Connect with us

News

പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്, ഒരൊറ്റ പൂക്കാലം; ‘ സിക്കിം സുന്ദരി ‘യെ പരിചയപ്പെടുത്തി ആനന്ദ് മഹീന്ദ്ര

വര്‍ഷങ്ങള്‍ക്കുശേഷം ഏകദേശം രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സിക്കിം സുന്ദരി മനോഹരമായി പൂവിടുന്നു. എന്നാല്‍, ഒരിക്കല്‍ പൂവിട്ട് വിത്തുകള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ അതോടെ ഈ സസ്യം പൂര്‍ണമായി നശിച്ചുപോകും

Published

on

ന്യൂഡല്‍ഹി: പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നായ അപൂര്‍വ സസ്യമായ ‘ സിക്കിം സുന്ദരി ‘ (Sikkim Sundari)യെ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന് പരിചയപ്പെടുത്തി പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. ഹിമാലയന്‍ മലനിരകളില്‍ മാത്രം കാണപ്പെടുന്ന ഈ സസ്യത്തിന്റെ ദൃശ്യങ്ങള്‍ @@GoNorthEastIN പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്.

‘ ക്ഷമയുടെ മാസ്റ്റര്‍ക്ലാസ് ‘ (Masterclass in patience) എന്നാണ് ഈ സസ്യത്തെ മഹീന്ദ്ര വിശേഷിപ്പിച്ചത്. വര്‍ഷങ്ങളോളം, ചിലപ്പോള്‍ പതിറ്റാണ്ടുകളോളം മണ്ണിനടിയില്‍ ചെറിയ ഇലകളുടെ കൂട്ടമായി മാത്രം നിലനില്‍ക്കുന്ന ഈ ചെടി, ഒരിക്കല്‍ മാത്രം അതിശയകരമായി പൂവിടുകയും അതോടെ അതിന്റെ ജീവിതം അവസാനിക്കുകയും ചെയ്യുന്നു.

‘ Rheum Nobile ‘ എന്നാണ് സിക്കിം സുന്ദരിയുടെ ശാസ്ത്രീയ നാമം. സമുദ്രനിരപ്പില്‍ നിന്ന് 4,000 മുതല്‍ 4,800 മീറ്റര്‍ വരെ ഉയരത്തിലുള്ള അതീവ ദുഷ്‌കരമായ കാലാവസ്ഥയിലാണ് ഇത് വളരുന്നത്. സുതാര്യമായ ഇലകളുള്ളതിനാല്‍ ‘ ഗ്ലാസ് ഹൗസ് പ്ലാന്റ് ‘ (Glasshouse Plant) എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇലകള്‍ സൂര്യപ്രകാശം ഉള്ളിലേക്ക് കടത്തിവിടുകയും അപകടകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളെ തടയുകയും ചെയ്യുന്നു. മഞ്ഞുമലകള്‍ക്കിടയില്‍ തിളങ്ങുന്ന ഒരു ഗോപുരം പോലെ ഈ സസ്യം ദൃശ്യമായിരിക്കും.

വര്‍ഷങ്ങള്‍ക്കുശേഷം ഏകദേശം രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സിക്കിം സുന്ദരി മനോഹരമായി പൂവിടുന്നു. എന്നാല്‍, ഒരിക്കല്‍ പൂവിട്ട് വിത്തുകള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ അതോടെ ഈ സസ്യം പൂര്‍ണമായി നശിച്ചുപോകും – ഇതാണ് അതിന്റെ ഏറ്റവും വ്യത്യസ്തമായ പ്രത്യേകത. ഇത്രയും അപൂര്‍വവും സവിശേഷതകളുമുള്ള ഒരു ഇന്ത്യന്‍ സസ്യത്തെക്കുറിച്ച് നമ്മുടെ പാഠപുസ്തകങ്ങളില്‍ പരാമര്‍ശമില്ലെന്നതും മഹീന്ദ്ര ചൂണ്ടിക്കാട്ടി. ഇന്നത്തെ പാഠ്യപദ്ധതിയില്‍ ഇത്തരം പ്രകൃതി അത്ഭുതങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന ചോദ്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഔഷധഗുണങ്ങള്‍ ഏറെ ഉള്ള ഈ സസ്യം പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ‘ ചുക്ക ‘ (Chukka) എന്ന പേരിലാണ് അറിയപ്പെടുന്നത്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കരള്‍ രോഗങ്ങള്‍ക്കും ഇത് പരമ്പരാഗത ഔഷധമായി ഉപയോഗിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിമാലയന്‍ മലനിരകളിലെ ഈ അപൂര്‍വ സുന്ദരിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

ചര്‍ച്ചില്‍ കയറി ബൈബിളിനെയും കന്യാമറിയത്തെയും മുഹമ്മദ് നബിയെയും അധിഷേപിച്ച് ഹിന്ദുത്വവാദി

കന്യാമറിയം ഗർഭിണിയായത് എങ്ങനെ എന്ന് ചോദിച്ചായിരുന്നു അധിക്ഷേപം.

Published

on

ബംഗളൂരു:  ക്രിസ്ത്യൻ പള്ളിയിൽ കയറി ബൈബിളിനെയും കന്യാമറിയത്തെയും അധിക്ഷേപിച്ച് ഹിന്ദുത്വവാദിയുടെ ആക്രോശം. ബംഗളൂരു സ്വദേശി സത്യനിഷ്ഠ ആര്യയാണ് പ്രാർത്ഥനാഹാളിലേക്ക് അതിക്രമിച്ച് കയറി ജയ്ശ്രീറാം മുഴക്കി പുരോഹിതനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സ്വന്തം എക്‌സിൽ പോസ്റ്റ് ചെയ്തത്.

യേശുവിനെയും കന്യാമറിയത്തെയും മുഹമ്മദ് നബിയെയും ഇയാൾ അപകീർത്തിപ്പെടുത്തി സംസാരിക്കുന്നുണ്ട്. കന്യാമറിയം ഗർഭിണിയായത് എങ്ങനെ എന്ന് ചോദിച്ചായിരുന്നു അധിക്ഷേപം. ബൈബിൾ ഇന്ത്യയിൽ വേണ്ടെന്നും ഇവിടെ മനുസ്മൃതി മതിയെന്നും ഇയാൾ പറയുന്നുണ്ട്. ടീം റൈസിംഗ് ഫാൾക്കൺ എന്ന ഗ്രൂപ്പ് രൂപീകരിച്ചാണ് ഇയാളുടെ വിദ്വേഷ പ്രചാരണം. ഡിസംബർ 22നാണ് ഈ വീഡിയോകൾ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.

Continue Reading

main stories

‘ഇത് ഹിന്ദു രാഷ്ട്രം’; സാന്താ തൊപ്പി വില്‍പ്പന തടഞ്ഞ് ഒഡിഷയില്‍ ഭീഷണി

ഈ സംഭവത്തില്‍ മതത്തിന്റെ പേരില്‍ തൊഴിലിനും ഉപജീവനത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്.

Published

on

ഭുവനേശ്വര്‍: ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായി ഒഡിഷയില്‍ സാന്താ തൊപ്പികള്‍ വില്‍പ്പന നടത്തിയ വഴിയോര കച്ചവടക്കാര്‍ക്കെതിരെ ഒരു സംഘം ആളുകള്‍ ഭീഷണി മുഴക്കിയ സംഭവം വലിയ വിവാദത്തിന് വഴിവെക്കുന്നു. ‘ ഇത് ഹിന്ദു രാഷ്ട്രമാണ്. ഇവിടെ ക്രിസ്ത്യന്‍ വസ്തുക്കള്‍ അനുവദിക്കില്ല ‘ എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്.
ഭഗവാന്‍ ജഗന്നാഥന്റെ നാട്ടില്‍ സാന്താ തൊപ്പികള്‍ വില്‍ക്കാന്‍ അനുവദിക്കില്ല എന്ന് വ്യക്തമാക്കിയ സംഘം, കച്ചവടക്കാരെ പൊതുവഴിയില്‍ തടഞ്ഞ് ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് തങ്ങള്‍ സാന്താ തൊപ്പികള്‍ വില്‍ക്കുന്നതെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കിയെങ്കിലും, അതോടെ ഭീഷണി കൂടുതല്‍ ശക്തമാവുകയായിരുന്നു.

‘ നിങ്ങള്‍ ദരിദ്രനാണെങ്കില്‍ ഭഗവാന്‍ ജഗന്നാഥനുമായി ബന്ധപ്പെട്ട വസ്തുക്കള്‍ വില്‍ക്കൂ. ക്രിസ്ത്യന്‍ മതവുമായി ബന്ധപ്പെട്ട ഒന്നും ഇവിടെ അനുവദനീയമല്ല ‘ എന്ന് സംഘത്തിലെ ഒരാള്‍ പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടൊപ്പം, ‘ നിങ്ങള്‍ ഹിന്ദുവായിട്ട് എങ്ങനെ ഇത്തരം വസ്തുക്കള്‍ വില്‍ക്കാന്‍ കഴിയും? ഇത് അനുവദിക്കില്ല ‘ എന്നും അവര്‍ ഭീഷണി മുഴക്കിയതായി വീഡിയോയില്‍ കാണാം.
ഡിസംബര്‍ മാസമാകുമ്പോള്‍ ക്രിസ്മസ് തൊപ്പികള്‍, അലങ്കാര ലൈറ്റുകള്‍, ക്രിസ്മസ് ട്രീകള്‍ എന്നിവ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും വില്‍പ്പനയ്‌ക്കെത്തുന്നത് സാധാരണ കാഴ്ചയാണ്. വിവിധ മതവിഭാഗങ്ങളിലുള്ള ആളുകള്‍ ഉപജീവനത്തിനായി ഇത്തരം ഉത്സവ വസ്തുക്കള്‍ വില്‍ക്കുന്നത് രാജ്യത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായാണ് പൊതുവെ കാണപ്പെടുന്നത്.

എന്നാല്‍, ഈ സംഭവത്തില്‍ മതത്തിന്റെ പേരില്‍ തൊഴിലിനും ഉപജീവനത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ സംഭവത്തെ ശക്തമായി അപലപിക്കുകയും, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും തൊഴില്‍സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടുകയും ചെയ്തു.

സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക നടപടികള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍, ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ മതസൗഹാര്‍ദ്ദവും സാമൂഹിക സഹവര്‍ത്തിത്വവും സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്.

Continue Reading

kerala

ചന്ദ്രിക വാര്‍ഷിക കാമ്പയിന്‍ ജനുവരി ഒന്നു മുതല്‍ 15 വരെ

രാജ്യത്തിന്റെയും ജനതയുടെയും സര്‍വ്വതോന്‍മുഖമായ പുരോഗതിക്കും മതമൈത്രി കാത്തുസൂക്ഷിക്കുന്നതിനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും 93 വര്‍ഷമായി നിരന്തരം പ്രയത്നിച്ചു പോരുന്ന അഭിമാനകരമായ പാരമ്പര്യമുള്ള ചന്ദ്രികയുടെ പ്രചരണം ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട മുസ്ലീം ലീഗ് കമ്മിറ്റികളും പാര്‍ട്ടി പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യര്‍ത്തിച്ചു.

