editorial
ഇത് കള്ളന്മാരുടെ സര്‍ക്കാര്‍ തന്നെ
അധികാര ദുര്‍വിനിയോഗത്തിന്റെ പര്യായമായി മാറിയ സംസ്ഥാന സര്‍ക്കാറിന്റെ ഞെട്ടിപ്പിക്കുന്ന കള്ളക്കളികളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അധികാര ദുര്‍വിനിയോഗത്തിന്റെ പര്യായമായി മാറിയ സംസ്ഥാന സര്‍ക്കാറിന്റെ ഞെട്ടിപ്പിക്കുന്ന കള്ളക്കളികളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരുകൊടുങ്കാറ്റ് കണക്കെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ഭരണവിരുദ്ധവികാരത്തെ മറികടക്കാന്‍ സംവിധാനങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്യുമ്പോള്‍ നീതിപീഠമുള്‍പ്പെടെ അതിനെതിരെ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുകയും സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുന്നില്‍ നാണംകെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളത്. നവകേരള സര്‍വെയുടെ പേരില്‍ സി.പി.എം പ്രവര്‍ത്തകരെ ഉപയോഗിച്ച് സര്‍ക്കാര്‍ ചിലവില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഗൂഢനീക്കം കോടതി കൈയ്യോടെ പിടികൂടുകയും നിര്‍ത്തിവെപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ ജിവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സാധാരണക്കാരുടെയും ഔദ്യോഗിക ഡാറ്റകള്‍ മോഷണംനടത്തി വീണ്ടും വെട്ടില്‍വീണിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, വിവിധ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ ആനുകൂല്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ 77.42 ലക്ഷം ഔദ്യോഗിക ഡാറ്റകള്‍ ദുരുപയോഗം ചെയ്തുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍കാരുടെയും 5.42 ലക്ഷം ജീവനക്കാരുടെയും 10 ലക്ഷം സ്ത്രീ സുരക്ഷാ പെന്‍ഷന്‍കാരുടെയും പേരും ഫോണ്‍നമ്പറും ഉപയോഗിച്ചാണ് ഗുണഭോക്താക്കള്‍ക്ക് വാട്സ് ആപ്പ് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ശേഖരിക്കുന്ന ഇത്തരം വ്യക്തികത വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് സര്‍ക്കാറിന്റെ ഈ നീക്കമുണ്ടായിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് സര്‍ക്കാരിനെതിരെ പരാതിയുമായി ജീവനക്കാരുടെ സംഘടനകള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ജീവനക്കാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകളിലേക്ക് മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശം എത്തിയതിനെതിരെ എ.ഡി.ജി.പിക്ക് ഔദ്യോഗികമായി പരാതി ലഭ്യമായിട്ടുണ്ട്. ഡി.എ കുടിശിക അനുവദിച്ചതിന് പിന്നാലെ ജീവനക്കാരുടെ പേര് സഹിതം അഭിസംബോധന ചെയ്ത് മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് സന്ദേശം എത്തിയതാണ് വിവാദങ്ങള്‍ക്ക് ആധാരം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രം സ്പാര്‍ക്കില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറുകളും മറ്റ് രഹസ്യവിവരങ്ങളും രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണ്.
സുരക്ഷിതമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭ്യമായി എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. സിവില്‍ സര്‍വീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജീവനക്കാരുടെ സ്വകാര്യതയിലേക്ക് ഇത്തരത്തില്‍ കടന്നുകയറ്റം നടത്തുന്നത്. ജീവനക്കാര്‍ക്കുള്ള മെസേജുകളില്‍ പേരുപറഞ്ഞ് അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രിയുടെ സന്ദേശം. കഴിഞ്ഞബജറ്റില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്; വരുംനാളുകളിലും ഈ കരുതല്‍ തുടരുമെന്നുമായിരുന്നു സന്ദേശം. ആകെ ഡിഎ 35 ശതമാനമായി വര്‍ധിപ്പിച്ചു. മാര്‍ച്ച് ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ആദ്യം വര്‍ധിപ്പിച്ച 3% ഡിഎയും ഏപ്രില്‍ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ഇപ്പോള്‍ വര്‍ധിപ്പിച്ച 10% ഡിഎയും നിങ്ങളുടെ കൈകളിലെത്തുമെന്നും മുഖ്യമന്ത്രി പറയുന്നു. ‘സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ച കാര്യവും അറിഞ്ഞിരിക്കുമല്ലോ?. ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്. വരും നാളുകളിലും ഈ കരുതല്‍ തുടരും. ഉറപ്പാണ്’ വാക്ക്മുഖ്യമന്ത്രിയുടെ സന്ദേശം അവസാനിക്കുന്നതിങ്ങനെയാണ്.
അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നത് സൗജന്യ കിറ്റ് മാതൃകയിലെ സര്‍ക്കാരിന്റെ ഔദാര്യമാണെന്ന നിലയ്ക്ക് ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ വ്യക്തിപരമായി നല്‍കിയിരിക്കുന്ന സന്ദേശം അല്പ്പത്തരവും തരംതാണ രാഷ്ട്രീയ നാടകവുമാണെന്നാണ് ജീവനക്കാരുടെ ഇക്കാര്യത്തിലുള്ള പ്രതികരണം. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയുടെ നഗ്നമായ ലംഘനം കൂടിയാണ് ഈ നടപടി. സിവില്‍ സര്‍വീസിന്റെ ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജീവനക്കാരെ സ്വാധീനിക്കാന്‍ അവരുടെ സ്വകാര്യതകള്‍ ചോര്‍ത്തിയെടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന നല്‍കിയിട്ടുള്ള സന്ദേശം മുഖ്യമന്ത്രി പദവിയുടെ നഗ്നമായ ദുരുപയോഗമാണ്. സര്‍ക്കാറിന്റെ ഈ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഡറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കോടതിയുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകുമെന്ന് മാത്രമല്ല, നവകേരള സര്‍വേ മാതൃകയില്‍ സര്‍ക്കാറിന്റെ കള്ളക്കളികള്‍ തുറന്നുകാട്ടപ്പെടുന്നതുമായിരിക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ജനങ്ങളുടെ നികുതിപ്പണംമാത്രമല്ല, അവരുടെ വ്യക്തിവിവരങ്ങളും കൊള്ളയടിക്കുന്ന അവസ്ഥാവിശേഷം ഇത് സര്‍ക്കാറല്ല, കൊള്ളക്കാരാണെന്ന ആരോപണത്തിന് അടിവരയിട്ടുകൊണ്ടിരിക്കുകയാണ്.
editorial
പകരച്ചുങ്കത്തിന് സ്റ്റേ; അടി ട്രംപിനു മാത്രമല്ല
അടിയന്തരാവസ്ഥ സമയത്ത് താരിഫില്‍ മാറ്റം വരുത്താനുള്ള നിയമം ദുരുപയോഗം ചെയ്താണ് ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
യു. എസ് പ്രസിഡന്റ് ഏര്‍പ്പെടുത്തിയ പകരചുങ്കം നിയമ വിരുദ്ധമെന്ന സുപ്രീം കോടതി വിധി ട്രംപിനൊപ്പം രാജ്യത്തിന്റെ പരമാധികാരം അടിയറവെച്ച് വ്യാപാരക്കരാറില്‍ തിടുക്കപ്പെട്ട് ഒപ്പുവെച്ച ഇന്ത്യാ ഗവണ്മെന്റിനും കനത്ത അടിയാണ്. ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നുമായിരുന്നു ആഗോളതലത്തില്‍ വ്യപാരരംഗത്തെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തിലുള്ള കോടതിയുടെ നിരീക്ഷണം. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍. അടിയന്തരാവസ്ഥ സമയത്ത് താരിഫില്‍ മാറ്റം വരുത്താനുള്ള നിയമം ദുരുപയോഗം ചെയ്താണ് ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
എന്നാല്‍ കോടതിവിധിയെ വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ക്കാണ് ട്രംപി പിന്നീട് തുടക്കമിട്ടിരിക്കുന്നത്. 1974 ലെ വ്യാപാര നിയമത്തിലെ സെക്ഷന്‍ 122 പ്രകാരം എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ രാഷ്ട്രങ്ങള്‍ക്കും ആഗോള തീരുവ ചുമത്തുന്ന പുതിയ എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ അദ്ദേഹം ഒപ്പുവെച്ചിരിക്കുകയാണ്. സെക്ഷന്‍ 122 അഞ്ചുമാസത്തേക്കുമാത്രമുള്ള താല്‍ക്കാലിക നടപടിയാണെന്നതിനാല്‍ പുതുക്കിയ തീരുവ നിലനിര്‍ത്താന്‍ അദ്ദേഹം മറ്റുവഴികള്‍ തേടേണ്ടിവരുമെന്നത് മറ്റൊരുകാര്യം. രണ്ടാം തവണയും വൈറ്റ് ഹൗസില്‍ എത്തിയതിനുശേഷം, ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് വന്‍തോതില്‍ തീരുവ ഏര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് അമേരിക്കയുടെ വ്യാപാര ബന്ധങ്ങള്‍ അടിമുടി മാറ്റിമറിച്ചിരുന്നു. ഇതിനായി ‘ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട്’ എന്ന നിയമത്തിലെ വ്യവസ്ഥകളാണ് ട്രംപ് ആയുധമാക്കിയത്. മാരകമായ ലഹരിമരുന്നുകളുടെ കടത്ത് തടയുന്നതിനും വ്യാപാര കമ്മി കുറയ്ക്കുന്നതിനുമായി പ്രഖ്യാപിച്ച പ്രത്യേക തീരുവകളും ഇതില്‍ ഉള്‍പ്പെടുന്നു.
