News

പ്രാവുകള്‍ക്ക് തീറ്റ നല്‍കിയതിന് മുംബൈ നിവാസിക്ക് 5000 രൂപ പിഴ

By webdesk17

December 26, 2025

മുംബൈ: പൊതു സ്ഥലത്ത് പ്രാവുകള്‍ക്ക് തീറ്റ നല്‍കിയതിന് മുംബൈയിലെ വ്യവസായിക്കെതിരെ കോടതി നടപടി. ദാദര്‍ നിവാസിയായ നിതിന്‍ ഷെത്തിന് (52) 5000 രൂപ പിഴ അടയ്ക്കാന്‍ ബാന്ദ്ര അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

മുംബൈയിലെ മാഹിം പ്രദേശത്ത് നിരോധനം ഏര്‍പ്പെടുത്തിയ കബൂത്തര്‍ഖാനയില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കിയതിനായിരുന്നു ഓഗസ്റ്റ് 1ന് നിതിന്‍ ഷെത്ത് അറസ്റ്റിലായത്. കേസ് കോടതിയിലെത്തിയപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ശിക്ഷയില്‍ ഇളവ് തേടുകയും ചെയ്തു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി പിഴ ശിക്ഷ വിധിച്ചത്.

പൊതു ഇടങ്ങളില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയാക്കുമെന്നും, ഇത് അശ്രദ്ധാപരമായ പ്രവര്‍ത്തനമാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതിനും, പൊതുജനങ്ങളുടെ ജീവനും ആരോഗ്യത്തിനും അപകടകരമായ രോഗങ്ങള്‍ പടരാന്‍ സാധ്യത സൃഷ്ടിച്ചതിനുമാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി.

കബൂത്തര്‍ ഖാനകള്‍ പൊതുശല്യമാണെന്നും ആരോഗ്യഭീഷണി ഉയര്‍ത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇത്തരം സംവിധാനങ്ങള്‍ നിരോധിച്ച ഉത്തരവ് അടുത്തിടെ പ്രാബല്യത്തില്‍ വന്നിരുന്നു. ഈ ഉത്തരവ് നിലവില്‍ വന്നതിന് പിന്നാലെയാണ് കോടതി നടപടി.