ഗസ്സ സിറ്റി: ദേര്‍ അല്‍ ബലായിലെ വീടിനു നേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്താന്‍ മണിക്കൂറുകളോളം വേണ്ടിവന്നു. കുഴിച്ച മാതാപിതാക്കളുടെ വാക്കുകള്‍ ഗസ്സയിലെ ദുരന്തത്തിന്റെ ഭീകരത തുറന്നുകാട്ടുന്നു. ”അവളെ കണ്ടെത്താന്‍ 15 മിനിറ്റിലധികം ചെലവഴിച്ചു. അവളുടെ കാലുകള്‍ ഒഴികെ മറ്റൊന്നും കണ്ടില്ല. എവിടെയാണ് വെടിനിര്‍ത്തല്‍? ഞങ്ങള്‍ സാധാരണക്കാരാണ്, ഞങ്ങള്‍ മരിക്കുകയാണ്” എന്നാണ് ആക്രമണത്തില്‍ മകള്‍ നഷ്ടപ്പെട്ട റാഫത്ത് അബു സമ്ര പറഞ്ഞത്. ആക്രമണം നടക്കുമ്പോള്‍ മകള്‍ ഒരു മുറിയില്‍ ഇരുന്ന് പഠിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം ഇസ്രാഈല്‍ സൈന്യം ദേര്‍ അല്‍ ബലായില്‍ രണ്ട് വീടുകള്‍ ബോംബിട്ട് തകര്‍ത്തതിനെ തുടര്‍ന്ന് 16 വയസ്സുള്ള ഒരു കുട്ടി ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേ ദിവസം ഗസ്സ മുനമ്പിലുടനീളമുള്ള വിവിധ ആക്രമണങ്ങളില്‍ കുറഞ്ഞത് നാല് പേര്‍ കൂടി കൊല്ലപ്പെട്ടു.
വടക്കന്‍ ഗസ്സയിലെ ബെയ്ത്ത് ലഹിയയിലെ അബു തമ്മാം സ്‌കൂളുകള്‍ക്ക് സമീപം ഇസ്രാഈലി ഡ്രോണ്‍ ബോംബ് വര്‍ഷിച്ചപ്പോള്‍ 10 വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. ഗുരുതരാവസ്ഥയില്‍ അല്‍ ഷിഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി അവിടെത്തന്നെ മരണപ്പെട്ടു. ഖാന്‍ യൂനിസിന് പടിഞ്ഞാറ് നടന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ ഒരു വയോധിക മരിക്കുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മൃതദേഹങ്ങള്‍ ആശുപത്രികളില്‍ എത്തിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടാണ് ഇസ്രാഈല്‍ ഗസ്സയില്‍ മാരക ആക്രമണം തുടരുന്നതെന്ന് ഹമാസ് ആരോപിച്ചു. ഒക്ടോബര്‍ 10ന് ശേഷം നടന്ന ആക്രമണങ്ങളില്‍ 463 പേര്‍ കൊല്ലപ്പെടുകയും 1,269 ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഗസ്സയ്ക്ക് പുറമേ വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ സൈനിക അതിക്രമങ്ങള്‍ തുടരുകയാണ്. റാമല്ലയ്ക്ക് സമീപമുള്ള അല്‍ മുഗയ്യിര്‍ ഗ്രാമത്തില്‍ 14 വയസ്സുള്ള ഫലസ്തീന്‍ ബാലന്‍ ഇസ്രായേലി വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് സാദ് നസാന്‍ എന്ന ബാലന് പുറകിലും നെഞ്ചിലും വെടിയേറ്റു. ഗ്രാമത്തില്‍ ഇസ്രായേല്‍ സൈന്യം പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് താമസക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം അല്‍ മുഗയ്യിറിലെ പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയ വിശ്വാസികള്‍ക്ക് നേരെ സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍വാതകവും പ്രയോഗിച്ച് ഇസ്രാഈല്‍ സൈന്യം ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.