News
യൂണിഫോം നല്‍കിയില്ല; വയനാട്ടില്‍ പതിനാലുകാരിക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം
ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി.
പുല്‍പ്പള്ളി : വയനാട് പുല്‍പ്പള്ളിയില്‍ പതിനാലു വയസ്സുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിക്കു നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്ന സൂചന ആശുപത്രി വൃത്തങ്ങള്‍ നല്കി.
പുല്‍പ്പള്ളി മരകാവ് പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിയാണ് ആക്രമണത്തിന് ഇരയായത്. വേലിയമ്പം ദേവി വിലാസം ഹൈസ്കൂളിലെ വിദ്യാര്‍ഥിനിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാണ് മഹാലക്ഷ്മി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി സ്കൂളില്‍ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ അവിടെയെത്തിയ അയല്‍വാസിയായ വേട്ടറമ്മല്‍ രാജു ജോസ് (55) കുട്ടിയുടെ മേല്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം.
സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ യൂണിഫോം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജു ജോസിനെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തിനു പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്നതടക്കം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
News
ന്യൂസിലന്‍ഡ് ടി20 പരമ്പര; ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യറും രവി ബിഷ്ണോയിയും
പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരക്കാരനായാണ് അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡിലേക്ക് ശ്രേയസ് അയ്യറെ പരിഗണിച്ചത്.
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരെയും രവി ബിഷ്ണോയിയെയും ഉള്‍പ്പെടുത്തി. പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരക്കാരനായാണ് അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡിലേക്ക് ശ്രേയസ് അയ്യറെ പരിഗണിച്ചത്. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയിക്ക് ടീമില്‍ അവസരം ലഭിച്ചത്.
വിജയ് ഹസാരെ ട്രോഫിക്കിടെ പരിക്കേറ്റ തിലക് വര്‍മ ശസ്ത്രക്രിയക്ക് വിധേയനായതിനെ തുടര്‍ന്നാണ് വിശ്രമം അനുവദിച്ചത്. ടി20 ലോകകപ്പ് മുന്നില്‍ കണ്ട് എടുത്ത ഈ തീരുമാനമാണ് ശ്രേയസ് അയ്യര്‍ക്ക് വീണ്ടും ട്വന്റി20 ടീമിലേക്കുള്ള വഴിയൊരുക്കിയത്. 2023 ഡിസംബറിന് ശേഷമാണ് താരം ടി20 ടീമില്‍ തിരിച്ചെത്തുന്നത്.
അതേസമയം, ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിനിടെയാണ് വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റത്.
ഇന്ത്യയുടെ ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന് കിഷന്, രവി ബിഷ്ണോയ്
News
ഇറാന് വിഷയത്തില്‍ സുരക്ഷാസമിതി അടിയന്തര യോഗം; എല്ലാ സാധ്യതകളും മുന്നിലുണ്ടെന്ന് യു.എസ്
ഇറാനെതിരെ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് യോഗത്തില്‍ യു.എസ് മുന്നറിയിപ്പ് നല്കി.
സംഘര്‍ഷം രൂക്ഷമായ ഇറാന് വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. ഇറാനെതിരെ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് യോഗത്തില്‍ യു.എസ് മുന്നറിയിപ്പ് നല്കി. ഇറാനെ ആക്രമിച്ചാല്‍ അത് മുഴുവന്‍ മേഖലയ്ക്കും വലിയ ഭീഷണിയാവുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്കി.
‘ഒരു കാര്യം വ്യക്തമായി പറയാം. പ്രസിഡന്റ് ട്രംപ് പ്രവര്‍ത്തിയിലൂടെയാണ് സംസാരിക്കുന്നത്. ഐക്യരാഷ്ട്രസഭയില്‍ കാണുന്ന പോലെ അവസാനമില്ലാത്ത വര്‍ത്തമാനമല്ല ട്രംപിന്റെ ശൈലി’ എന്നായിരുന്നു യു.എന്നിലെ യു.എസ് അംബാസഡര്‍ മെക് വാള്‍ട്സിന്റെ പ്രതികരണം. ‘ഇറാനിലെ കൂട്ടക്കൊല അവസാനിപ്പിക്കാന്‍ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ കാര്യം മറ്റാരേക്കാളും നന്നായി ഇറാന് ഭരണകൂടത്തിന് അറിയാം’ എന്നും വാള്‍ട്സ് പറഞ്ഞു.
