News

സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനുള്ളില്‍ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഗുരുതര പിഴവ്

By webdesk17

January 17, 2026

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനിടെ പമ്പയിലെ ആശുപത്രിയില്‍ ലഭിച്ച ചികിത്സയില്‍ ഗുരുതര അനാസ്ഥ ഉണ്ടായെന്ന പരാതിയുമായി തീര്‍ത്ഥാടക. നെടുമ്പാശ്ശേരി സ്വദേശിനിയായ പ്രീതയാണ് കാലിലെ മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനുള്ളില്‍ വെച്ച് കെട്ടിയതായി ആരോപിച്ച് പരാതി നല്‍കിയത്.

പന്തളത്ത് നിന്ന് തിരുവാഭരണഘോഷയാത്രയ്‌ക്കൊപ്പം പദയാത്രയായി പമ്പയിലെത്തിയ പ്രീതയ്ക്ക് കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്ന് പമ്പയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മുറിവ് ഡ്രസ് ചെയ്ത ശേഷം മടങ്ങുന്നതിനിടെയും വീണ്ടും ഡ്രസിംഗ് ആവശ്യമായതിനാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ ഏല്‍പ്പിച്ച ഒരു സഹായി ചികിത്സ ഏറ്റെടുത്തു.

ഇയാളുടെ പെരുമാറ്റത്തില്‍ പരിചയക്കുറവ് തോന്നിയതിനെ തുടര്‍ന്ന് നഴ്‌സാണോയെന്ന് ചോദിച്ചപ്പോള്‍ നഴ്‌സിംഗ് അസിസ്റ്റന്റാണെന്ന് മറുപടി ലഭിച്ചതായും പ്രീത പറയുന്നു. മുറിവിലെ തൊലി സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിച്ചതോടെ വേണ്ടെന്ന് പറഞ്ഞതായും, ബാന്‍ഡേജ് മതിയെന്നു അറിയിച്ചതായും പ്രീത വ്യക്തമാക്കി. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം മുറിവ് തുറന്ന് പരിശോധിച്ചപ്പോഴാണ് സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനുള്ളില്‍ തന്നെ വച്ചാണ് കെട്ടിയതെന്ന് കണ്ടെത്തിയത്.

സംഭവത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച പ്രീത പമ്പാ ആശുപത്രി അധികൃതര്‍ക്കെതിരെ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ഡിഎംഒ) പരാതി നല്‍കി. ചികിത്സയില്‍ ഉണ്ടായ ഗുരുതര അനാസ്ഥ അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.