ചെന്നൈ: ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച ആരംഭിച്ച 75-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ, വനിത ടീമുകൾ വിജയത്തോടെ കാമ്പയിൻ തുടങ്ങി. കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ വനിതകൾ ഗുജറാത്തിനെ 91–22 എന്ന ഏകപക്ഷീയ സ്കോറിന് തകർത്തപ്പോൾ, പുരുഷ ടീം പശ്ചിമ ബംഗാളിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 80–79ന് വിജയം നേടി.
പുരുഷന്മാരുടെ മത്സരത്തിൽ അവസാന സെക്കൻഡിൽ ആരോൺ ബ്ലെസ്സൺ നേടിയ നിർണായക രണ്ട് പോയന്റുകളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. സെജിൻ മാത്യു 23 പോയന്റുമായി ടോപ് സ്കോററായി; ജിഷ്ണു ജി. നായർ 15 പോയന്റും നേടി.
വനിതകളിൽ ജയലക്ഷ്മി 15 പോയന്റുമായി ടോപ് സ്കോററായി. അക്ഷയ ഫിലിപ്പും സൂസൻ ഫ്ലോറന്റീനയും 14 പോയന്റുകൾ വീതം നേടി. ആദ്യ മത്സരങ്ങളിലെ ശക്തമായ പ്രകടനത്തോടെ ഇരുടീമുകളും ടൂർണമെന്റിൽ ആത്മവിശ്വാസം നേടി മുന്നേറുകയാണ്.