main stories
ഹൃദയം കൊണ്ടൊരു അധികാരാരോഹണം
ജനകീയ ജനാധിപത്യത്തിന്റെ സൗന്ദര്യങ്ങളത്രയും നിറഞ്ഞാടിയ പ്രൗഢ സദസ്സിനെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി വി.ഡി സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തത്.
കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ജനകീയ അധികാരാരോഹണത്തിനാണ് ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ജനകീയ ജനാധിപത്യത്തിന്റെ സൗന്ദര്യങ്ങളത്രയും നിറഞ്ഞാടിയ പ്രൗഢ സദസ്സിനെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി വി.ഡി സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തത്. ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്നതെന്ന ജനാധിപത്യത്തിന്റെ ആപ്തവാക്യത്തെ അക്ഷരാര്‍ത്ഥത്തില്‍ സാധൂകരിക്കുകയായിരുന്നു അലകടല്‍പോലെ ആഞ്ഞുവീശിയെത്തിയ ജനക്കൂട്ടം. ഒരു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് ശേഷം കൈവന്ന സൗഭാഗ്യത്തെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ അത്യാഘോഷത്തോടെ വരവേല്‍ക്കുന്ന കാഴ്ച്ചയായിരുന്നു അത്യുത്തര കേരളം മുതല്‍ അനന്തപത്മനാഭന്റെ മണ്ണുവരെ പ്രകടമായത്.
ആത്മനിര്‍വൃതിയുടെ നിമിഷങ്ങള്‍ക്ക് നേരിട്ടു സാക്ഷിയാകാന്‍ കഴിയാത്തവര്‍ നാടും നഗരവും ആഘോഷത്തിമര്‍പ്പിലാക്കിമാറ്റി. അത്യപൂര്‍വതകള്‍ക്ക് സാക്ഷ്യംവഹിച്ച സത്യപ്രതിജ്ഞാ ചടങ്ങ് ഈ സര്‍ക്കാര്‍ ഉറപ്പുനല്‍കുന്ന വിസ്മയങ്ങളുടെ പ്രാരംഭമായി മാറുകയായിരുന്നു. സാങ്കേതികത്വങ്ങളുടെ പരിമിതികള്‍ മറികടന്നുകൊണ്ട്, ഭരണപക്ഷത്തിന്റെ സമുന്നത സാരഥികള്‍ക്കൊപ്പം പ്രതിപക്ഷത്തെ പ്രമുഖരെയും വേദിയില്‍ ഇരുത്തിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി, പ്രൊഫ. ഖാദര്‍ മൊയ്തീന്, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരോടൊപ്പം പ്രതിപക്ഷനേതാവ് പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ക്കും വേദിയില്‍ തന്നെയായിരുന്നു ഇരിപ്പിടം.
നല്കിയ വാഗ്ദാനങ്ങളും എടുത്ത നിലപാടുകളുമാണ് യു.ഡി.എഫിനെ ഹൃദയത്തില്‍ ചേര്‍ത്തുവെക്കാന്‍ കേരളത്തെ പ്രേരിപ്പിച്ചത്. അതൊന്നും വെറുംവാക്കുകളോ വൃഥാ വാഗ്ദാനങ്ങളോ അല്ലെന്നുളള പ്രഖ്യാപനം അധികാരത്തിലേറിയ ദിവസംതന്നെയുണ്ടായിരിക്കുകയാണ്. ഇന്ദിരാഗ്യാരണ്ടിയില്‍ രണ്ടെണ്ണം നടപ്പാക്കാനുള്ള തീരുമാനമാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ എടുത്തിരിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 3000 വര്‍ധിപ്പിച്ചതും ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെ.എസ്.ആര്.ടി.സിയില്‍ സൗജന്യ യാത്ര അനുവദിക്കുന്നതുമാണ് ആ തീരുമാനങ്ങള്‍. വൃദ്ധജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്താന്‍ ഇന്ത്യയില്‍ ആദ്യമായി വയോജന വകുപ്പ് രൂപീകരിക്കും, അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പാചക തൊഴിലാളികള്‍ക്കും 1000 രൂപ വീതം വേതനം വര്‍ദ്ധിപ്പിക്കും, പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനവും 1000 രൂപ വര്‍ധിപ്പിക്കും തുടങ്ങിയ തീരുമാനങ്ങളും പ്രഥമ മന്ത്രിസഭ എടുത്തിരിക്കുകയാണ്.
