Connect with us

Video Stories

ഡോ. ഡി. ബാബുപോള്‍ സി.എച്ചിന്റെ സ്വപ്‌നങ്ങളെ പിന്തുടര്‍ന്നൊരാള്‍

Published

on

ഡോ. എം.കെ മുനീര്‍

രാഷ്ട്ര തന്ത്രജ്ഞനായ പുരോഹിതന്‍ എന്ന വിശേഷണമാവും ഡോ. ഡി. ബാബുപോളിനെ വിശേഷിപ്പിക്കാന്‍ ഉചിതമായ പദം. ഐ.എ.എസ് നേടി സിവില്‍ സര്‍വ്വീസില്‍ എത്തിയിരുന്നില്ലെങ്കില്‍ താന്‍ സ്വന്തം പിതാവിനെ പോലെ ഒരു അച്ഛനോ, ഒരു പക്ഷേ ബിഷപ്പോ ആകുമായിരുന്നു എന്നാണ് ബാബുസാര്‍ പറയാറുണ്ടായിരുന്നത്. ബ്യൂറോക്രാറ്റ് എന്നതിനപ്പുറം കേരളീയ സമൂഹത്തിന്റെ അടിത്തട്ടിലൂടെ ഊളിയിടാനും യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറയാനും അദ്ദേഹത്തിനായി.
വിദ്യാര്‍ത്ഥിയായിരിക്കെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സി.എച്ച് മുഹമ്മദ് കോയയുടെ പ്രസംഗം കേള്‍ക്കാന്‍ പോയ കഥ പലപ്പോഴും അദ്ദേഹം അയവിറക്കാറുണ്ട്. വിമര്‍ശന ബുദ്ധിയോടെ പ്രസംഗം കേട്ട് അവസാനം ‘മുസ്‌ലിംലീഗ് സിന്ദാബാദ്’ എന്ന് സി.എച്ച് ഞങ്ങളെ ഏറ്റുവിളിപ്പിച്ചു എന്നാണ് അദ്ദേഹം പറയാറുണ്ടായിരുന്നത്.
പിന്നീട് ഐ.എ.എസ് നേടി അതേ സി.എച്ച് എന്ന മന്ത്രിയുടെ കീഴില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു അദ്ദേഹം. സി.എച്ചിന്റെ സ്വപ്‌നങ്ങളെ പിന്തുടര്‍ന്നൊരാള്‍ എന്നതാവും ശരി. അത്രയേറെ ഹൃദയ ബന്ധമായിരുന്നു അവര്‍ തമ്മില്‍. സി.എച്ചിന്റെ മകന്‍ എന്ന നിലയിലാണ് എന്നെ അദ്ദേഹം എന്നും കണ്ടത്. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അവസാന ശ്വാസം വരെ ആ ബന്ധം ദൃഢവും ആത്മാംശം നിറഞ്ഞതുമായി.
പിതൃതുല്യമായ സ്‌നേഹം സദാസമയം പകര്‍ന്നു നല്‍കിയ അതുല്യനായ ഒരു ഗുണകാംക്ഷിയെയാണ് ബാബുപോള്‍ സാറിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. എന്റെ പിതാവിനോട് ഏറ്റവും അടുത്ത് ഇടപഴകി പ്രവര്‍ത്തിച്ച ബഹുമുഖ പ്രതിഭയായ ബാബുപോള്‍ സാറിനെ ചെറുപ്പകാലം മുതല്‍ കാണുവാന്‍ എനിക്ക് അവസരമുണ്ടായി. തിരുവനന്തപുരത്തെ വീട്ടില്‍ നിത്യസന്ദര്‍ശകനായ ബാബുപോള്‍ സാറിന്റെ സ്‌നേഹവും ലാളനയും കുഞ്ഞുന്നാളിലെ മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണ്.
എന്റെ പിതാവിന്റെ വിയോഗത്തിന് ശേഷവും ആ സ്‌നേഹവും പരിഗണനയും അദ്ദേഹം തുടര്‍ന്നു. ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കുവാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട് എന്നത് ഇപ്പോള്‍ വളറെ സന്തോഷത്തോടെ ഓര്‍ക്കുന്നു.
