53 കോടി ഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍ വെബ്‌സൈറ്റുകളില്‍ വില്‍പ്പനക്ക് വെച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാല്‍, ഏറ്റവും വലിയ പ്രഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്നിനും അതുപോലൊരു പണി കിട്ടിയതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

500 മില്യണ്‍ (50 കോടി) ലിങ്ക്ഡ്ഇന്‍ യൂസര്‍മാരുടെ വിവരങ്ങളാണ് ഹാക്കര്‍ ഫോറത്തില്‍ വില്‍പ്പനയ്ക്കുള്ളത്. സൈബര്‍ ന്യൂസ് എന്ന വെബ് പോര്‍ട്ടലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ലിങ്ക്ഡ്ഇന്‍ ഐഡികള്‍, പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ലിംഗഭേദ വിവരങ്ങള്‍, ലിങ്ക്ഡ്ഇനിലേക്കും മറ്റ് സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലേക്കുമുള്ള ലിങ്കുകള്‍, പ്രൊഫഷണല്‍ ശീര്‍ഷകങ്ങള്‍ എന്നിവ ലീക്കായ വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. നാലക്കമുള്ള സംഖ്യക്കാണ് ഹാക്കര്‍മാര്‍ ഡാറ്റ വില്‍ക്കുന്നത്.

അതേസമയം സംഭവത്തില്‍ ലിങ്ക്ഡ്ഇന്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്. തങ്ങളുടെ യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആര്‍ക്കും കാണാവുന്ന മെമ്പര്‍ പ്രൊഫൈല്‍ ഡാറ്റ മാത്രമാണ് ഹാക്കര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും അവര്‍ വിശദീകരിച്ചു. സ്വകാര്യ അംഗങ്ങളുടെ വിവരങ്ങളൊന്നും തന്നെ ഹാക്കര്‍മാര്‍ പുറത്തുവിട്ട ഡാറ്റയില്‍ പെട്ടിട്ടില്ലെന്നും മൈക്രോസോഫ്റ്റിന് കീഴിലുള്ള കമ്പനി കൂട്ടിച്ചേര്‍ത്തു.