തിരുവനന്തപുരം: ജീവിച്ചിരിക്കുന്നവരെയും സ്ഥലത്തുള്ളവരെയും എസ്.ഐ.ആറിന്റെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞ് കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ പേര് വിവരങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ കമ്മീഷന് കൈമാറി. ബി.എല്‍.ഒമാരുടെ പിശക് മൂലം ഒഴിവാക്കപ്പെട്ടവരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗത്തില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചതിനാല്‍ ഇനി ഇവര്‍ക്ക് ഫോം 6 ഉം സത്യവാങ്മൂലവും സമര്‍പ്പിച്ചാല്‍ മാത്രമേ പട്ടികയില്‍ ഇടം പിടിക്കാനാകൂവെന്ന നിലപാടില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.ഖേല്‍ക്കര്‍ ഉറച്ചുനിന്നു. എസ്.ഐ.ആറിന്റെ കരട് പട്ടികയില്‍ ഉള്‍പ്പെടുക എന്നാല്‍ 2002 ലെ പട്ടികയുമായി മാപ്പ് ചെയ്യാന്‍ കഴിയാത്തവരുമായ വോട്ടര്‍മാരില്‍ രേഖകള്‍ ഹാജരാക്കുന്നവരെ ഹിയറിങ്ങില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നു. രേഖകള്‍ ബി.എല്‍.ഒമാര്‍ക്ക് നല്‍കുകയും ഇ.ആര്‍.ഒമാര്‍ക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ വി വേചനാധികാരം ഉപയോഗിച്ച് അവര്‍ക്ക് ഹിയറിങ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇതിന് മുഖ്യതിരഞ്ഞെ ടുപ്പ് ഓഫിസറുടെ മറുപടി. ഹിയറിങ്ങിനുള്ള നോട്ടീസ് ഏഴ് ദിവസം മുമ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 950 ജീവനക്കാരെ ഹിയറിങ്ങിനായി നിയോഗി ച്ചിട്ടുണ്ടെന്നും ദിവസം ഒരു ലക്ഷം പേരെ ഹിയറിങ്ങ് ചെയ്യാന്‍ കഴിയുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. കണ്ടെത്താനാകാത്തവരുടെ പട്ടികയിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്‌നമുണ്ടെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പേരു ഉറപ്പിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് രേഖയായി ചോദിക്കുന്നതിനെ മുസ്ലിംലീഗ് പ്രതിനിധി അഡ്വ.കണിയാപുരം ഹലിം എതിര്‍ത്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ചില മണ്ഡലങ്ങളില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചും വാടക വിടുകളിലും പേരു ചേര്‍ത്തത് ഇപ്പോള്‍ കാണാനില്ല. വ്യാജ വോട്ട് തടയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എം.കെ റഹ്‌മാന്‍(കോണ്‍ഗ്രസ്), എം.വിജയകുമാര്‍(സി.പി.എം), അഡ്വ കണിയാപുരം ഹലീം(മുസ്‌ലിം ലീഗ്), സത്യന്‍ മൊകേരി(സി.പി.ഐ.), മാത്യു ജോര്‍ജ്( കേരള കോണ്‍ഗ്രസ്), കെ.ആനന്ദകുമാര്‍(കേരള കോണ്‍ഗ്രസ് എം). പത്മകുമാര്‍(ബി.ജെ.പി), കെ.എസ്. സനല്‍ കുമാര്‍ (ആര്‍.എസ്.പി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു