‍ മന്തറില്‍ നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ആശുപുത്രിയിലേക്ക് മാറ്റിപിന്നാലെ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്കെ. എന്തുസംഭവിച്ചാലും ലക്ഷ്യം നേടുന്നതുവരെ നമ്മള് പിന്നോട്ട് പോവരുത്. ഈ പ്രതിഷേധം വളരുക തന്നെ ചെയ്യും. ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തത്. എല്ലാവരും ജന്തര്‍ മന്തറിലേക്ക് വരണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. നമ്മുടെ സമരം ഇവിടെ നിന്ന് തുടരും.’ ജൂലൈ 20ന് നിശ്ചയിച്ച പ്രതിഷേധ മാര്‍ച്ച് നടക്കുമെന്നും ദീപ്കെ അറിയിച്ചു.
അഭിജീത് സമരവേദിയില്‍ ഇല്ലാതിരുന്ന സമയമായിരുന്നു പൊലീസ് നടപടി ഉണ്ടായത്. പുലര്‍ച്ചെ സമര വേദിയിലേക്ക് ഇരച്ചെത്തിയ പൊലീസ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്തര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അഭിജിത് ദീപ്കെ വീട്ടു തടങ്കലില്‍ എന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. താമസ സ്ഥലത്ത് പോലീസ് തടഞ്ഞു വെച്ചിരിക്കുന്നു എന്നായിരുന്നു വിശദീകരണം. എന്നാല്‍ സോനത്തിന്റെ അറസ്റ്റിന് ശേഷം ജന്തര്‍ മന്തറില്‍ തിരികെ എത്തിയ അഭിജീത് സമരം പുനരാരംഭിക്കുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം സോനം വാങ്ചുക്കിന് ചികിത്സ ആവശ്യമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് ഡോക്ടര്‍മാരുടെ സംഘം പറയുന്നത്. കോടതി നിര്‍ദേശ പ്രകാരമായിരുന്നു സോനത്തിന് ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചത്.
ജന്തര്‍ മന്തറില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി ഉണ്ടായത്. സോനം വാങ്ചുക്ക് കസ്റ്റഡിയില്‍ ആയപ്പോള്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് സേവനം ഇപ്പോള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്നവര്‍ ജന്തര്‍ മന്തര്‍ എത്രയും വേഗം ഒഴിയണമെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സമാധാനപരമായി എത്രയും വേഗം പിരിഞ്ഞു പോകണമെന്നാണ് ന്യൂ ഡല്‍ഹി ഡിസിപി അറിയിച്ചിരിക്കുന്നത്.
main stories
ചേലക്കാട് ഉസ്താദ്: ഓര്‍മ്മകളില്‍ പെയ്യുന്ന സ്നേഹസുഗന്ധം
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നതനായ പണ്ഡിതനും ട്രഷററുമായിരുന്ന ചേലക്കാട് മുഹമ്മദ് മുസ്ല്യാരുടെ വിയോഗത്തിന്റെ നാലാം ആണ്ടില്‍ അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ഹൃദയം വൈകാരികമാകുന്നുണ്ട്. വിജ്ഞാനത്തിന്റെ ജ്വാലയായും ലാളിത്യത്തിന്റെ പ്രതീകമായും കേരളത്തിലെ വിശ്വാസി സമൂഹത്തിന് വഴികാട്ടിയായ ആ പുണ്യപുരുഷന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെ മാത്രമേ നില്ക്കാന് സാധിക്കൂ.