അമേരിക്ക കുറഞ്ഞ തീരുവ ഈടാക്കുന്നത് ഇന്ത്യയും ചൈനയും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം മുതെലുടുക്കുന്നുവെന്നതായിരുന്നു തീരുവ വര്‍ധിപ്പിക്കാനുള്ള ട്രംപിന്റെ ന്യായം. സഖ്യകക്ഷികളെയും സൗഹൃദ രാജ്യങ്ങളെയുമൊന്നും ഒഴിവാക്കാതിരിക്കാന്‍ ട്രംപ് പ്രത്യേകം ശ്രദ്ധിച്ചപ്പോള്‍ ലോകത്ത് വ്യാപാര യുദ്ധത്തിന്റെ പ്രതീതിയായിരുന്നു രൂപപ്പെട്ടത്. അമേരിക്കക്ക് ബദലായി വികസിത രാജ്യങ്ങള്‍ തിരിച്ചും കനത്ത തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ലോകം ആശങ്കയുടെ മുള്‍മുനയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. വിവിധ രാജ്യങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെയായിരുന്നു ട്രംപിന്റെ തീരുവ. ചൈന അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ അവരുടെ തീരുവ 100 മുതല്‍ 150 വരെയായി ഉയര്‍ന്നു. എന്നാല്‍ അപകടം മനസിലാക്കിയ ട്രംപ് ചര്‍ച്ചക്ക് സന്നദ്ധത അറിയിക്കുകയും പിന്നീട് കുറച്ചുകൊണ്ടുവരികയുമായിരുന്നു.
മോദിയുടെ മൈഫ്രണ്ടില്‍നിന്നുണ്ടായ അപ്രതീക്ഷിതമായ നീക്കങ്ങള്‍ ഇന്ത്യക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനു പുറമെ റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നുവെന്നതിന്റെ പേരില്‍ 25 ശതമാനം പിഴയും ചുമത്തിയപ്പോള്‍ ഇന്ത്യയുടെ ഇറക്കുമതിത്തീരുവ ഫലത്തില്‍ 50 ശതമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. ഒടുവില്‍ രാജ്യത്തിന്റെ ആത്മാഭിമാനം ട്രംപിനുമുന്നില്‍ പണയംവെച്ചാണ് വ്യാപാരക്കരാറിന്റെ പേരില്‍ ഇന്ത്യക്കുള്ള തീരുവ പതിനെട്ടു ശതമാനമായി കുറച്ചത്. അതിന് പകരമാകട്ടേ രാജ്യത്തെ കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്നതരത്തില്‍ യു.എസ് ഉല്പന്നങ്ങള്ക്ക് ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവരഹിതമാക്കിയിരിക്കുകയുമാണ്. വ്യാപാരക്കരാറിന്റെ പ്രഖ്യാപനംപൊലും ഇന്ത്യയെ ലോകത്തിന്റെ മുന്നില്‍ നാണിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇന്ത്യക്കുള്ള തീരുവ കുറച്ചുവെന്നും എന്നാല്‍ ഇന്ത്യ തങ്ങളുടെ ഉല്പന്നങ്ങള്ക്ക് തീരുവ പ്രഖ്യാപിക്കില്ലെന്നും ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു.