സിവില്‍ സര്‍വ്വീസില്‍ ഇരുന്നുകൊണ്ട് ഒരാള്‍ക്ക് കേരളത്തിന്റെ പുരോഗതിയില്‍ എത്രമാത്രം ഇടപെടുവാന്‍ കഴിയുമെന്ന് തന്റെ പ്രവര്‍ത്തിയിലൂടെ തെളിയിച്ച ഉജ്ജ്വല വ്യക്തിത്വമായിരുന്നു ബാബുപോള്‍. ഇടുക്കി കലക്ടര്‍ പദവിയിലിരുന്ന് കേരളത്തിന് ഏറ്റവും അനിവാര്യമായിരുന്ന ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
വാഹന സൗകര്യമോ, നേരായ ഗതാഗത മാര്‍ഗമോ ഇല്ലാത്ത പദ്ധതി പ്രദേശത്ത് സാഹസികമായി എത്തിച്ചേരുകയും, പ്രാദേശികമായ എല്ലാ പ്രതിഷേധങ്ങളെയും ഭീഷണികളെയും തന്ത്രപരമായി അതിജീവിക്കുകയും ചെയ്തുകൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ഇടുക്കിയില്‍ അദ്ദേഹം പൂര്‍ത്തീകരിച്ചത്. സി. അച്ചുതമേനോന്‍ മുഖ്യമന്ത്രിയായ അന്നത്തെ മന്ത്രിസഭയില്‍ എന്റെ പിതാവും അംഗമായിരുന്നു.
മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നൊന്നായി പടുത്തുയര്‍ത്തുന്നതിനും പിതാവിനോടൊപ്പം ഒരു ചാലകശക്തിയായി അദ്ദേഹം നിലകൊണ്ടു. അടുത്ത കാലത്തായി നടത്തിയ തന്റെ പ്രസംഗങ്ങളിലെല്ലാം അദ്ദേഹം അക്കാര്യം എടുത്ത് പറയാറുണ്ടായിരുന്നു. ഇന്ന് കാണുന്ന കേരളത്തെയാണ് 1960കളില്‍ സി.എച്ച് സ്വപ്‌നം കണ്ടിരുന്നതെന്ന് അദ്ദേഹം നിരന്തരം പറയാറുണ്ട്.
വിദ്യാര്‍ത്ഥിനികള്‍ തിങ്ങിനിറഞ്ഞ പല സദസ്സുകളിലും അദ്ദേഹം ഈറനണിഞ്ഞുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവസരങ്ങള്‍ ഒരുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് തുടക്കത്തിലേ കൈകാര്യം ചെയ്തിരുന്ന പിതാവ് ചെയ്ത സേവനങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്ന നിമിഷങ്ങള്‍ക്ക് പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
അറിവിന്റെ അലകടല്‍ ഉള്ളില്‍ സൂക്ഷിക്കുകയും എന്നാല്‍ അത് ശാന്തമായും നര്‍മ്മത്തില്‍ ചാലിച്ചും അവതരിപ്പിക്കുകയും ചെയ്തിരുന്ന ബാബുപോളിന്റെ കഴിവ് അപാരമാണ്. ഏതൊരു വിഷയത്തിലായാലും അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹത്തിന് തന്റെ നിലപാടുകള്‍ ആര്‍ക്ക് മുമ്പിലും വെട്ടിത്തുറന്ന് പറയുവാനുള്ള ആര്‍ജ്ജവമുണ്ടായിരുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാത്രമല്ല, പൊതു പ്രവര്‍ത്തകര്‍ക്കും അദ്ദേഹം വലിയ മാതൃകയായി വര്‍ത്തിച്ചു. ഔദ്യോഗിക കാലഘട്ടത്തിലെ അനുഭവങ്ങള്‍ അദ്ദേഹം വിശദീകരിക്കാറുണ്ടായിരുന്നത് എന്നെപ്പോലുള്ളവര്‍ക്ക് ഉപകാരപ്രദമായിരുന്നു എന്നത് നന്ദിപൂര്‍വ്വം സ്മരിക്കട്ടെ.
പിതാവിനോടൊത്ത് ധാരാളമായി സഹവസിക്കുകയും ഭരണ രംഗത്ത് ഏറെ സഹായകമായി വര്‍ത്തിക്കുകയും ചെയ്ത പില്‍ക്കാലത്ത് ആ സ്‌നേഹം എനിക്ക് കൂടി പകര്‍ന്നു നല്‍കിയ ബാബുപോള്‍ സാര്‍ കൂടി കാലയവനികയിലേക്ക് മറയുമ്പോള്‍ ഒരു യുഗത്തിന് തിരശ്ശീല വീഴുകയാണ്.