കെ. സൈനുല്‍ ആബിദീന്‍
മരണത്തിന്റെ തണുത്ത കാറ്റ് വീശിയടിക്കുമ്പോഴാണ് പല മനുഷ്യരും നമ്മുടെ ജീവിതത്തില്‍ എത്രത്തോളം ആഴത്തിലാണ് വേരൂന്നിയിരുന്നതെന്ന് നാം തിരിച്ചറിയുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നതനായ പണ്ഡിതനും ട്രഷററുമായിരുന്ന ചേലക്കാട് മുഹമ്മദ് മുസ്ല്യാരുടെ വിയോഗത്തിന്റെ നാലാം ആണ്ടില്‍ അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ഹൃദയം വൈകാരികമാകുന്നുണ്ട്. വിജ്ഞാനത്തിന്റെ ജ്വാലയായും ലാളിത്യത്തിന്റെ പ്രതീകമായും കേരളത്തിലെ വിശ്വാസി സമൂഹത്തിന് വഴികാട്ടിയായ ആ പുണ്യപുരുഷന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെ മാത്രമേ നില്ക്കാന് സാധിക്കൂ. ഈയുള്ളവന് ചേലക്കാട് ഉസ്താദുമായി ഉണ്ടായിരുന്നത്, ജീവിതത്തിലെ മിക്ക കാര്യങ്ങളിലും ഇടപെട്ടിരുന്ന പിതൃതുല്യമായ ഒരു ദീര്‍ഘകാല ബന്ധമായിരുന്നു. എന്റെ വ്യക്തിജീവിതത്തിലും കുടുംബത്തിലും ബിസിനസ്സിലുമൊക്കെ ചേലക്കാട് ഉസ്താദിന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ നിര്‍ണ്ണായകമായിരുന്നു.
പൊതുവെ സമസ്ത പണ്ഡിതന്മാരുമായും മഹത്തുക്കളുമായും ഒരു സ്നേഹബന്ധം സൂക്ഷിക്കാന്‍ എപ്പോഴും ഈ വിനീതന് ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചേലക്കാട് ഉസ്താദുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധത്തിന് സവിശേഷമായ ആഴമുണ്ടായിരുന്നു. പെരിങ്ങത്തൂരിനടുത്ത് പാനൂരിലാണ് ഈയുള്ളവന് താമസിക്കുന്നത്. അതിനോടടുത്ത പ്രദേശം തന്നെയായിരുന്നു ചേലക്കാടും.
ഞങ്ങളുടെ മത്തിപ്പറമ്പ് മഹല്ല് ജുമാഅത്ത് പള്ളിയിലെ എല്ലാ വിശേഷാവസരങ്ങളിലും ഉസ്താദിന്റെ സജീവ സാന്നിധ്യമുണ്ടാകുമായിരുന്നു. അത് പള്ളിയിലെ വാര്‍ഷിക പരിപാടികളോ, ജനറല്‍ ബോഡി യോഗങ്ങളോ, പ്രാര്‍ത്ഥനാ സദസ്സുകളോ എന്തുമായിക്കൊള്ളട്ടെ, അവിടെയെല്ലാം ഒരു കാരണവരെപ്പോലെ ഉസ്താദ് മുന്നിലുണ്ടാകും. ഞങ്ങളുടെ പ്രദേശത്തെ ജനങ്ങള്‍ക്ക് ആത്മീയമായ എന്ത് സംശയങ്ങള്‍ക്കോ പ്രശ്നങ്ങള്‍ക്കോ പരിഹാരം കാണാന്‍ ഉസ്താദിന്റെ ഒരു വാക്ക് മതിയായിരുന്നു.
ഞങ്ങളുടെയൊക്കെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹം ഒരു ശൈഖിനെ പോലെ ആത്മീയ ഗുരുസാന്നിധ്യമായി നിലകൊണ്ടു. എന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സന്തോഷവേളകളിലും ഒരു വലിയ ആശ്വാസമായി, കരുത്തായി ഉസ്താദ് കൂടെയുണ്ടായിരുന്നു. എന്റെ മാതാപിതാക്കളുടെയും ജ്യേഷ്ഠന്മാരുടെയും വിയോഗസമയങ്ങളിലും, കുടുംബത്തിലെ വിവാഹം ഉള്‍പ്പെടെയുള്ള മംഗളകര്‍മ്മങ്ങളിലും ഉസ്താദിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് തന്ന ആശ്വാസം വാക്കുകള്‍ക്ക് അപ്പുറമാണ്.
‘എന്ത് പ്രശ്നങ്ങളുണ്ടായാലും ഒരു രക്ഷിതാവിനെപ്പോലെ അദ്ദേഹം കൂടെയുണ്ടാകും. സ്നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞുതരും, ഉപദേശിക്കും.’
ഉസ്താദിനൊപ്പം ചെലവഴിച്ച ഓരോ നിമിഷവും വലിയ പഠനാനുഭവങ്ങളായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് യാത്ര ചെയ്യാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആ യാത്രകളിലെല്ലാം അദ്ദേഹം പറഞ്ഞുതന്ന അനുഭവങ്ങളും അറിവുകളും ഇന്നും എന്റെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. സമസ്തയുടെ പഴയകാല മഹത്തുക്കളായ പണ്ഡിതന്മാരുടെ ജീവിതത്തെക്കുറിച്ചും അവരുടെ സൂക്ഷ്മതയെക്കുറിച്ചും ഉസ്താദ് നിരന്തരം സംസാരിക്കുമായിരുന്നു.
കണ്ണിയത്ത് അഹമ്മദ് മുസ്ല്യാര്‍, ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാര്‍ തുടങ്ങിയ ഉന്നതരായ പണ്ഡിതന്മാരുടെ സൂക്ഷ്മതയും ജാഗ്രതയും നിറഞ്ഞ ജീവിതരീതികളെക്കുറിച്ച് ഉസ്താദ് വിവരിക്കുമ്പോള്‍ കേട്ടുനില്‍ക്കുന്നവരുടെ കണ്ണുകള്‍ നിറയും. അവര്‍ എങ്ങനെയാണ് ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങളിലും അല്ലാഹുവിനെ ഭയന്ന് ജീവിച്ചതെന്ന് ഉസ്താദ് പറഞ്ഞുതരുമായിരുന്നു. കുത്ബി തങ്ങളെക്കുറിച്ചും, അബ്ദുല്‍ റഹ്മാന് ബാഫഖി തങ്ങളെക്കുറിച്ചും പറയുമ്പോള്‍ ഉസ്താദിന് നൂറുനാവായിരുന്നു. സമസ്തയുടെ ചരിത്രവും പാരമ്പര്യവും അത്രമാത്രം ആഴത്തില്‍ മനസ്സിലാക്കി ജീവിതത്തോട് ചേര്‍ത്തുവെച്ച പണ്ഡിതനായിരുന്നു അദ്ദേഹം.
ഉസ്താദിന്റെ ആദ്യകാല ചരിത്രം പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കും. ചെറുപ്പകാലം മുതലേ അദ്ദേഹം സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സമസ്തയുടെ ഫത്വ കമ്മിറ്റിയിലാണ് ഉസ്താദ് തന്റെ ഔദ്യോഗിക സേവനങ്ങള്‍ സജീവമായി ആരംഭിക്കുന്നത്. തുടക്കത്തില്‍ അത്ര ശ്രദ്ധേയമായ പദവികളില്‍ അല്ലായിരുന്നെങ്കില്‍ പോലും, ഫത്വകള് തയ്യാറാക്കുന്നതിലും ശരീഅത്ത് വിധികള്‍ നിര്‍ണ്ണയിച്ചു നല്‍കുന്നതിലും മറ്റു ഉസ്താദുമാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിലും ചേലക്കാട് ഉസ്താദ്. വലിയ പങ്കുവഹിച്ചിരുന്നു.
വളരെ സാധാരണക്കാരായ ഒരു കുടുംബത്തിലാണ് ഉസ്താദ് ജനിച്ചതും വളര്‍ന്നതും. ഭൗതികമായ യാതൊരുവിധ ആഡംബരങ്ങളോടും അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. വലിയ വീടുകളോ സ്വന്തമായി വാഹനങ്ങളോ ആഗ്രഹിക്കാത്ത, തീര്‍ത്തും ലളിതമായ ജീവിതരീതിയായിരുന്നു അദ്ദേഹത്തിന്റേത്.