Published

on

ചന്ദ്രിക കൊച്ചി എഡിഷന്റെ പരിധിയില്‍ വരുന്ന എറണാകുളം, തൃശൂര്‍ ആലപ്പുഴ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്നതിനുള്ള കാമ്പയിന്‍ ജനുവരി ഒന്ന് മുതല്‍ 15 വരെ നടത്താന്‍ കൊച്ചി എഡിഷന്‍ ഗവേണിംഗ് ബോഡി യോഗം തീരുമാനിച്ചു. രാജ്യത്തിന്റെയും ജനതയുടെയും സര്‍വ്വതോന്‍മുഖമായ പുരോഗതിക്കും മതമൈത്രി കാത്തുസൂക്ഷിക്കുന്നതിനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും 93 വര്‍ഷമായി നിരന്തരം പ്രയത്നിച്ചു പോരുന്ന അഭിമാനകരമായ പാരമ്പര്യമുള്ള ചന്ദ്രികയുടെ പ്രചരണം ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട മുസ്ലീം ലീഗ് കമ്മിറ്റികളും പാര്‍ട്ടി പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യര്‍ത്തിച്ചു.

യോഗത്തില്‍ ചന്ദ്രികയുടെ ചുമതലയുള്ള മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് പി.എ മമ്മുവില്‍നിന്ന് 10 വാര്‍ഷിക വരിക്കാരുടെ തുക സ്വീകരിച്ചു. ഉമ്മര്‍ പാണ്ടികശാല കമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എം.പി അഷ്റഫ് മുപ്പനെ ചിഫ് കോ ഓര്‍ഡിനേറ്ററായും, എ.എം ബഷീര്‍ (എറണാകുളം) കെ.എ ഹാറൂണ്‍ റഷീദ് (തൃശൂര്‍), കമാല്‍ എം. മാക്കിയല്‍ (ആലപ്പുഴ), റാഷിദ് ആരമല (കോട്ടയം), അസീസ് ചുങ്കപ്പാറ (പത്തനംതിട്ട), ടികെ നവാസ് (ഇടുക്കി) എന്നിവരെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരെയും ചുമതലപ്പെടുത്തി. കാമ്പയിന്‍ പ്രചാരണാര്‍ത്ഥം എറണാകുളം തൃശൂര്‍ ജില്ലാ കമ്മറ്റികള്‍ 23 നും ആലപ്പുഴ 24 നും ഇടുക്കി പത്തനംതിട്ട ജില്ല കമ്മിറ്റികള്‍ 29 നും കോട്ടയം 31 നും യോഗങ്ങള്‍ ചേരും.

യോഗത്തില്‍ ഗവേണിംഗ് ബോഡി കണ്‍വീനര്‍ ടി.എം സലീം ചീഫ് കോ ഓര്‍ഡിനേറ്റര്‍ എം.പി അഷ്‌റഫ് മുപ്പന്‍ പങ്കെടുക്കും കാമ്പയിനില്‍ മെമ്പര്‍ഷിപ്പിന് ആനുപാതികമായി 10 ശതമാനം വാര്‍ഷിക വരിക്കാരെയാണ് ബന്ധപ്പെട്ട കമ്മിറ്റികള്‍ ചേര്‍ക്കേണ്ടത്. മുസ്ലീലീഗ് ജില്ലാ ഭാരവാഹികള്‍, പോഷകഘടകം ജില്ലാ ഭാരവാഹികള്‍ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലീലീഗ് അംഗങ്ങള്‍ എന്നിവര്‍ക്ക് ടാര്‍ജറ്റ് നിശ്ചയിച്ചു. യോഗത്തില്‍ കണ്‍വീനര്‍ ടിഎം സലീം സ്വാഗതം പറഞ്ഞു.

അംഗങ്ങളായ പി.എം അമീര്‍, എന്‍.വി.സി അഹമ്മദ്, എ.എം നസീര്‍ അഡ്വ.എച്ച് ബഷീര്‍ കുട്ടി ബഡായില്‍,കെ.എസ് സിയാദ്, അഡ്വ. അന്‍സലാഹ് മുഹമ്മദ്, എഡിറ്റര്‍ കമാല്‍ വരദൂര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് ആലിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സല്‍മാന്‍ കെ.എം പങ്കെടുത്തു. റസിഡന്റ് മാനേജര്‍ വി.എം.എ ബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.റസിഡന്റ് എഡിറ്റര്‍ കെ.ബി അബ്ദുല്‍ കരീം നന്ദി പറഞ്ഞു.

 

Continue Reading

Trending