പകരച്ചുങ്കത്തിനുള്ള സ്റ്റേ ട്രംപിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കിട്ടിയിട്ടുള്ള കടുത്ത അടിയാണ്. ഇന്ത്യയുടെ പരമാധികാരത്തെതന്നെ അടിയറവെച്ചുകൊണ്ട് മോദി ഒപ്പുവെച്ച വ്യാപാരക്കരാറിന് രണ്ടാഴ്ച്ചമാത്രം തികയുന്നതിന് മുമ്പാണ് ട്രംപിന്റെ നയങ്ങള്‍ക്ക് അമേരിക്കന്‍ കോടതി സുല്ലിട്ടത്. അധികത്തീരുവകള്‍ക്കെതിരെ അമേരിക്കയിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ സമര്‍പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഈയാഴ്ച്ച ഇതില്‍ വിധിയുണ്ടാവുമെന്നും അറിഞ്ഞിട്ടും അതിനൊന്നും കാത്തുനില്‍ക്കാതെ ട്രംപിന്റെ തിട്ടൂരത്തിന് വഴങ്ങാന്‍ പ്രധാനമന്ത്രിക്കെന്തിനായിരുന്നു ഇത്രയും തിടുക്കം എന്ന ചോദ്യമാണ് രാജ്യം ഇപ്പോള്‍ ഉയര്‍ത്തുന്നത്. റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നതിന് തീരുവ വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ട്രംപിന്റെ തലതിരിഞ്ഞ നയങ്ങള്‍ക്കും രാജ്യത്തിന്റെ പരമാധികാരത്തിന്റെ മേല്‍കത്തിവെക്കുന്നതിനും റാന്‍മൂളിയായി മാറുന്നതിന് പകരം, സുപ്രീംകോടതി വിധി മുന്‍കൂട്ടിക്കണ്ട് വ്യാപാരക്കരാറില്‍ കാലതാമസം വരുത്തുകയും വിധിയുടെ പശ്ചാത്തലത്തില്‍ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കരാര്‍ പൂര്‍ണമായും ഇന്ത്യക്കനുകൂലമാക്കിമാറ്റുകയുമായിരുന്നു മോദി സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. വിധിക്കു ശേഷം ഇന്ത്യയുടെ തീരുവ 18 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി കുറച്ചത് ട്രംപിന്റെ നിസ്സഹായതക്കുള്ള തെളിവാണ്. എന്നാല്‍ രാജ്യതാല്‍പര്യങ്ങളെക്കാളുപരി എപ്സ്റ്റീന്‍ഫയല്‍ സമ്മര്‍ദ്ദങ്ങളടക്കമുള്ള യു.എസിന്റെ വിരട്ടലാണ് മോദിയെ കരാറിലേക്ക് നയിച്ചതെന്ന പ്രതിപക്ഷത്തിന്റെ ആരോപണമാണ് ഇവിടെ തെളിഞ്ഞുവന്നിരിക്കുന്നത്.
editorial
ആടിയുലയുന്ന കപ്പലും കത്രിക വീണ പി.ആറും
ചികിത്സപിഴവുകള്‍ ഒന്നിനു പിറകെ ഒന്നായി ഉയരുമ്പോഴും വകുപ്പില്‍ ആകെ നടക്കുന്നത് റിപ്പോര്‍ട്ട് തേടല്‍ മാത്രമാണ്.
കേരളത്തില്‍ പി.ആര് ഏജന്‍സികളെ ഉപയോഗിച്ച് മികച്ച തള്ളല്‍ നടത്തിയ ആരോഗ്യ മന്ത്രി ഒന്നാം പിണറായിസര്‍ക്കാറിലോ അതോ രണ്ടാം പിണറായി സര്‍ക്കാറിലോ എന്ന കാര്യത്തില്‍ മത്സരം പൊടിപൊടിക്കുമ്പോഴും സിസ്റ്റം പൂര്‍ണമായും കട്ടപ്പുറത്താണ്. തള്ളിനും അഹങ്കാരത്തിനുംഒരുവകുപ്പുണ്ടെങ്കില്‍ അത് നല്‍കേണ്ടവര്‍ക്കാണ് ആരോഗ്യ വകുപ്പ് നല്‍കിയതെന്നതാണ് പ്രധാന പ്രശ്നം. പണ്ടങ്ങാണ്ട് ചാനലില്‍ അവതാരികയായിരുന്നത് കൊണ്ട് ലോകത്തെ എല്ലാം തനിക്കറിയാമെന്നാണ് കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ ഭാവം. എന്നാല്‍ സ്വന്തം വകുപ്പില്‍ നടക്കുന്നത് ഒന്നു പോലും അറിയുന്നില്ലെന്ന് മാത്രം. കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി കേരളത്തിലെ ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലേക്ക് മാറ്റിയെന്നതാണ് വീണ ജോര്‍ജ് എന്ന ആരോഗ്യ മന്ത്രിയുടെ വലിയ സംഭാവന. ഉള്ളത് പറയാലോ വകുപ്പില്‍ ഒന്നും നടക്കുന്നില്ലെന്ന് പറയാന്‍ പറ്റില്ല. വയറ്റിലൊരു കത്രിക യോജന എന്നൊരു പദ്ധതി വിദഗ്ധമായി നടക്കുന്നുണ്ട്. ചികിത്സപിഴവുകള്‍ ഒന്നിനു പിറകെ ഒന്നായി ഉയരുമ്പോഴും വകുപ്പില്‍ ആകെ നടക്കുന്നത് റിപ്പോര്‍ട്ട് തേടല്‍ മാത്രമാണ്.
ഈ സര്‍ക്കാരിന്റെ കാലത്ത്,ആരോഗ്യമന്ത്രി തേടിയത് 43 റിപ്പോര്‍ട്ടുകളാണ്. 2021 ജൂണ്‍ 1 മുതല്‍ 2025 നവംബര്‍ 30 വരെ വീണ ജോര്‍ജ്ജ് റിപ്പോര്‍ട്ട് തേടിയത് 43 തവണ. ഇനി മന്ത്രി സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി പ്രതിപക്ഷം സമരം നടത്തുന്നുവെന്ന് പരിഹസിക്കുന്നതിന് പിന്നിലെ യാഥാര്‍ത്ഥ്യം കൂടി അറിയണ്ടേ?. അല്ലയോ വീണ മന്ത്രീ അങ്ങ് ബിന്ദുവിനെ അറിയുമോ.! കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ച അമ്മയാണ് ബിന്ദു. മന്ത്രിയുടെ ഭാഷയില്‍ സ്വകാര്യ ആശുപത്രികള്‍ക്കായുള്ള പ്രചാരണം. സുമയ്യയെ അറിയുമോ.! തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയതിന്റെ പേരില്‍ നിയമ പോരാട്ടം നടത്തുന്നയാളാണ് സുമയ്യ. ഇതും മന്ത്രി ഭാഷയില്‍ സ്വകാര്യ ആശുപത്രിക്കു വേണ്ടിയുള്ള പ്രചാരണം. വിനോദിനിയെ അറിയുമോ.! പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന വിദ്യാര്‍ത്ഥിനി. പ്രതിപക്ഷ നേതാവ് കൃത്രിമ കൈ നല്‍കുമെന്ന് അറിഞ്ഞ് സ്വകാര്യ ആശു പത്രിക്കു വേണ്ടിയാണോ മന്ത്രീ ഈ കുഞ്ഞിന്റെ കൈ മുറിച്ചത്. പോട്ടെ ഹര്‍ഷിനയെ അറിയുമോ.! പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക തുന്നിപ്പിടിപ്പിച്ചതിന്റെ പേരില്‍ നീതി തേടി സമരം തുടരുന്ന വീട്ടമ്മ. ഇവര്‍ സ്വകാര്യ ആശുപത്രി ലോബിക്കായാണോ നീതി തേടുന്നത്. വേണുവിനെ അറിയുമോ.. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ മരിച്ച വ്യക്തി. നിങ്ങളുടെ ഭാഷയില്‍ സ്വകാര്യ ആശുപത്രിക്കു വേണ്ടി മരിച്ചയാള്‍. നൗഷിജയെ അറിയുമോ.! പട്ടാമ്പി താലൂക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരിക്കെ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച വീട്ടമ്മ. മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ ആശുപത്രിക്ക് കഴിഞ്ഞില്ല എന്ന് ബന്ധുക്കള്‍ പറയുന്നു.