പ്രായത്തിന്റെ ബുദ്ധിമുട്ടുകളും കാലിനുണ്ടായിരുന്ന അസുഖങ്ങളും കാരണം യാത്ര ചെയ്യാന്‍ അദ്ദേഹം ഒരുപാട് പ്രയാസപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ യാത്രകളെ എളുപ്പമാക്കാന്‍ ഒരു വാഹനം ഹദിയയായി നല്കിയപ്പോള് കുട്ടികളെപ്പോലെ സന്തോഷിക്കുന്ന ഉസ്താദിനെയാണ് കാണാന്‍ സാധിച്ചത്. സ്വന്തം സുഖത്തിനപ്പുറം, ദീനീപരമായ ആവശ്യങ്ങള്‍ക്കും ജനങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാനും കൂടുതല്‍ വേഗത്തില്‍ എത്താന്‍ കഴിയുമല്ലോ എന്നതായിരുന്നു ആ സന്തോഷത്തിന് പിന്നില്‍. ആ വണ്ടി കിട്ടിയതിന് ശേഷം അദ്ദേഹത്തിന് വലിയ ഉഷാറായിരുന്നു. എവിടെ ദീനീസദസ്സുകളുണ്ടോ, ആര് ദുആക്കായി വിളിച്ചാലും അദ്ദേഹം അവിടെയെല്ലാം ഓടിയെത്തുമായിരുന്നു. മലബാറിലെ നിരവധി പ്രദേശങ്ങളില്‍ അദ്ദേഹം ഖാസിയായും ഖത്തീബായും ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രായത്തിന്റെ അവശതകള്‍ അലട്ടിയപ്പോഴും വിശ്രമിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
എന്റെ കുടുംബത്തിലെ എല്ലാവരുമായും ഉസ്താദിന് വലിയ ആത്മബന്ധമുണ്ടായിരുന്നു. എന്റെ അനിയന് കുഞ്ഞുമൂസയുമായും അദ്ദേഹം ഏറെ അടുത്തു. എന്റെ മക്കളുടെ പേരെടുത്ത് വിളിച്ച് അദ്ദേഹം വിശേഷങ്ങള്‍ അന്വേഷിക്കുമായിരുന്നു. എന്റെ ഭാര്യയോടും മക്കളോടും സംസാരിക്കുമ്പോള്‍ ഞങ്ങളുടെ കുടുംബത്തിലെ മൂത്ത ഒരു കാരണവരുടെ വാത്സല്യമാണ് ആ മുഖത്ത് പ്രകടമായിരുന്നത്. എന്റെ ഉമ്മയുടെ അവസാന കാലഘട്ടങ്ങളിലും ഉസ്താദിന്റെ സാന്നിധ്യവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു.
എന്റെ ഉപ്പയും സമസ്തയുടെ വലിയൊരു സ്നേഹിയായിരുന്നു. കുത്ബി മുഹമ്മദ് മുസ്ല്യാരുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഉപ്പ സജീവമായിന്നു. ഉപ്പയും കുത്ബിയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് ചേലക്കാട് ഉസ്താദ് എനിക്ക് പലപ്പോഴും പറഞ്ഞുതരുമായിരുന്നു. എന്റെ സമസ്തയുമാ യുള്ള ബന്ധം എന്റെ ഉപ്പയുടെ ആ ആത്മബന്ധത്തിന്റെ തുടര്‍ച്ചയായാണ് ഞാന്‍ മനസ്സിലാക്കുന്നത്.
വടകര താലൂക്കിലെയും പരിസര പ്രദേശങ്ങളിലെയും വിശ്വാസികള്‍ക്ക് ചേലക്കാട് ഉസ്താദ് എന്ന് പറഞ്ഞാല്‍ ജീവനായിരുന്നു. നമ്മുടെ നാട്ടില്‍ സമസ്തയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാകാത്തതാണ്. വടകരയിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഉസ്താദിനോട് അളവറ്റ ബഹുമാനവും സ്നേഹവുമായിരുന്നു. ഉസ്താദ് തിരിച്ചും അങ്ങനെയെന്നായിരുന്നു. എല്ലാവരെയും പേരെടുത്തു വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിക്കുന്ന ശീലമായിരുന്നു അവിടുത്തേത്. നാട്ടിലെ ഓരോ മഹല്ലുകളുമായും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു.
ഖത്തറിലേക്ക് രണ്ട് തവണ ഉസ്താദിനെ കൊണ്ടുവരാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. പൊതുവെ ദീര്‍ഘദൂര യാത്രകള്‍ ഇഷ്ടപ്പെടാത്ത ഉസ്താദ്, എന്റെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വരാന്‍ തയ്യാറായത്. ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് ഉസ്താദിന്റെ സന്ദര്‍ശനവും സദസ്സുകളും വലിയൊരു അനുഗ്രഹമായിരുന്നു.
