ന്യൂയോര്‍ക്ക്: ശമ്പളവര്‍ധനയും തൊഴില്‍ സുരക്ഷയും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ ആയിരക്കണക്കിന് നഴ്സുമാര്‍ പണിമുടക്കി തെരുവിലിറങ്ങി. നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളായ മൗണ്ട് സിനായ്, മോണ്ടെഫിയോര്‍, ന്യൂയോര്‍ക്ക്‌പ്രെസ്ബിറ്റീരിയന്‍ ആശുപത്രികളിലെ നഴ്സുമാരാണ് സമരത്തില്‍ അണിനിരന്നത്. മാസങ്ങളായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് നഗരചരിത്രത്തിലെ ഏറ്റവും വലിയ നഴ്സുമാരുടെ പണിമുടക്കിലേക്ക് നീങ്ങിയത്.
പുതിയ മേയര്‍ സൊഹ്‌റാന്‍ മംദാനിയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലിയില്‍ പങ്കെടുത്തു. ഏകദേശം 15,000 നഴ്സുമാര്‍ അണിനിരന്ന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു. ന്യൂയോര്‍ക്ക്‌പ്രെസ്ബിറ്റീരിയന്‍ ആശുപത്രിക്ക് മുന്നില്‍ ചുവന്ന യൂനിയന്‍ സ്‌കാര്‍ഫ് ധരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ”നഗരത്തിന്റെ ഏറ്റവും ഇരുണ്ട സമയങ്ങളില്‍ പോലും ജോലിക്കെത്തുന്നവരാണ് നഴ്സുമാര്‍. അവരുടെ സേവനത്തിന്റെ മൂല്യം ചര്‍ച്ച ചെയ്ത് അളക്കാനാവുന്നതല്ല,” എന്നും മംദാനി പറഞ്ഞു. ഇത് വെറുമൊരു തൊഴില്‍ സമരമല്ല, നഗരത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാകണം എന്ന ചോദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ അതിസമ്പന്നമായ സ്വകാര്യ ആശുപത്രികള്‍ സാമ്പത്തിക പ്രതിസന്ധിയിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മംദാനിയുടെ പ്രസംഗം തൊഴിലാളികള്‍ കരഘോഷങ്ങളോടെ സ്വാഗതം ചെയ്തു.
സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യം, തുച്ഛമായ വേതനം, ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളുടെ കുറവ്, നിയന്ത്രിക്കാനാവാത്ത ജോലിഭാരം എന്നിവയാണ് സമരത്തിന് കാരണമായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് നഴ്സസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്. നഗരത്തിലെ ഏറ്റവും സമ്പന്നമായ ആശുപത്രികളിലെ മാനേജ്മെന്റുകള്‍ നഴ്സുമാരുടെ ആരോഗ്യ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയോ വന്‍തോതില്‍ വെട്ടിക്കുറക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും അസോസിയേഷന്‍ ആരോപിച്ചു.
ഈ ആശുപത്രികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ദശലക്ഷക്കണക്കിന് ഡോളര്‍ ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന വേതനം അത്യന്തം കുറവാണെന്നും, സുരക്ഷിത സ്റ്റാഫ് മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ ആശുപത്രി ഭരണകൂടങ്ങള്‍ ശ്രമിക്കുന്നുവെന്നും യൂനിയന്‍ വ്യക്തമാക്കി.