Health

ഒറ്റക്കാലില്‍ നില്‍ക്കാമോ? പ്രായവും ആരോഗ്യവും അളക്കുന്ന ലളിത പരീക്ഷണം

By sreenitha

January 16, 2026

ഒറ്റക്കാലില്‍ ശരീരത്തെ ബാലന്‍സ് ചെയ്ത് നില്‍ക്കാന്‍ കഴിയുമോ? കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ പ്രായം കൂടുന്തോറും ഈ കഴിവ് ക്രമേണ കുറയുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമ്പതുകള്‍ പിന്നിട്ടവരില്‍ പലര്‍ക്കും ഒറ്റക്കാലില്‍ കുറച്ച് സെക്കന്‍ഡുകള്‍ പോലും നില്‍ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

എന്നാല്‍ ദിവസേന കുറച്ചുസമയം ഈ ലളിത വ്യായാമം ശീലിക്കുന്നത് ശരീരത്തിനും തലച്ചോറിനും നിരവധി ഗുണങ്ങള്‍ നല്‍കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ശാരീരിക ശക്തിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കാനും പ്രായം കൂടുന്തോറും ഉണ്ടാകുന്ന ചില ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും ഒറ്റക്കാലില്‍ നില്‍ക്കുന്ന വ്യായാമത്തിന് കഴിയുമെന്നാണ് കണ്ടെത്തല്‍.

ആരോഗ്യത്തിന്റെ ഒരു പ്രധാന അളവുകോലായി ഡോക്ടര്‍മാര്‍ ഒറ്റക്കാലില്‍ നില്‍ക്കുന്ന കഴിവിനെ കണക്കാക്കുന്ന പ്രധാന കാരണം പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന പേശികളുടെ ക്രമാനുഗതമായ നഷ്ടമാണ്. പ്രായത്തിനനുസരിച്ച് പേശികളുടെ അളവും ശക്തിയും കുറയുന്ന അവസ്ഥയെ സാര്‍കോപീനിയ എന്നാണ് വിളിക്കുന്നത്.

ഗവേഷണങ്ങള്‍ പ്രകാരം, 30 വയസിന് ശേഷം ഓരോ ദശകത്തിലും ശരീരത്തിലെ പേശികളുടെ ഏകദേശം എട്ട് ശതമാനം വരെ നഷ്ടപ്പെടുന്നു. 80 വയസിലെത്തുമ്പോള്‍ ഏകദേശം 50 ശതമാനം പേര്‍ക്കും ക്ലിനിക്കല്‍ സാര്‍കോപീനിയ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രക്തത്തിലെ പഞ്ചസാര നിയന്ത്രണം മുതല്‍ രോഗപ്രതിരോധ ശേഷി വരെ ഈ അവസ്ഥയെ ബാധിക്കുന്നു.

വിവിധ പേശി ഗ്രൂപ്പുകളുടെ ശക്തി കുറയുന്നതിനാല്‍ ഒരു കാലില്‍ സന്തുലിതാവസ്ഥ നിലനിർത്താനുള്ള കഴിവിലൂടെയും ആരോഗ്യനില മനസിലാക്കാനാവും. എന്നാല്‍ ഒറ്റക്കാലില്‍ നില്‍ക്കുന്ന വ്യായാമം സ്ഥിരമായി ചെയ്യുന്നവര്‍ക്ക് പിന്നീടുള്ള ദശകങ്ങളില്‍ സാര്‍കോപീനിയ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. കാരണം ഈ വ്യായാമം കാലിന്റെയും ഇടുപ്പിന്റെയും പേശികളെ ശക്തിപ്പെടുത്തുന്നു.

പേശികളുടെ ശക്തി മാത്രമല്ല, ഒറ്റക്കാലില്‍ നില്‍ക്കാന്‍ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയും അത്യാവശ്യമാണ്. കണ്ണുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ശരീരചലനങ്ങളുമായി സംയോജിപ്പിക്കാന്‍ തലച്ചോറിന് കഴിയണം. ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്നത് ചെവിക്കുള്ളിലെ വെസ്റ്റിബുലാര്‍ സിസ്റ്റവും നാഡീജാലമായ സോമാറ്റോസെന്‍സറി സിസ്റ്റവുമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇവയെല്ലാം പ്രായത്തിനനുസരിച്ച് വ്യത്യസ്ത തോതില്‍ ക്ഷയിക്കുന്നുവെന്നും മയോ ക്ലിനിക്കിലെ മോഷന്‍ അനാലിസിസ് ലബോറട്ടറി ഡയറക്ടര്‍ കെന്‍റണ്‍ കോഫ്മാന്‍ വ്യക്തമാക്കുന്നു.

ഒറ്റക്കാലില്‍ നില്‍ക്കാനുള്ള കഴിവിലൂടെ തലച്ചോറിന്റെ പ്രധാന മേഖലകളുടെ അവസ്ഥയെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ലഭിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. പ്രതികരണ വേഗത, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവ്, ഇന്ദ്രിയങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എത്ര വേഗത്തില്‍ സംയോജിപ്പിക്കാനാവും തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ വിലയിരുത്താം.

പ്രായം കൂടുന്തോറും തലച്ചോറിലും സ്വാഭാവികമായ ക്ഷയം സംഭവിക്കുന്നുണ്ടെങ്കിലും, ശാരീരികമായി സജീവമായി തുടരുന്നതിലൂടെ ഈ പ്രക്രിയ മന്ദഗതിയിലാക്കാനാവും. ഒറ്റക്കാലില്‍ നില്‍ക്കുന്ന വ്യായാമം സ്ഥിരമായി ചെയ്യുന്നത് പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

‘സിംഗിള്‍ ലെഗ് എക്സസൈസ്’ എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഇത്തരം വ്യായാമങ്ങള്‍ പേശികളെ മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും. ഒരു കാലില്‍ ബാലന്‍സ് ചെയ്യുമ്പോള്‍ തലച്ചോറിലെ പ്രീ-ഫ്രണ്ടല്‍ കോര്‍ട്ടെക്സ് സജീവമാകുകയും വൈജ്ഞാനിക ശേഷി ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നതായും ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.