ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിസാ ഫ്രീ ട്രാൻസിറ്റ് അനുവദിച്ച് ജർമനി. ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി പ്രത്യേക ജർമൻ ട്രാൻസിറ്റ് വിസ എടുക്കേണ്ടതില്ല. ഇന്ത്യ–ജർമനി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്.
ജനുവരി 12 മുതൽ 13 വരെ നടക്കുന്ന ജർമൻ വൈസ് ചാൻസലർ ഫ്രൈഡ്റിച്ച് മെഴ്സിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇന്ത്യ–ജർമനി സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെഡറൽ ചാൻസലർ ആയ ശേഷം ഏഷ്യയിലേക്കുള്ള മെഴ്സിന്റെ ആദ്യ സന്ദർശനമാണിത്.
വിസാ ഫ്രീ ട്രാൻസിറ്റ് തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈസ് ചാൻസലർക്കു നന്ദി അറിയിച്ചു. വിദ്യാർഥികൾ, ഗവേഷകർ, വിദഗ്ദ തൊഴിലാളികൾ എന്നിവരുടെ പരസ്പര കൈമാറ്റം ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ സഹകരണ രൂപരേഖ രൂപപ്പെടുത്തുന്നതിനും ഇന്ത്യയും ജർമനിയും ധാരണയിലെത്തി.