പാലക്കാട്: ധോണിയില്‍ മുണ്ടൂര്‍വേലിക്കാട് റോഡരികില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. റോഡരികില്‍ കത്തിക്കൊണ്ടിരുന്ന കാര്‍ കണ്ട നാട്ടുകാര്‍ ഉടന്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാര്‍ പൂര്‍ണമായി കത്തിനശിച്ചു.
മുണ്ടൂര്‍ വേലിക്കാട് സ്വദേശിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ കാറിനകത്ത് ആരാണ് ഉണ്ടായിരുന്നതെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തി വരികയാണ്.
ആത്മഹത്യയാണോ മറ്റേതെങ്കിലും കാരണമാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.