തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി. എസ് അച്യുതാനന്ദന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. കവടിയാറുള്ള മകന്റെ വീട്ടിലേക്കാണ് വി.എസ് മാറിയത്. വൈകാതെ തന്നെ വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതല ഒഴിയുമെന്നാണ് വിവരം.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഔദ്യോഗിക വസതി ഒഴിയാനായിരുന്നു വിഎസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അന്ന് അതിന് സാധിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഔദ്യോഗിക വസതി ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്റെ ചുമതലകള്‍ വി. എസ് നിര്‍വഹിക്കുന്നുണ്ട്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ചുമതലകളില്‍ നിന്ന് ഒഴിയും.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി വി.എസ് പൊതുപരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇക്കാരങ്ങള്‍കൊണ്ട് ഇനിയും സ്ഥാനത്ത് തുടരേണ്ടതില്ല എന്നാണ് വി.എസിന്റെ നിലപാട്.