X

സ്വാതന്ത്ര്യം വേണ്ട; തിബറ്റ് ആഗ്രഹിക്കുന്നത് ചൈനയോടൊപ്പം നില്‍ക്കാന്‍: ദലൈലാമ

ലാസ: തിബറ്റന്‍ വിഷയത്തില്‍ നിലപാട് മാറ്റി തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ചൈനയില്‍നിന്ന് തിബറ്റ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നും വലിയ വികസനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയോടൊപ്പം നില്‍ക്കാനാണ് തിബറ്റുകാര്‍ ആഗ്രഹിക്കുന്നതെന്നും ദലൈലാമ പറഞ്ഞു. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഭാവിയിലേക്കാണ് ഞങ്ങള്‍ ഉറ്റനോക്കുന്നത്. ഞങ്ങള്‍ ഒരിക്കലും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല. ചൈനയോടൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് കൂടുതല്‍ വികസനം വേണം’-ദലൈലാമ തുറന്നടിച്ചു.
ഇടക്കാലത്ത് പോരാടിച്ചിട്ടുണ്ടെങ്കിലും ചൈനയും തിബറ്റും തമ്മില്‍ ഉറ്റബന്ധമാണുള്ളത്. തിബറ്റന്‍ ജനതയുടെ സംസ്‌കാരവും പൈതൃകവും മാനിക്കാന്‍ ചൈന തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിബറ്റിന് വ്യത്യസ്ത സംസ്‌കാരവും ലിപിയുമുണ്ട്. ചൈനീസ് ജനത അവരുടെ രാജ്യത്തെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തേയും സ്‌നേഹിക്കുന്നു. ഏതാനും ദശകങ്ങളായി ചൈനയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. ചൈന ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തോടൊപ്പം ചേര്‍ന്നതു വഴി ചൈന മുമ്പത്തേതിനെ അപേക്ഷിച്ച് 40 ശതമാനം മുതല്‍ 50 ശതമാനം വരെ മാറിയിട്ടുണ്ട്. തിബറ്റന്‍ പീഠഭൂമിയെ സംരക്ഷിക്കുന്നതിന് തിബറ്റുകാര്‍ക്ക് മാത്രമല്ല, ലോകത്തെ കോടിക്കണക്കിന് മനുഷ്യര്‍ക്ക് ഗുണം ചെയ്യും-ദലൈലാമ അഭിപ്രായപ്പെട്ടു. ഇന്ത്യയും ചൈനയും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഹിന്ദി, ചീനി ഭായി ഭായി എന്ന മുദ്രാവാക്യമാണ് കഠിനമായ പദപ്രയോഗങ്ങള്‍ക്കു പകരം ഉപയോഗിക്കേണ്ടത്. ചൈനക്ക് ഇന്ത്യയെ വേണം. ഇന്ത്യക്ക് ചൈനയേയും. പരസ്പരം സഹായിച്ച് സമധാനപൂര്‍വം ജീവിക്കുകയല്ലാതെ ഇരുരാജ്യങ്ങള്‍ക്കും മറ്റു മാര്‍ഗമില്ല-അദ്ദേഹം വ്യക്തമാക്കി.
വിഘടനവാദിയായി മുദ്രകുത്തി ചൈന ദലൈലാമയെ അന്താരാഷ്ട്രത്തില്‍ ബഹിഷ്‌കരിച്ചുകൊണ്ടിരിക്കെ തിബറ്റന്‍ ആത്മീയ നേതാവിന്റെ പുതിയ നിലപാട് മാറ്റം ശ്രദ്ധേയമാണ്.

chandrika: