News

യു.എസ് വെനസ്വേല അധിനിവേശത്തിന് പിന്നാലെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം

By sreenitha

January 04, 2026

സിയോൾ: യു.എസ് വെനസ്വേലയിൽ സൈനികമായി ഇടപെട്ടതിനു പിന്നാലെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. 2026ലെ ആദ്യ മിസൈൽ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തിയിരിക്കുന്നത്. ചൈനയുമായി ദക്ഷിണകൊറിയൻ പ്രസിഡന്റ് ചർച്ച നടത്താനിരിക്കെയാണ് പരീക്ഷണമെന്നത് ശ്രദ്ധേയമാണ്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നിന്ന് പ്രാദേശിക സമയം രാവിലെ 7.50ഓടെയായിരുന്നു മിസൈൽ വിക്ഷേപണം.

തൊടുത്ത മിസൈൽ ഏകദേശം 900 കിലോമീറ്റർ സഞ്ചരിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ദക്ഷിണകൊറിയയും യു.എസ്ും പ്രതികരിച്ചു. മിസൈൽ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയ അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. മിസൈൽ പരീക്ഷണം നടന്നതായി ജപ്പാനും സ്ഥിരീകരിച്ചു. നവംബറിന് ശേഷം ഇതാദ്യമായാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്.

ഇതിനിടെ, മാസങ്ങളായി തുടരുന്ന സമ്മർദങ്ങൾക്കും ഭീഷണികൾക്കുമൊടുവിൽ യു.എസ് സേന വെനസ്വേലയിൽ കടന്നുകയറിയിരുന്നു. തലസ്ഥാനമായ കറാക്കസിൽ വ്യോമാക്രമണം നടത്തിയ ശേഷം പകൽ വെളിച്ചത്തിൽ കരയാക്രമണം നടത്തിയ യു.എസ് സേന, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ബന്ദിയാക്കി കൊണ്ടുപോയതായാണ് റിപ്പോർട്ട്.

ഇരുവരെയും കാണാനില്ലെന്നും ജീവനോടെയുണ്ടെന്ന് തെളിയിക്കണമെന്നും വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവശ്യപ്പെട്ടു. സംഭവത്തെ സാമ്രാജ്യത്വ ആക്രമണമെന്നു വിശേഷിപ്പിച്ച വെനസ്വേല സർക്കാർ, ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. യു.എസ് ആക്രമണ ഭീഷണി തുടരുന്നതിനിടെ രാജ്യത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.