ഒരു ചെറിയ ഓര്‍മ്മ കൂടി ഇവിടെ പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ യുവ പണ്ഡിതന്മാരെല്ലാം തുടക്കകാലം മുതലേ ‘തോപ്പ്’ (പണ്ഡിതന്മാര് ധരിക്കുന്ന പ്രത്യേക വസ്ത്രം) ധരിക്കാറുണ്ട്. എന്നാല്‍ പണ്ടുകാലത്ത് വലിയ ആലിമീങ്ങളും ശൈഖന്മാരുമായ മഹത്തുക്കള്‍ മാത്രമേ ഇത് ധരിച്ചിരുന്നുള്ളൂ. വസ്ത്രധാരണത്തില്‍ പോലും അത്രമേല്‍ സൂക്ഷ്മത അവര്‍ പുലര്‍ത്തിയിരുന്നു. ഉസ്താദിനോട് പലപ്പോഴും ഞാന്‍ തോപ്പ് ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ‘ഞാന്‍ അതിന് യോഗ്യനായിട്ടില്ല’ എന്ന് പറഞ്ഞ് അദ്ദേഹം സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു പതിവ്. മൂന്ന്. വസ്ത്രത്തിൽ കൂടുതൽ അദ്ദേഹം ഒരിക്കലും സൂക്ഷിച്ചിരുന്നില്ല. ഒരിക്കൽ ഒരു തോപ്പ് അധികമായി തൈപ്പിച്ചു നൽകിയപ്പോൾ അദ്ദേഹം ശാസിച്ചു. മൂന്ന് വസ്ത്രത്തിൽ കൂടുതൽ സൂക്ഷിക്കാറില്ലെന്നും അധികമായി എനിക്ക് തയ്പിക്കരുത് എന്നും പറഞ്ഞു. മക്കളായ കുഞ്ഞബ്ദുള്ള മാസ്റ്ററും ജലീൽ വാഫി യുമായും ഇന്നും നല്ല ബന്ധമാണ് ഈയുള്ളവൻ സൂക്ഷിക്കുന്നത്.
അതിനുശേഷമാണ് അദ്ദേഹം അത് സ്ഥിരമായി ധരിക്കാന്‍ തുടങ്ങിയതും ജീവിതത്തിന്റെ അവസാനം വരെ അത് നിലനിര്‍ത്തിയതും.
ചേലക്കാട് ഉസ്താദിനെക്കുറിച്ച് ധാരാളം ഓര്‍മ്മകളുണ്ട്. ഒരു വലിയ മഹാനായ പണ്ഡിതന്റെ നിഴലായി, അവിടുത്തെ സ്നേഹത്തണലില്‍ കുറഞ്ഞ കാലമെങ്കിലും ജീവിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ സൗഭാഗ്യവും അല്ലാഹു നല്കിയ തൗഫീഖുമായാണ് കാണുന്നത്.
ആത്മീയതയുടെ ആ വലിയ സൂര്യന് അസ്തമിച്ചിട്ട് നാല് ആണ്ടുകള്‍ പൂര്‍ത്തിയാവുന്നു. അല്ലാഹു ഉസ്താദിന്റെ പരലോക ജീവിതം ധന്യമാക്കട്ടെ, ആമീന്‍.
-
News3 days agoജോണ്സണ് ടാല്‍കം പൗഡര്‍ കേസ്: 5.5 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരത്തിന് ഒത്തുതീര്‍പ്പ്
-
Health1 day agoവാതം പ്രായമായവരുടെ മാത്രം അസുഖമല്ല; കുട്ടികളിലെ സന്ധിവാതത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
-
india3 hours agoസോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മോദിയെ അപമാനിച്ചെന്നാരോപിച്ച് മെറ്റ ഇന്ത്യന്‍ മേധാവിക്കെതിരെ കേസെടുത്ത് പൊലീസ്
-
india12 mins agoകെട്ടിടങ്ങളും ബസ്സുകളും പാലങ്ങളുമെല്ലാം കാവിമയമാക്കുന്ന ബിജെപി സര്‍ക്കാര്‍, ഇപ്പോള്‍ അത് ദേശീയ ഹോക്കി ടീമിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്; നവീന്‍ പട്നായിക്

