പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്റെ റൊദ്ദം ജ്വല്ലറിയില്‍ എസ്‌ഐടി പരിശോധന നടത്തും. ശബരിമലയില്‍ നിന്നു കടത്തിക്കൊണ്ട് പോയ സ്വര്‍ണം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചായിരുന്നു വേര്‍തിരിച്ചെടുത്തത്. ഇത്തരത്തില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന ഗോവര്‍ദ്ധന് വിറ്റുവെന്ന് എസ്എഐടി കണ്ടെത്തിയിരുന്നു.
800 ഗ്രാമില്‍ അധികം സ്വര്‍ണം നേരത്തെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും എസ്ഐടി കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ തന്ത്രിയുടെ മൊഴിയിലും ഗോവര്‍ദ്ധന്റെ പങ്ക് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. സ്വര്‍ണ്ണക്കൊള്ള കേസിലെ പത്താംപ്രതി ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷയില്‍ പ്രത്യേക അന്വേഷണ സംഘത്തിനോട് കോടതി മറുപടി തേടി. മുപ്പതാം തീയതി ജാമ്യ ഹര്‍ജി പരിഗണിക്കും. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കോടതി പറഞ്ഞാല്‍ അന്വേഷിക്കാന്‍ തയാറെന്ന് സിബിഐ അറിയിച്ചു.