kerala

പുതുയുഗ യാത്രക്ക് വിടചൊല്ലി സത്യത്തിന്റെ തുറമുഖം; ഇന്ന് മലപ്പുറത്ത്

By Akhila

February 13, 2026

സത്യത്തിന്റെ തുറമുഖം ചരിത്രമെഴുതി; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രക്ക് സാമൂതിരിയുടെയും കുഞ്ഞാലി മരക്കാരുടെയും മൈത്രിയുടെ മണ്ണില്‍ ജനസഹസ്രങ്ങളുടെ വരവേല്‍പ്പ്. കോഴിക്കോട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്നു മുതല്‍ മലപ്പുറം ജില്ലയില്‍ പര്യടനം തുടരും. കോഴിക്കോട് ജില്ലയിലെ രണ്ടാം ദിനമായ ഇന്നലെ രാവിലെ പതുയുഗത്തിനായുള്ള സംവാദത്തിന് ശേഷം ആരോഗ്യം വെന്റിലേറ്ററിലാണ് എന്ന യു.ഡി.എഫ് ഹെല്‍ത്ത് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയാണ് ആദ്യ സ്വീകരണ കേന്ദ്രമായ തിരുവമ്പാടിയിലേക്ക് തിരിച്ചത്.

ഹര്‍ത്താലിനെ പോലും വകവെക്കാതെ ആയിരങ്ങളാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. തിരുവമ്പാടിയില്‍ നടന്ന സ്വീകരണ സമ്മേളനം എം.കെ രാഘവന്‍ എംപിയും കുന്ദമംഗലത്തെ സ്വീകരണം ടി സിദ്ദീഖ് എംഎല്‍എയും ഉദ്ഘാടനം ചെയ്തു. കൊടുവള്ളിയിലെ സ്വീകരണ സമ്മേളനം ഡോ.എം.കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പത്ത് വര്‍ഷത്തെ ഇടത് ഭരണം കൊണ്ട് കാലിയായ കേരളത്തിന്റെ ഖജനാവ്, സമഗ്രമായ പദ്ധതികള്‍ കൊണ്ട് വന്നും നികുതി പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയും നികുതി മാനേജ്മെന്റും ഫിനാന്‍ഷ്യല്‍ മാനേജ്മെന്റും ഫലപ്രദമായി നിര്‍വ്വഹിച്ചും നിറക്കുമെന്ന് വി.ഡി സതീശന്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പറഞ്ഞു. കേരളത്തില്‍ ആരും വര്‍ഗീയത പറയേണ്ടതില്ല.

പറയുന്നത് ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും ശക്തമായി എതിര്‍ക്കും. മുസ്ലിംലീഗ് ദുര്‍ബലമായാല്‍ അവിടേക്ക് കയറി വരുന്നത് തീവ്രവാദ നിലപാടുള്ളവരായിരിക്കും. പിന്നെ കേരളം ഉണ്ടാകില്ല. അത് കൊണ്ട് മുസ്ലിംലീഗ് ദുര്‍ബലമാകരുതെന്നാണ് മതേതര കേരളം ആഗ്രഹിക്കുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. എലത്തൂര്‍ നിയോജക മണ്ഡലത്തിലെ നന്മണ്ടയില്‍ നടന്ന സ്വീകരണം സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പര്യടനത്തിന് സമാപനം കുറിച്ച് വൈകീട്ട് അഞ്ചിന് മുതലക്കുളത്ത് നടന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, എം.എം ഹസ്സന്‍, കെ.എം ഷാജി, പാറക്കല്‍ അബ്ദുള്ള, സി.പി ചെറിയ മുഹമ്മദ്, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, എം.കെ രാഘവന്‍ എം.പി, കെ പ്രവീണ്‍കുമാര്‍, പി.കെ ഫിറോസ്, അഹമ്മദ് പുന്നക്കല്‍, ഷാനിമോള്‍ ഉസ്മാന്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, കെ.സി അബു, വി.ഡി ജോസഫ്, അഹമ്മദ് പുന്നക്കല്‍, കെ.ജയന്ത്, പി.എം നിയാസ്, പി.സി ഹബീബ് തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.