india

വളര്‍ത്തുനായയുടെ ഗുരുതര രോഗത്തില്‍ മനംനൊന്ത് രണ്ട് സഹോദരിമാര്‍ ജീവനൊടുക്കി

By webdesk18

December 25, 2025

ലഖ്‌നൗ: വളര്‍ത്തുനായയ്ക്ക് ഗുരുതര രോഗം ബാധിച്ച് അവശനിലയിലായതിനെ തുടര്‍ന്ന് മനംനൊന്ത് ഒരു കുടുംബത്തിലെ രണ്ട് യുവതികള്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ദാരുണമായ സംഭവം. സഹോദരിമാരായ രാധാ സിങ് (24), ജിയാ സിങ് (22) എന്നിവരാണ് ഫിനൈല്‍ കുടിച്ച് ജീവനൊടുക്കിയത്. ഇരുവര്‍ക്കും വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ലഖ്‌നൗവിലെ ദൗദ് മേഖലയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 2014 മുതല്‍ ഇരുവരും ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വളര്‍ത്തുനായയുടെ രോഗം ഭേദമാക്കാന്‍ വിവിധ സ്ഥലങ്ങളില്‍ ചികിത്സ നല്‍കിയിരുന്നുവെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടിരുന്നില്ല. നായ മരണവെപ്രാളം കാണിക്കുകയും വേദനയോടെ ഞെരങ്ങുകയും ചെയ്യുന്നത് ദിവസങ്ങളോളം കണ്ടതോടെ സഹോദരിമാര്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും പൊലീസും പറഞ്ഞു.

ബുധനാഴ്ച രാവിലെ അമ്മ ഗുലാബ് ദേവി ഇരുവരെയും സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് അയച്ചിരുന്നു. മടങ്ങിയെത്തിയ ശേഷം തങ്ങള്‍ ഫിനൈല്‍ കുടിച്ചതായി അവര്‍ അമ്മയോട് പറഞ്ഞു. ഉടന്‍ ഗുലാബ് ദേവിയും മകനും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും, എത്തിക്കുമ്പോള്‍ തന്നെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. അടിയന്തര ചികിത്സയ്ക്കിടെയാണ് രണ്ട് പേരുടെയും മരണം സംഭവിച്ചത്.