കോഴിക്കോട്: പുനര്‍ജനി വിവാദത്തില്‍ മണപ്പാട് ഫൗണ്ടേഷനെതിരെയും സിഇഒ അമീര്‍ അഹമ്മദിനെതിരെയും സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്ത വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍, ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് അമീര്‍ അഹമ്മദ് വ്യക്തമാക്കി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
മണപ്പാട് ഫൗണ്ടേഷന്‍ അക്കൗണ്ടുകളില്‍ സംശയാസ്പദ ഇടപാടുകള്‍ നടന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്നതാണ് ശിപാര്‍ശ.
എന്നാല്‍ ആരോപണങ്ങള്‍ അമീര്‍ അഹമ്മദ് ശക്തമായി നിഷേധിച്ചു. 1993 മുതല്‍ രജിസ്റ്റര്‍ ചെയ്ത ഒരു എന്‍ജിഒയാണ് മണപ്പാട് ഫൗണ്ടേഷന്‍ എന്നും, ഫൗണ്ടേഷനിന് എഫ്സിആര്‍എ അംഗീകാരം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വര്‍ഷവും റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നുണ്ടെന്നും വ്യക്തമായ കണക്കുകളുണ്ടെന്നും അമീര്‍ അഹമ്മദ് പറഞ്ഞു.
”വിജിലന്‍സ് എന്നെ രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്. യാതൊരു അപാകതയും ഇല്ലെന്ന കാര്യം അവര്‍ക്കും ബോധ്യപ്പെട്ടതാണ്. സാമൂഹ്യപ്രതിബദ്ധതയോടെ നല്ല പദ്ധതികള്‍ ഏറ്റെടുക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലേക്കാണ് ഇത്തരം നടപടികള്‍ പോകുന്നത്. ഇതിന്റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കാന്‍ താല്‍പര്യമില്ല,” അദ്ദേഹം പറഞ്ഞു.
2023ല്‍ കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം മണപ്പാട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ പുതുക്കിയതായും അമീര്‍ അഹമ്മദ് ചൂണ്ടിക്കാട്ടി. ”അപാകതകളുണ്ടായിരുന്നെങ്കില്‍ എഫ്സിആര്‍എ പുതുക്കില്ലായിരുന്നു. നിരവധി അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന കാലത്താണ് ഞങ്ങള്‍ക്ക് പുതുക്കല്‍ ലഭിച്ചത്. കാരണം ഞങ്ങള്‍ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. ഒളിക്കാനൊന്നുമില്ല. ഏത് അന്വേഷണവും നേരിടാന്‍ മണപ്പാട് ഫൗണ്ടേഷന്‍ തയ്യാറാണ്. പല പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങളുടെ സ്വന്തം കയ്യില്‍ നിന്നു പോലും പണം ചെലവഴിച്ചിട്ടുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.