kerala

നമ്മുടെ ഇന്റലിജന്‍സ് വിഭാഗം കാശിക്ക് പോയോ?; രൂക്ഷ വിമര്‍ശവുമായി നജീബ് കാന്തപുരം

By Test User

February 25, 2022

അതി ഭീകരമായി കേരളം മാറുകയാണെന്ന് മുസ്‌ലീം ലീഗ് എംഎല്‍എ നജീബ് കാന്തപുരം. തിരുവനന്തപുരം നഗരത്തില്‍ ഇന്ന് രാവിലെ നടന്ന അരുംകൊലയ്ക്ക് പിന്നാലെയാണ് നജീബിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം നിയമസഭയില്‍ ഇത്ര ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും ഗുണ്ടകളുടെ കൈകളില്‍ ഈ നാട് അമരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആരും എപ്പോഴും കൊല്ലപ്പെടാമെന്നും മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ മുറ്റത്താണ് പട്ടാപ്പകല്‍ മനുഷ്യനെ വെട്ടി നുറുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഇന്റലിജന്‍സ് വിഭാഗം കാശിക്ക് പോയോയെന്നും നജീബ് കാന്തപുരം ചോദിച്ചു.

അതേസമയം, ഇന്ന് രാവിലെ 8 മണിയോടെയാണ് തിരുവനന്തപുരം നഗരത്തില്‍ അരുംകൊല നടന്നത്. നഗരമധ്യത്തില്‍ പട്ടാപകല്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊല്ലുകയായിരുന്നു. തമ്പാനൂര്‍ സിറ്റി ടവര്‍ ഹോട്ടലിലാണ് സംഭവം നടന്നത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അയ്യപ്പന്‍ ആണ് മരിച്ചത്. ബൈക്കിലെത്തിയ ഒരു വ്യക്തി വെട്ടുകത്തി കൊണ്ടാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് സാക്ഷികള്‍ പറയുന്നു. കൊലപാതകത്തിനുശേഷം പ്രതി രക്ഷപ്പെട്ടിരുന്നു. ശേഷം  പ്രതി അജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.