മുംബൈ : കര്‍ഷകസമരം അക്രമാസക്തമാകാന്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നതായി ശിവസേന. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ കര്‍ഷകറാലിയില്‍ അരങ്ങേറിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ശിവസേന മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് ഈ ആരോപണം.

കര്‍ഷകരുടെ പ്രക്ഷോഭം 60 ദിവസത്തിലേറെയായി സമാധാനപരമായി നീങ്ങുകയായിരുന്നു. അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നില്ല. അവര്‍ക്ക് ക്ഷമ നശിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, ഇതു രണ്ടും കേന്ദ്ര സര്‍ക്കാരിനു ദഹിച്ചിരുന്നില്ല. കേന്ദ്രം ആഗ്രഹിച്ചത് റിപ്പബ്ലിക് ദിനത്തില്‍ സംഭവിച്ചു.

ആ സംഭവ വികാസങ്ങള്‍ രാജ്യത്തിന്റെ പേരും മോശമാക്കി. സംഭവിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലേ? ബിജെപിയുമായി ബന്ധമുള്ള ദീപ് സിദ്ധു എന്നയാളാണ് കര്‍ഷകര്‍ക്കിടെ പ്രകോപനം സൃഷ്ടിച്ചത് മുഖപ്രസംഗത്തില്‍ ശിവസേന ചൂണ്ടിക്കാട്ടി.