ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശ് ബിജെപി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സേംഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സിബിഐ. കേസില്‍ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം. നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് രാജ്യവ്യാപകമായി ആവശ്യമുയരുന്നതിനിടെയാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ നല്‍കിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും അതിജീവിത സന്ദര്‍ശിച്ച ശേഷമാണ് സി.ബി.ഐ തീരുമാനം. അതിജീവിതയുടെ കുടുംബം മുതിര്‍ന്ന അഭിഭാഷകന്റെ സേവനവും കേസ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിലേക്ക് മാറ്റണമെന്നുള്ള ആവശ്യവും ഉന്നയിച്ചു. കോടതിയില്‍ വിധി കേട്ട താന്‍ തകര്‍ന്നുപോയെന്നും ആത്മത്യ ചെയ്യണമെന്നാണ് തോന്നിയതെന്നും എന്നാല്‍ തന്നോടൊപ്പം നിന്ന മക്കളെയും കുടുംബാംഗങ്ങളെയും ഓര്‍ത്താണ് അത് ചെയ്യാതിരുന്നതെന്നും അതിജീവിത പറഞ്ഞിരുന്നു. കോടതിയുടെ ജാമ്യ ഉത്തരവിനെതിരെ ഇന്ത്യാ ഗേറ്റില്‍ അമ്മയോടൊപ്പം പ്രതിഷേധിച്ച തന്നെ നീക്കം ചെയ്ത പൊലീസിനെതിരെയും അവര്‍ പ്രതികരിച്ചു. ‘ബലാത്സംഗം ചെയ്യാന്‍ അനുമതി. കുറ്റവാളിക്ക് ജാമ്യത്തിന് അനുമതി. എന്നാല്‍ പ്രതിഷേധത്തിന് അനുമതിയില്ല. രാജ്യത്തിന്റെ പ്രസിഡന്റ് വനിതയാണ്. ഡല്‍ഹി മുഖ്യമന്ത്രി വനിതയാണ്’-താന്‍ നീതിക്കായി പെരുതുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.
2019ലാണ് സേംഗറെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്.