യു.എസിന്റെ ആവശ്യപ്രകാരമാണ് യു.എന്‍ സുരക്ഷാസമിതി അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തിലേക്ക് ഇറാന് ഭരണകൂട വിരുദ്ധരായ രണ്ട് ഇറാന് വിമതരെയും ക്ഷണിച്ചിരുന്നു. യു.എസില്‍ താമസിക്കുന്ന മസീഹ് അലിനജാദ്, അഹ്മദ് ബതേബി എന്നിവര്‍ യു.എന്നില്‍ പ്രസംഗിച്ചു.
ഇറാന് വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇടപെടല്‍ ശക്തമാകുന്നുവെന്ന സൂചനയായാണ് സുരക്ഷാസമിതിയുടെ അടിയന്തര യോഗം വിലയിരുത്തപ്പെടുന്നത്.
Health
ഒറ്റക്കാലില്‍ നില്‍ക്കാമോ? പ്രായവും ആരോഗ്യവും അളക്കുന്ന ലളിത പരീക്ഷണം
അമ്പതുകള്‍ പിന്നിട്ടവരില്‍ പലര്‍ക്കും ഒറ്റക്കാലില്‍ കുറച്ച് സെക്കന്‍ഡുകള്‍ പോലും നില്ക്കാന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
ഒറ്റക്കാലില്‍ ശരീരത്തെ ബാലന്‍സ് ചെയ്ത് നില്ക്കാന് കഴിയുമോ? കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ പ്രായം കൂടുന്തോറും ഈ കഴിവ് ക്രമേണ കുറയുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമ്പതുകള്‍ പിന്നിട്ടവരില്‍ പലര്‍ക്കും ഒറ്റക്കാലില്‍ കുറച്ച് സെക്കന്‍ഡുകള്‍ പോലും നില്ക്കാന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
എന്നാല്‍ ദിവസേന കുറച്ചുസമയം ഈ ലളിത വ്യായാമം ശീലിക്കുന്നത് ശരീരത്തിനും തലച്ചോറിനും നിരവധി ഗുണങ്ങള്‍ നല്‍കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ശാരീരിക ശക്തിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കാനും പ്രായം കൂടുന്തോറും ഉണ്ടാകുന്ന ചില ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാനും ഒറ്റക്കാലില്‍ നില്ക്കുന്ന വ്യായാമത്തിന് കഴിയുമെന്നാണ് കണ്ടെത്തല്‍.
ആരോഗ്യത്തിന്റെ ഒരു പ്രധാന അളവുകോലായി ഡോക്ടര്‍മാര്‍ ഒറ്റക്കാലില്‍ നില്ക്കുന്ന കഴിവിനെ കണക്കാക്കുന്ന പ്രധാന കാരണം പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന പേശികളുടെ ക്രമാനുഗതമായ നഷ്ടമാണ്. പ്രായത്തിനനുസരിച്ച് പേശികളുടെ അളവും ശക്തിയും കുറയുന്ന അവസ്ഥയെ സാര്‍കോപീനിയ എന്നാണ് വിളിക്കുന്നത്.
ഗവേഷണങ്ങള്‍ പ്രകാരം, 30 വയസിന് ശേഷം ഓരോ ദശകത്തിലും ശരീരത്തിലെ പേശികളുടെ ഏകദേശം എട്ട് ശതമാനം വരെ നഷ്ടപ്പെടുന്നു. 80 വയസിലെത്തുമ്പോള്‍ ഏകദേശം 50 ശതമാനം പേര്‍ക്കും ക്ലിനിക്കല്‍ സാര്‍കോപീനിയ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രക്തത്തിലെ പഞ്ചസാര നിയന്ത്രണം മുതല്‍ രോഗപ്രതിരോധ ശേഷി വരെ ഈ അവസ്ഥയെ ബാധിക്കുന്നു.
വിവിധ പേശി ഗ്രൂപ്പുകളുടെ ശക്തി കുറയുന്നതിനാല്‍ ഒരു കാലില്‍ സന്തുലിതാവസ്ഥ നിലനിർത്താനുള്ള കഴിവിലൂടെയും ആരോഗ്യനില മനസിലാക്കാനാവും. എന്നാല്‍ ഒറ്റക്കാലില്‍ നില്ക്കുന്ന വ്യായാമം സ്ഥിരമായി ചെയ്യുന്നവര്‍ക്ക് പിന്നീടുള്ള ദശകങ്ങളില്‍ സാര്‍കോപീനിയ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. കാരണം ഈ വ്യായാമം കാലിന്റെയും ഇടുപ്പിന്റെയും പേശികളെ ശക്തിപ്പെടുത്തുന്നു.
പേശികളുടെ ശക്തി മാത്രമല്ല, ഒറ്റക്കാലില്‍ നില്ക്കാന് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയും അത്യാവശ്യമാണ്. കണ്ണുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ശരീരചലനങ്ങളുമായി സംയോജിപ്പിക്കാന്‍ തലച്ചോറിന് കഴിയണം. ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്നത് ചെവിക്കുള്ളിലെ വെസ്റ്റിബുലാര്‍ സിസ്റ്റവും നാഡീജാലമായ സോമാറ്റോസെന്‍സറി സിസ്റ്റവുമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇവയെല്ലാം പ്രായത്തിനനുസരിച്ച് വ്യത്യസ്ത തോതില്‍ ക്ഷയിക്കുന്നുവെന്നും മയോ ക്ലിനിക്കിലെ മോഷന്‍ അനാലിസിസ് ലബോറട്ടറി ഡയറക്ടര്‍ കെന്റണ്‍ കോഫ്മാന് വ്യക്തമാക്കുന്നു.
ഒറ്റക്കാലില്‍ നില്‍ക്കാനുള്ള കഴിവിലൂടെ തലച്ചോറിന്റെ പ്രധാന മേഖലകളുടെ അവസ്ഥയെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ലഭിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. പ്രതികരണ വേഗത, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവ്, ഇന്ദ്രിയങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എത്ര വേഗത്തില്‍ സംയോജിപ്പിക്കാനാവും തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ വിലയിരുത്താം.
പ്രായം കൂടുന്തോറും തലച്ചോറിലും സ്വാഭാവികമായ ക്ഷയം സംഭവിക്കുന്നുണ്ടെങ്കിലും, ശാരീരികമായി സജീവമായി തുടരുന്നതിലൂടെ ഈ പ്രക്രിയ മന്ദഗതിയിലാക്കാനാവും. ഒറ്റക്കാലില്‍ നില്ക്കുന്ന വ്യായാമം സ്ഥിരമായി ചെയ്യുന്നത് പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
‘സിംഗിള്‍ ലെഗ് എക്സസൈസ്’ എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഇത്തരം വ്യായാമങ്ങള്‍ പേശികളെ മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും. ഒരു കാലില്‍ ബാലന്‍സ് ചെയ്യുമ്പോള്‍ തലച്ചോറിലെ പ്രീ-ഫ്രണ്ടല്‍ കോര്‍ട്ടെക്സ് സജീവമാകുകയും വൈജ്ഞാനിക ശേഷി ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നതായും ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
india2 days agoഅറബിക്കടലിൽ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു; ഒമ്പത് പേർ കസ്റ്റഡിയിൽ
-
News13 hours agoകാനഡ–ചൈന വ്യാപാര ബന്ധങ്ങള്‍ക്ക് പുതുജീവന്‍; താരിഫുകള്‍ കുറച്ചു
-
kerala13 hours agoവൈദികനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
-
kerala2 days agoഎറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു
-
Film3 days agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