ഇവര്‍ക്ക് സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടി പ്രചാരണം നടത്താന്‍ ശേഷിയുണ്ടെങ്കില്‍ സ്വന്തം ജീവന് ഓട്ടവീണ കപ്പലിലെ ആശുപത്രിക്ക് സമര്‍പ്പിക്കുമായിരുന്നോ മന്ത്രീ?. നിങ്ങളുടെ മന്ത്രിസഭയുടെ കത്രിക യോജന പ്രകാരം കത്രിക വയറില്‍ വെച്ച് തുന്നി വിട്ട ഉഷാ ജോസഫിനെ അറി യുമോ.! ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഓപ്പ റേഷനില്‍ വയറില്‍ കത്രിക കുടുങ്ങിയ വീട്ടമ്മ. മന്ത്രിയുടെ കണക്കില്‍ ഇവരൊന്നും കാണില്ല. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന കണക്കിന് വയറ്റില്‍ കത്രികയുണ്ടെന്ന് കരുതി പ്രശ്നമില്ലെന്നും വേദന മൂത്രക്കല്ല് കാരണമാണെന്നും പറയുന്ന അതിവിദഗ്ധ ഡോക്ടര്‍മാരുള്ളപ്പോള്‍ പിന്നെ എന്ത് പേടിക്കാന്‍. കയ്യിന് വേദനയുമായി എത്തിയ കുഞ്ഞിന്റെ കൈമുറിച്ചു മാറ്റിയ സിസ്റ്റവുമാണ് ആരോഗ്യ മന്ത്രി ഇപ്പോഴും ഈ ഓട്ടക്കപ്പല്‍ തള്ളുന്നത്. എന്തായാലും പിണറായിക്ക് തുടര്‍ ഭരണം കിട്ടിയത് കൊണ്ട് ഒരു ഉപകാരമുണ്ട്. കഴിഞ്ഞ തവണത്തെ ആരോഗ്യ മന്ത്രിയുടെ കാലത്ത് മറന്നുവെച്ച്പോയ കത്രികകള്‍ ഈ ആരോഗ്യ മന്ത്രിയുടെ കാലത്ത് പുറത്തെടുത്ത് കൊടുക്കാം.
ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് മാത്രമല്ല എല്ലാ ലോകരാജ്യങ്ങളില്‍ നിന്നും ഫോണ്‍വിളികളും ഈ മെയില്‍ സന്ദേശങ്ങളും, അന്വേഷണങ്ങളുമാണ് കേരളത്തിലേക്ക്. ഇവിടെ വ്യാവസായിക അടിസ്ഥാനത്തില്‍, കുടില്‍ വ്യവസായ മാതൃകയില്‍, മനുഷ്യ ശരീരത്തില്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് പഠിക്കാനാണ് അന്വേഷണങ്ങളത്രയും. ഈ പുതിയ കണ്ടുപിടുത്തത്തെ പ്രശംസിക്കാന്‍, അംഗീകരിക്കാന്‍, മിനിമം നൊബെല്‍ പുരസ്കാരം എങ്കിലും നല്കി ആദരിക്കണമെന്നാണ് അമേരിക്കയില്‍ നിന്നു ട്രംപും യുകെയില്‍ നിന്നു സ്റ്റാര്‍മറും റഷ്യയില്‍ നിന്ന് പുടിനുമൊക്കെ ആവശ്യപ്പെടുന്നതെന്നും കരക്കമ്പിയുണ്ട്. കേരളത്തിന്റെ ഈ പുരോഗതിയെ അംഗീകരിക്കാതെ കേരളത്തെ താഴ്ത്തിക്കെട്ടാനായി ഇനി അവര്‍ ഈ പുരസ്കാരം നല്കാന് ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തമായി എ.ഐ വഴി ഒരു സര്‍ട്ടിഫിക്കറ്റ് അടിച്ചു നമ്പര്‍ വണ്‍ ആരോഗ്യ രംഗത്തെ പ്രശംസിക്കുന്നതായിരിക്കുമെന്ന ക്യാപ്സൂള്‍ വൈകാതെ പാര്‍ട്ടി തന്നെ പുറത്തിറക്കും. പഴയ ആരോഗ്യ മന്ത്രിയെ അമേരിക്കയില്‍ നിന്നു പോലും വിളിച്ച് ചികിത്സ തേടിയിരുന്ന സ്ഥാനത്ത് പുതിയ ആരോഗ്യ മന്ത്രിയെ കാലപുരിയില്‍ നിന്നുവിളിച്ചു ചോദിക്കാനാണ് കൂടുതല്‍ സാധ്യത.
കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമത കണ്ട് ഒബാമയും ട്രംപും എന്തിനേറെ ന്യൂയോര്‍ക്കില്‍ കപ്പലണ്ടി വിറ്റിരുന്ന സായിപ്പ് വരെ അത്ഭുതപ്പെട്ടെന്ന് തള്ളിയിരുന്ന മന്ത്രിയുടെ കാലത്തും ആരോഗ്യവകുപ്പിന് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ പി.ആര് പറയുന്നത്. മലയാളിക്ക് തലക്കകത്ത് ആള്‍താമസമുണ്ടെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണി ആദ്യം തോല്‍വി ഉറപ്പാക്കേണ്ട സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യത്തിന് രണ്ടാമതൊരു ഉത്തരം ആവശ്യമില്ല. അത്രമേല്‍ അഹങ്കാരം നിറഞ്ഞ സ്വരത്തിലാണ് മന്ത്രിയുടെ പ്രതികരണങ്ങള്‍. സര്‍ക്കാര്‍ ആശുപത്രിയിലെ പിഴവ് ചൂണ്ടിക്കാട്ടിയാല്‍ സ്വകാര്യ ആശുപത്രിയിലെ പിഴവ് എന്തു കൊണ്ട് ചൂണ്ടിക്കാട്ടുന്നില്ലെന്ന മറു ചോദ്യമാണ് ഉയര്‍ത്തുന്നത്. ഈ പിഴവുകള്‍ക്കെതിരെ നടപടി എടുക്കേണ്ടത് ആരാണെന്ന് ചോദിച്ചാല്‍ ആടിയുലയുകയാണ്
സിസ്റ്റം.
സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയില്‍ എന്താണ് സംഭവിക്കുന്നതെന്ന ഗൗരവതരമായ ചോദ്യമാണ് ഏതാനും ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഉയര്‍ത്തുന്നത്. ഒറ്റപ്പെട്ടതെന്ന് സര്‍ക്കാറും വകുപ്പ് മന്ത്രിയും ആണയിട്ടുകൊണ്ടിരിക്കുന്ന ചികിത്സാ പിഴവുകള്‍ നിത്യസംഭവങ്ങളായി മാറുമ്പോള്‍ മറുഭാഗത്ത് അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ സമരത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് അടിവരയിടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന സാധാരണക്കാരില്‍ സാധാര ണക്കാരായ മനുഷ്യര്‍ ചികിത്സാ നിഷേധത്താലും ചികിത്സാ പിഴവിനാലും പൊറുതിമുട്ടിക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ വകുപ്പ് മന്ത്രിയുടെ അവകാശവാദങ്ങളും വെല്ലുവിളികളുമെല്ലാം ഈ ഘട്ടത്തിലും ഒരു മുടക്കവുമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കാലാകാലങ്ങളായുള്ള ഭരണകൂടങ്ങളുടെ സൂക്ഷ്മതയോടെയുള്ള ഇടപെടലിലൂടെ കേരളത്തിന്റെ ആരോഗ്യരംഗം ഇന്ത്യയില്‍തന്നെ ഏറ്റവും മികവുറ്റതായി മാറിയിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ തത്വദീക്ഷയില്ലാത്ത സമീപനത്തിലൂടെ ഈ രംഗമാകെ താറുമാറായിക്കിടക്കുമ്പോഴും അവകാശവാദങ്ങളില്‍ അഭിമരമിക്കുന്ന വകുപ്പുമന്ത്രി നാടിനാകെ നാണക്കേടാണ് സമ്മാനിച്ചുകൊണ്ടരിക്കുന്നത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ വെച്ച് ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവമാണ് ചികിത്സാപിഴവിന്റെ ഉദാഹരണങ്ങളില്‍ ഏറ്റവും പുതിയത്. വയറ്റില്‍ കത്രികയുമായി, അസഹനീയമായ വേദനയുമായി ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് ഉഷ ജോസഫ് തള്ളിനീക്കിയത് അഞ്ച് വര്‍ഷക്കാലമാണ്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മെയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയുമായിരുന്നു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകുകയോ കാരണം കണ്ടെത്താനൊ കഴിഞ്ഞില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചത്. എക്സറെ ഉള്‍പ്പെടെയുള്ള പരിശോധനക്ക് ശേഷമാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. അസഹനീയമായ വേദനയുമായി പുളഞ്ഞുകൊണ്ട് നിരവധി തവണ ആശുപത്രിയെ സമീപിച്ചിട്ടും മരുന്നുനല്‍കി തിരിച്ചയച്ച ഡോക്ടര്‍മാരുടെ സമീപനത്തില്‍ തന്നെയുണ്ട് ചികിത്സയിലെ ആലസ്യത്തിന്റെ എല്ലാ പ്രതിഫലനവും. വയറ്റില്‍ കത്രികയുണ്ടെന്ന് തെളിഞ്ഞതിന് ശേഷം ചികിത്സക്കെത്താന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ആ ആശുപത്രിയിലേക്ക് ഇനി ചികിത്സക്കില്ലെന്ന് പറ ഞ്ഞ് സ്വകാര്യ ആശപത്രിയില്‍ അഭയം പ്രാപിച്ച പ്രസ്തുത സ്ത്രീയും വിളിച്ചുപറയുന്നത് നമ്മുടെ ചികിത്സാ രംഗത്തിന് സംഭവിച്ച അപചയത്തെക്കുറിച്ച് തന്നെയാണ്. സമാനമായ ചികിത്സാപിഴവിനിരയായ കോഴിക്കോട്ടുകാരിയായ ഹര്‍ഷിനയുടെ നീതിക്കുവേണ്ടിയുള്ള അലച്ചലിന് രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലയളവിന്റെയത്രതന്നെ പ്രായമുണ്ട്. ഉഷ ജോസഫിനുണ്ടായ ധാരുണമായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈയിടെമാത്രമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുണ്ടായ നിരവധി ചികിത്സാ പിഴവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചികിത്സയ്ക്ക് ശേഷം 14 വയസുകാരന്റെ കൈ വളഞ്ഞുപോയ സംഭവമുണ്ടായത് കോന്നി മെഡിക്കല്‍ കോളജിലാണ്.
കഴിഞ്ഞ നവംബറിലാണ് തന്‍സീറിന്റെ കൈ ഒടിഞ്ഞതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഓര്‍ത്തോ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടു. എന്നാല്‍ ഫെബ്രുവരി രണ്ടിന് പ്ലാസ്റ്റര്‍ മാറ്റിയപ്പോഴാണ് കൈ വളഞ്ഞുപോയ വിവരം വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ചികിത്സയില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുന്ന കുടുംബം, കുട്ടിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് വിണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നതായും ബന്ധുക്കള്‍ പറയുന്നു. ഇത്തരം സംഭവങ്ങളിലെല്ലാം നടക്കുന്ന അന്വേഷണങ്ങളാകട്ടേ വെറും പ്രഹസനങ്ങളായിത്തീരുകയാണ്. കുറ്റക്കാര്‍ക്കെതിരെയുള്ള മാതൃകാപരമായ ശിക്ഷ വാക്കുകളിലൊതുങ്ങുന്നത് പിഴവുകള്‍ ആവര്‍ത്തിക്കപ്പെടുന്നതിനുള്ള കാരണമായിത്തീരുകയുമാണ്. ശമ്പള പരിഷ്കരണ കുടിശികയും ഡി.എ കുടിശികയും അടിയന്തരമായി അനുവദിക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം ആറാം ദിവസത്തിലേക്ക് കടന്നതും ഇവിടെ ചേര്‍ത്തുവായിക്കപ്പെടേണ്ടതാണ്. സമരംവഴി മെഡിക്കല്‍ കോളജുകളുടെ ഉള്‍പ്പെടെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം ശക്തമായി തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ഒ.പി വിഭാഗം പൂര്‍ണമായും സ്തംഭിച്ചതും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചതും സാധാരണക്കാരായ രോഗികളെ ദുരിതക്കഴത്തിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കുന്നതിനു പകരം സമരം ശക്തമായി നേരിടാനാണ് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും തീരുമാനം. ഇതിന്റെ ഭാഗമായി ഡ്യൂട്ടിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ച ആരോഗ്യവകുപ്പ്, സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരുടെ പേരുവിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പതിവുധിക്കാരവും ധാര്‍ഷ്ട്യവും സര്‍ക്കാര്‍ ഇ ക്കാര്യത്തിലും തുടരുന്നതുവഴി ആത്യന്തികമായി പാവപ്പെട്ട രോഗികളാണ് എല്ലാ കെടുതികളും അനുഭവിക്കേണ്ടി വരുന്നത്.
-
Sports2 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News2 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories2 days agoഇറാനി പോള
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health2 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