Video Stories

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ മാറ്റങ്ങള്‍; സഞ്ജു തിരിച്ചെത്തി

ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത

Published

on

മുംബൈ: 2026ലെ ടി20 ലോകകപ്പിനും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിസിസിഐ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതോടൊപ്പം ടീമില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി.

സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായ ടീമില്‍ അക്‌സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ്മയെ ഒഴിവാക്കി, ഇഷാന്‍ കിഷനെ ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമില്‍ ഇടം നേടി. ഈ ടീമില്‍ സ്റ്റാന്‍ഡ്‌ബൈ അംഗങ്ങള്‍ ഇല്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗിച്ചതാണ് സഞ്ജുവിന് ടീമിലേക്ക് വഴി തുറന്നത്. ഗില്ലിന് പകരക്കാരനായി ഓപ്പണറായി ഇറങ്ങിയ സഞ്ജു 22 പന്തില്‍ നിന്ന് 37 റണ്‍സ് നേടി. ഈ പ്രകടനം അജിത് അഗാര്‍ക്കര്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടി. ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത.

ഇന്ത്യന്‍ ടീം (ടി20):

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍, റിങ്കു സിംഗ്.

Continue Reading

Video Stories

ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ച കലാകാരന്‍; ശ്രീനിവാസന് ആദരാഞ്ജലികള്‍

ലളിതമായ വാക്കുകളില്‍ വലിയ സത്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. “പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂര്‍വ്വം പ്രണാമം”

Published

on

കൊച്ചി: അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് മലയാള സിനിമാ ലോകം കണ്ണീരോടെ വിട നല്‍കി. ഹാസ്യവും സാമൂഹ്യ വിമര്‍ശനവും ചേര്‍ത്ത് മലയാളിക്ക് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചുതന്ന കലാകാരനാണ് ശ്രീനിവാസനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അനുസ്മരിച്ചു.

‘ ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടന്‍. ലളിതമായ വാക്കുകളില്‍ വലിയ സത്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂര്‍വ്വം പ്രണാമം ‘ എന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.

സംവിധായകന്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസനുമായുള്ള ആത്മബന്ധം ഓര്‍ത്തെടുത്തു. രണ്ടാഴ്ചയ്‌ക്കൊരിക്കല്‍ ശ്രീനിവാസെന്റ വീട്ടില്‍ എത്താറുണ്ടായിരുന്നുവെന്നും, കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വാക്കറിന്റെ സഹായത്തോടെ നടക്കുകയായിരുന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ‘ സന്ദേശം ‘ എന്ന സിനിമയുടെ ഇന്നത്തെ പ്രസക്തിയെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ സത്യന്‍ അന്തിക്കാട് വികാരാധീനനായി.

ഹാസ്യവും വിമര്‍ശനവും ചേര്‍ത്തു മലയാള സിനിമയ്ക്ക് പുതിയ ദിശ നല്‍കിയ ശ്രീനിവാസെന്റ വേര്‍പാട് മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് സഹപ്രവര്‍ത്തകരും ആരാധകരും പറയുന്നു.

Continue Reading

Health

എഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍

ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി

Published

on

ലണ്ടന്‍: ശ്വാസകോശ അര്‍ബുദം (ലങ് കാന്‍സര്‍) നേരത്തേ കണ്ടെത്താനും രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന ഐഎ അധിഷ്ഠിത രക്തപരിശോധന വികസിപ്പിച്ച് യുകെയിലെ ഗവേഷകര്‍. ‘ ലങ്കാന്‍സീക്ക് ‘ (LungCanSeek) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ഗവേഷകസംഘം വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റ് (UHNM), കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫ്യൂറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് (FT-IR) മൈക്രോസ്‌പെക്ട്രോസ്‌കോപ്പി എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് രക്തപരിശോധനയില്‍ ഉപയോഗിക്കുന്നത്.

ട്യൂമറില്‍ നിന്ന് വേര്‍പെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളെ (Circulating Tumor Cells-CTS) കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതികള്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. പലപ്പോഴും ഈ കോശങ്ങള്‍ രക്തത്തിലെത്തുമ്പോള്‍ ആകൃതിയിലും സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയാതെ പോകാറുണ്ട്. എന്നാല്‍ രക്തത്തിലെ ഓരോ കോശത്തിനും പ്രത്യേകം കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്നും, അത് തിരിച്ചറിയാനാണ് പുതിയ പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചു.

ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഐഎ ഉപയോഗിച്ച് ഈ ഡാറ്റ ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍, ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

1,814 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 1,095 പേര്‍ ശ്വാസകോശ അര്‍ബുദബാധിതരും 719 പേര്‍ കാന്‍സര്‍ ഇല്ലാത്തവരുമായിരുന്നു. ലങ്കാന്‍സീക്ക് പരിശോധനയില്‍ ഐഎ പോസിറ്റീവ് ആയി കണ്ടെത്തിയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്‌കാന്‍ (LDCT) ഉപയോഗിച്ച് സ്ഥിരീകരിച്ചു.

ഈ പുതിയ സമീപനം ഡോക്ടര്‍മാര്‍ക്ക് ശ്വാസകോശ അര്‍ബുദം തുടക്കഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്നും അതോടൊപ്പം അനാവശ്യ സ്‌കാനുകളും ചികിത്സാചെലവും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Continue Reading

Trending