ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തി. രാജസ്ഥാനിലെ ആള്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ അടിച്ചു കൊന്ന സംഭവത്തില്‍ പ്രതികരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ന്യായീകരണവുമായി രംഗത്തെത്തിയത്. മോദിയുടെ പ്രശസ്തി വര്‍ധിക്കുന്നതിന്റെ പ്രതിഫലനമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രശസ്തി കൂടുന്നതിനനുസരിച്ച് ഇത്തരം കൊലപാതകങ്ങളും വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് അവാര്‍ഡ് വാപസി ആയിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇത് ആള്‍ക്കൂട്ട കൊലപാതകമായി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് മറ്റു പലതുമാകും. മോദി നയങ്ങള്‍ കൊണ്ടുവരികയും അത് നടപ്പിലാക്കുകയും ചെയ്യുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ കാണാനാവും. അതിന്റെ ഭാഗമാണ് ഇത്തരം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍.

ആള്‍വാറില്‍ കഴിഞ്ഞ ദിവസമാണ് പശുവിനെ കടത്തിയെന്നാരോപിച്ച് അക്ബര്‍ ഖാന്‍ എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഹരിയാനയിലെ കൊല്‍ഗാവ് സ്വദേശിയായ അക്ബര്‍ ഖാനെ ആള്‍വാറിലെ ലാലാവന്‍ഡി പ്രദേശത്ത് രണ്ട് പശുക്കളുമായി കണ്ടതാണ് ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു.