Connect with us

News

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാര്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ചു; ടോസിന് മൈതാനത്ത് മാച്ച് റഫറി മാത്രം

വ്യക്തമായ നടപടി ഉണ്ടാകാതെ കളത്തിലിറങ്ങില്ലെന്ന നിലപാടിലാണ് കളിക്കാര്‍

Published

on

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം വഷളായതിന്റെ പ്രതിഫലനം ബംഗ്ലാദേശിലെ ആഭ്യന്തര ടി20 ടൂര്‍ണമെന്റായ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും (BPL) പ്രതിസന്ധിയുണ്ടാക്കി. ചാറ്റോഗ്രാം റോയല്‍സും നോവാഖാളി എക്‌സ്പ്രസും തമ്മില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കേണ്ട മത്സരം കളിക്കാര്‍ ബഹിഷ്‌കരിച്ചതോടെ മുടങ്ങി. ടോസിനായി 12.30ഓടെ മാച്ച് റഫറി ഷിപാര്‍ അഹ്‌മദ് ഗ്രൗണ്ടിലെത്തിയെങ്കിലും ഇരു ടീമുകളിലെയും ക്യാപ്റ്റന്‍മാരോ താരങ്ങളോ ഹാജരായില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും ടോസിനായി കാത്തുനില്‍ക്കുകയാണെങ്കിലും ആരും എത്തിയില്ലെന്നും മാച്ച് റഫറി ക്രിക് ഇന്‍ഫോയോട് പ്രതികരിച്ചു. ഇന്നലെ ധാക്ക ക്രിക്കറ്റ് ലീഗിലും സമാന രീതിയില്‍ കളിക്കാര്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു.

മുന്‍ നായകനും ഓപ്പണറുമായ തമീം ഇക്ബാല്‍ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ വേണമെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന്, ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ നസ്മുള്‍ ഇസ്‌ലാം തമീമിനെ ‘ഇന്ത്യന്‍ ഏജന്റ്’ എന്ന് വിശേഷിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം. നസ്മുള്‍ ഇസ്‌ലാമിനെതിരെ നടപടി എടുത്തില്ലെങ്കില്‍ BPL മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ക്രിക്കറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് മിഥുന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നസ്മുള്‍ ഇസ്‌ലാമിന്റെ പരാമര്‍ശങ്ങള്‍ ബോര്‍ഡിന്റെ ഔദ്യോഗിക നിലപാടല്ലെന്നും, കളിക്കാരെ അപമാനിച്ചവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യക്തമായ നടപടി ഉണ്ടാകാതെ കളത്തിലിറങ്ങില്ലെന്ന നിലപാടിലാണ് കളിക്കാര്‍. നസ്മുള്‍ ഇസ്‌ലാമിനെ പുറത്താക്കണമെന്ന ആവശ്യത്തോടെ താരങ്ങളുടെ സംഘടന ബോര്‍ഡിന് അന്ത്യശാസനവും നല്‍കിയിട്ടുണ്ട്.

മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയ ബിസിസിഐ നടപടിയോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം കൂടുതല്‍ ഉലഞ്ഞത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് സര്‍ക്കാര്‍ ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് നിരോധിക്കുകയും, ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നതിനെതിരെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐസിസിയെ സമീപിക്കുകയും ചെയ്തു. ഐസിസി ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിനിടെയാണ് പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് തമീം ഇക്ബാല്‍ അഭിപ്രായപ്പെട്ടത്. ഇതിനെതിരായ നസ്മുള്‍ ഇസ്‌ലാമിന്റെ വിവാദ പ്രസ്താവനയാണ് ഇപ്പോഴത്തെ ക്രിക്കറ്റ് പ്രതിസന്ധിക്ക് വഴിവെച്ചത്.

kerala

‘ജയിലിലുള്ളവരും പാവങ്ങളല്ലേ’; തടവുക്കാരുടെ വേതനം വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ഇപി ജയരാജന്‍

അവര്‍ക്ക് വേതനം വര്‍ധിപ്പിച്ചതില്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഇപി പറഞ്ഞു.

Published

on

ജയിലില്‍ വേതനം വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ഇപി ജയരാജന്‍. ജയിലിലുള്ളവരും പാവങ്ങളല്ലേ പല സാഹചര്യങ്ങളാല്‍ കുറ്റവാളികളായിപ്പോയി എന്നതാണ് ഇപി ജയരാജന്റെ വാദം. അവര്‍ക്ക് വേതനം വര്‍ധിപ്പിച്ചതില്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഇപി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചത്. ജയില്‍ തടവുകാര്‍ക്ക് പ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെയാണ് വര്‍ധന വരുത്തിയത്. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560 രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക. തൊഴിലുറപ്പ് മേഖലയിലെ വേതനം വര്‍ധിപ്പിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര ഗവണ്‍മെന്റ് ആണെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

health

വേണം ജാഗ്രത; പശ്ചിമ ബംഗാളില്‍ നിപ ബാധിച്ച ഒരാളുടെ നില അതീവ ഗുരുതരം, 120 പേര്‍ ഐസൊലേഷനില്‍

വെന്റിലേറ്ററില്‍ കഴിയുന്ന നഴ്‌സുമാരിലൊരാള്‍ കോമയിലാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കൂടി നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍. നിപ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന നഴ്‌സിനെ പരിചരിച്ചവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. രോഗബാധിതരായ നഴ്‌സുമാരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങി 120-ഓളം പേരെ കണ്ടെത്തി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിപ ബാധിച്ച രണ്ടു നഴ്‌സുമാരെയും ബെലിയാഗട്ട ഇന്‍ഫെക്ഷ്യസ് ഡിസീസ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടേയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററില്‍ കഴിയുന്ന നഴ്‌സുമാരിലൊരാള്‍ കോമയിലാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതിനിടെ സംസ്ഥാനം നിപ രോഗത്തെ പ്രതിരോധിക്കാന്‍ സജ്ജമാണെന്നും പരിശോധനാ നടപടികള്‍ പുരോഗമിക്കുകയാണെന്നും പശ്ചിമബംഗാള്‍ ആരോഗ്യവിഭാഗം സെക്രട്ടറി സ്വരൂപ് നിഗം മാധ്യമങ്ങളോടു പറഞ്ഞു.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നുള്ള രണ്ട് നഴ്‌സുമാര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ബരാസാത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഇരുവര്‍ക്കും എവിടെനിന്നാണ് വൈറസ് ബാധിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇരുവരും ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇവിടെനിന്നായിരിക്കാം രോഗം പിടിപ്പെട്ടതെന്നും കരുതുന്നു.

 

 

Continue Reading

News

ജപ്പാന്‍ ജ്വരം വര്‍ധിക്കുന്നു; മലപ്പുറം, കോഴിക്കോട് രോഗബാധിത ജില്ലകള്‍

ജപ്പാന്‍ ജ്വരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Published

on

മലപ്പുറം: ജാപ്പനീസ് എന്‍സെഫലൈറ്റിസ് (ജപ്പാന്‍ ജ്വരം) കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്‌കവീക്ക (AES) നിരീക്ഷണ ഡേറ്റയുടെ അടിസ്ഥാനത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളെ ജാപ്പനീസ് എന്‍സെഫലൈറ്റിസ് ബാധിത ജില്ലകളായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

രോഗവ്യാപനവും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി വിശദീകരിച്ചു. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ജാപ്പനീസ് എന്‍സെഫലൈറ്റിസ്. തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം തീവ്രമായ പനിക്കു ശേഷം അസ്വാഭാവിക പെരുമാറ്റം, ബോധക്ഷയം, ഛര്‍ദി, ശക്തമായ തലവേദന തുടങ്ങിയ ലക്ഷണങ്ങളിലൂടെ പ്രകടമാകുന്നു.

രോഗം ഗുരുതരമായാല്‍ തലച്ചോറില്‍ നീര്‍ക്കെട്ട്, അപസ്മാരം തുടങ്ങിയ അവസ്ഥകളിലേക്കു നീങ്ങാനും 20 മുതല്‍ 30 ശതമാനം വരെ രോഗികളില്‍ മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തലച്ചോറിലെ സ്രവവും രക്തവും പരിശോധിച്ച് ആന്റിബോഡി ടെസ്റ്റിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. അപസ്മാര ലക്ഷണങ്ങളോടെ എത്തുന്ന രോഗികളില്‍ സ്രവ പരിശോധന നടത്തുന്നത് പലപ്പോഴും പ്രയാസകരമാണെന്നും വ്യക്തമാക്കി.

തീരപ്രദേശങ്ങളിലാണ് രോഗസാധ്യത കൂടുതലായി കണ്ടെത്തുന്നത്. വെള്ളക്കെട്ടുകളും കുളങ്ങളും ധാരാളമുള്ള പ്രദേശങ്ങളില്‍ കൊതുക് വളര്‍ച്ച കൂടുതലായതിനാല്‍ രോഗവ്യാപന സാധ്യതയും ഉയരുന്നു. ദേശാടനക്കിളികള്‍, കുളക്കോഴികള്‍, നീര്‍കാക്കകള്‍, കന്നുകാലികളുടെ ശരീരത്തിലിരിക്കുന്ന പക്ഷികള്‍ എന്നിവയില്‍ വൈറസിന്റെ സാന്നിധ്യം കാണപ്പെടുന്നുണ്ടെന്നും, ഇവയില്‍നിന്ന് കൊതുകുവഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. പക്ഷികളില്‍നിന്ന് നേരിട്ട് രോഗം പകരില്ല.

ഒരു വയസ്സുമുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളിലാണ് രോഗം കൂടുതല്‍ ഗുരുതരമാകുന്നത്. പ്രത്യേകിച്ച് ഒന്നുമുതല്‍ അഞ്ചുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അപകടസാധ്യത കൂടുതലാണ്. രോഗത്തിന് പ്രത്യേക ആന്റിവൈറല്‍ ചികിത്സ ലഭ്യമല്ല. പ്രതിരോധ കുത്തിവെപ്പാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം. ലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സ നല്‍കുന്നത്.

രോഗം ഭേദമാകുന്നവരില്‍ 30 മുതല്‍ 50 ശതമാനം വരെ ആളുകള്‍ക്ക് ശാരീരികമോ നാഡീസംബന്ധമായോ തകരാറുകള്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും, ഇവര്‍ക്ക് ആവശ്യമായ ശാരീരികവും മാനസികവുമായ പരിചരണം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

മലപ്പുറം ജില്ലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും മറ്റ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും തീവ്രപരിചരണ വിഭാഗമുള്ള ആശുപത്രികളിലും ചികിത്സാസൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രതിരോധ നടപടികളുടെ ഭാഗമായി വാക്‌സിന്‍ എടുക്കുക, കൊതുകുകടി പരമാവധി ഒഴിവാക്കുക, കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുക എന്നിവ നിര്‍ദേശിച്ചു. പാടങ്ങള്‍, വെള്ളക്കെട്ടുകള്‍, കുളങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കണം. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ മെഡിക്കല്‍ കോളേജിലോ ചികിത്സാസൗകര്യമുള്ള ആശുപത്രികളിലോ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending