Connect with us

kerala

റോഡപകടങ്ങളില്‍ 41 ശതമാനവും ഇരുചക്ര വാഹനയാത്രികര്‍; കൂടുതല്‍ അപകടം എറണാകുളത്ത്

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഉണ്ടായത് 1.86 ലക്ഷം വാഹന അപകടങ്ങള്‍.

Published

on

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഉണ്ടായത് 1.86 ലക്ഷം വാഹന അപകടങ്ങള്‍. ഇത്രയും അപകടങ്ങളിലായി 19,460 പേര്‍ മരിച്ചു. അപകടങ്ങള്‍ക്കിരയാവുന്ന 60.5 ശതമാനം പേരും യുവാക്കളാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മൊത്തം അപകടങ്ങളില്‍ 18നും 25നുമിടയില്‍ പ്രായമുള്ള 8,154 പേരാണ് ഇരയായത്. അപകടങ്ങള്‍ കൂടുതല്‍ എറണാകുളം ജില്ലയിലും മരണം കൂടുതല്‍ തിരുവനന്തപുരത്തുമാണ്. വയനാടാണ് അപകടങ്ങള്‍ ഏറ്റവും കുറവ്. 2018 മുതല്‍ 2022 വരെയുള്ള റോഡപകടങ്ങള്‍ സംബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റോഡപകടങ്ങളില്‍പ്പെടുന്നതില്‍ പകുതിയോളം ഇരുചക്ര വാഹനങ്ങളാണ്. 76,734 ഇരുചക്ര വാഹനങ്ങള്‍ ആണ് ഈ കാലയളവില്‍ അപകടത്തില്‍ പെട്ടത്. 7733 പേര്‍ ഇരു ചക്രവാഹനപകടങ്ങളില്‍ മരിച്ചു. രണ്ടാം സ്ഥാനത്ത് കാറപകടങ്ങളാണ്. 53,519 അപകടങ്ങളില്‍ 4,180 പേര്‍ മരിച്ചു. 2018-2022 കാലയളവില്‍ എറണാകും ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായത്. ആകെ അപകടങ്ങളുടെ 14.88 ശതമാനവും എറണാകുളത്താണ്. ഈ കാലയളവിലുണ്ടായ റോഡപകടങ്ങളില്‍ 9.89 ശതമാനം അപകടങ്ങളും ഒന്നോ അതിലധികമോ മരണങ്ങള്‍ക്ക് ഇടയാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് പത്ത് വീതം അപകടങ്ങളില്‍ ഒരാള്‍ മരിക്കുന്നു.

ആകെ അപകടങ്ങളില്‍ 41 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടുന്നതാണ്. 23 ശതമാനമാണ് ദേശീയപാതയിലെ അപകടങ്ങള്‍. 20 ശതമാനം അപകടങ്ങള്‍ സംസ്ഥാന പാതയിലും, 57 ശതമാനം അപകടങ്ങള്‍ ജില്ലാ-ഗ്രാമീണ മറോഡുകളിലും സംഭവിച്ചു. ഡിസംബര്‍, ജനുവരി മാസത്തിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നത്. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍, മഞ്ഞുകാലം എന്നിവയാണ് കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം താരതമ്യേന മഴക്കാലത്ത് അപകടങ്ങളുടെ തോത് കുറഞ്ഞെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2020ല്‍ മാത്രമാണ് റോഡപകടങ്ങളില്‍ വലിയ കുറവുണ്ടായത്.

2018 മുതല്‍ 2022 വരെയുള്ള അപകടങ്ങളുടെ കണക്ക്
(അപകടം, ഇരയായവര്‍, മരണം ക്രമത്തില്‍)

തിരുവനന്തപുരം 23524 28099 2411
കൊല്ലം 16366 18931 1999
പത്തനംതിട്ട 7238 9184 759
ആലപ്പുഴ 16230 20331 1693
കോട്ടയം 12993 15917 1272
ഇടുക്കി 5352 7084 451
എറണാകുളം 27590 31529 2197
തൃശൂര്‍ 20005 24692 1920
പാലക്കാട് 10914 13675 1643
മലപ്പുറം 11907 14727 1589
കോഴിക്കോട് 6115 19346 1620
വയനാട് 3102 4158 321
കണ്ണൂര്‍ 10524 14124 1077
കാസര്‍കോട് 4515 6206 516

kerala

വിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി

Published

on

കോഴിക്കോട്: കേരളത്തിന്റെ സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ സർക്കാർ കർശനമായി നിയന്ത്രിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരകർക്കെതിരെ മുൻ യു.ഡി.എഫ് സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ നിലവിലെ എൽ.ഡി.എഫ് സർക്കാർ ഇത്തരം പ്രവണതകൾക്ക് നേരെ മൗനം പാലിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
സമുദായത്തെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല മുസ്‌ലിംലീഗിനെ രാഷ്ട്രീയമായി വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അതിന്റെ മറവിൽ മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാ സമുദായങ്ങളെയും വിശ്വാസത്തിലെടുത്തും സൗഹാർദ്ദത്തിന് ഊന്നൽ നൽകിയുമാണ് ലീഗ് പ്രവർത്തിച്ചിട്ടുള്ളത്. സാമുദായിക നേതാക്കൾ സ്വന്തം വിഭാഗത്തിന് വേണ്ടി സംസാരിക്കുന്നത് വർഗീയതയല്ലെന്നും എന്നാൽ ഇതര സമുദായങ്ങൾക്കെതിരെ വിഷം ചീറ്റുന്നത് വർഗീയതയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ഇത്തരം വിദ്വേഷ പ്രചാരകരെ നിലക്കുനിർത്താൻ സർക്കാർ തയ്യാറാകണം.
പ്രതിപക്ഷ വേട്ടക്കെതിരെ പ്രതിഷേധം പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി പ്രതിച്ഛായ തകർക്കുന്ന ഫാസിസ്റ്റ് ശൈലിയാണ് കേരള സർക്കാർ പിന്തുടരുന്നത്. മുൻപ് അന്വേഷണ ഏജൻസികളും കോടതിയും തള്ളിയ കേസിൽ പ്രതിപക്ഷ നേതാവിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്ത നടപടി ലജ്ജാവഹമാണ്. കേന്ദ്ര ഏജൻസികൾ തങ്ങളെ വേട്ടയാടുന്നു എന്ന് പരാതിപ്പെടുന്നവർ തന്നെ കേന്ദ്ര ഏജൻസികളെ ഇങ്ങോട്ട് ക്ഷണിക്കുന്നത് വൈരുദ്ധ്യമാണ്. ഇത്തരം രാഷ്ട്രീയ പകപോക്കലുകളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും പാർട്ടി വ്യക്തമാക്കി.
രാജ്യാന്തര വിഷയങ്ങളിൽ ആശങ്ക വെനസ്വേലയിൽ നിക്കോളാസ് മഡുറോ സർക്കാറിനെ അട്ടിമറിച്ച അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണ്. വിയറ്റ്‌നാമിലും ഇറാഖിലും ഫലസ്തീനിലും കണ്ട അമേരിക്കൻ അധിനിവേശ താല്പര്യങ്ങൾ തന്നെയാണ് വെനസ്വേലയിലും പ്രകടമാകുന്നത്. ഈ അധിനിവേശത്തെ അപലപിക്കാതെ കേന്ദ്ര സർക്കാർ നയതന്ത്ര നാടകം കളിക്കുകയാണെന്നും യോഗം വിമർശിച്ചു.
അയൽരാജ്യമായ ബംഗ്ലാദേശിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അവിടുത്തെ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് പ്രമേയം ഓർമ്മിപ്പിച്ചു.
ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം നാണക്കേട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ദിനങ്ങളിൽ ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങൾ രാജ്യത്തിന് നാണക്കേടാണ്. ഭരണഘടനാപരമായ ആരാധനാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു.
Continue Reading

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.

Published

on

ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരുന്നത്. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.

തങ്ങളുടെ കാലയളവില്‍ നിക്ഷേപകര്‍ക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല, നയപരമായ കാര്യങ്ങളിലൊന്നും ഇടപല്‍ നടത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഹര്‍ജിക്കാരുടെ പങ്ക് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി

ശബരിമലയില്‍ നടന്നത് സമാനതകള്‍ ഇല്ലാത്ത കൊള്ളയെന്നു സുപ്രീം കോടതി പറഞ്ഞു.

Published

on

ഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി. ശബരിമലയില്‍ നടന്നത് സമാനതകള്‍ ഇല്ലാത്ത കൊള്ളയെന്നു സുപ്രീം കോടതി പറഞ്ഞു.

ഇതേവിഷയത്തില്‍ മറ്റൊരു ഹരജിയില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി ശങ്കരദാസ് ഹരജി നല്‍കിയത്. തന്റെ ഭാഗം കേള്‍ക്കാതെയാണെന്ന് പരാമര്‍ശമെന്ന് ശങ്കരദാസ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വര്‍ണക്കൊള്ളയില്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വലിയ ക്രമക്കേടാണ് നടന്നതെന്നും സുപ്രീം കോടതി അറിയിച്ചു. 2019ലെ ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസ്, എന്‍.വിജയകുമാര്‍ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവര്‍ക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും എന്നായിരുന്നു കോടതിയുടെ ചോദ്യം. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം നല്‍കി ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറാഴ്ച കൂടി സമയമാണ് ഡിവിഷന്‍ ബെഞ്ച് നീട്ടി നല്‍കിയത്. ഇന്ന് ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ചാണ് കൂടുതല്‍ സമയം വേണമെന്ന എസ്‌ഐടിയുടെ ആവശ്യം പരിഗണിച്ചത്. എസ്. ശശിധരന്‍ ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായി. അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടപടികള്‍. സ്വമേധയാ സ്വീകരിച്ച ഹരജി ഹൈക്കോടതി ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അന്ന് അന്വേഷണ പുരോഗതി സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് എസ്‌ഐടി കോടതിയില്‍ നല്‍കും.

 

 

Continue Reading

Trending