പാവങ്ങളെയും ദുര്‍ബല വിഭാഗങ്ങളെയും ശത്രുക്കളായിപ്രഖ്യപിച്ച ഇടതു സര്‍ക്കാര്‍ ഈ വിഭാഗങ്ങളുടെയെല്ലാം ന്യായമായ ആവശ്യങ്ങളോട് പ്രതികാരബുദ്ധിയോടെയാണ് സമീപിച്ചിരുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ പൊരിവെയിലില്‍, പെരുമഴയില്‍ വേതനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി സമരം ചെയ്ത ആശാ പ്രവര്‍ത്തകരോട് സമരം അവസാനിപ്പിച്ച് എത്രയും വേഗം മടങ്ങണമെന്നായിരുന്നു അന്നത്തെ സര്‍ക്കാറിന്റെ ആജ്ഞ. എന്നാല്‍ അന്ന് സമരപ്പന്തലിലെത്തിയ വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും അവര്‍ക്ക് നല്കിയ വാഗ്ദാനം യു.ഡി.എഫ് വന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ നിങ്ങളുടെ കാര്യം പരിഗണിക്കുമെന്നായിരുന്നു. ആ വാക്കാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
ഇന്നലെ ദര്‍ശിക്കാനായ കരുതലിന്റെയും സ്നേഹത്തിന്റെയും ചില സമ്മോഹന മുഹൂര്‍ത്തങ്ങള്‍ ഈ സര്‍ക്കാറിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് അടിവരയിടുന്നതായിരുന്നു. ആരോരുമില്ലാത്ത തന്നെ ചേര്‍ത്തുപിടിച്ച വി.ഡി. സതീശനെ സ്വന്തം മകനായി കാണുന്ന അമ്മാളു അമ്മ എന്ന വയോധിക ഔദ്യോഗിക ചടങ്ങുകള്‍ക്കിടയിലും വേദിയിലേക്ക് കടന്നുവന്നഹൃദയസ്പര്‍ശിയായ നിമിഷമായിരുന്നു അതിലൊന്ന്. പ്രോട്ടോക്കോള്‍ തടസങ്ങളില്ലാതെ വേദിയിലെത്തി വി.ഡി. സതീശനെ കെട്ടിപ്പിടിച്ച ആ അമ്മയുടെ ദൃശ്യം ഭരണാധികാരിയും ഭരണകൂടവും ജനങ്ങളോട് ചേര്ന്നുനില്ക്കുന്നതിന്റെ പ്രതിഫലനമായിരുന്നു. പാലക്കാട് പല്ലനശ സ്വദേശിനിയും ഒമ്പതു വയസുകാരിയുമായ വിനോദിനി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയത് തന്റെ കൃത്രിമ കൈക്കൊണ്ട് മുഖ്യമന്ത്രിക്കൊരു പൂച്ചെണ്ട് നല്‍കാനായിരുന്നു. ആ കൈനല്‍കിയ വി.ഡി സതീശന് കേരളത്തിന്റെ മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നന്ദിയുടെ ഒരു പൂച്ചെണ്ട് നല്കാതിരിക്കാന് വിനോദിനിക്ക് കഴിയുമായിരുന്നില്ല.
അതുകൊണ്ടാണ് ഈ ജനത്തിരക്കിനിടയിലും അവളും കുടുംബവും പാലക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. അധികാരത്തിലെത്തിയാല്‍ പഴയതൊന്നും മറക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ലെന്ന പഴയ പ്രഖ്യാപനവും വൃഥാവിലല്ലെന്ന സൂചനയും ഈ മന്ത്രിസഭ നല്കിക്കഴിഞ്ഞിരിക്കുകയാണ്. അധികാരപ്രമത്തതയാല്‍ മുന്‍ സര്‍ക്കാര്‍ കാണിച്ചിട്ടുള്ള അനീതികളെ ഒന്നൊന്നായി വിചാരണ ചെയ്യാന്‍ തുടക്കമിട്ടിരിക്കുന്നു. 2023 ല്‍ നവകേരള യാത്രയ്ക്കിടെഅന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുനേരെ ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താനാണ് സര്‍ക്കാറിന്റെ തീരുമാനം. സത്യപ്രതിജ്ഞാ ചടങ്ങിലെ അഭൂതപൂര്‍വമായ ജനപ്രവാഹം ഈ സര്‍ക്കാറിലുള്ള ജനങ്ങളുടെ പ്രതീക്ഷയായിരുന്നെങ്കില്‍ അതിന് നിറംപകരുന്ന തീരുമാനങ്ങളാണ് പ്രഥമ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഉണ്ടായിരിക്കുന്നത്.
kerala
ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; വാക്കുപാലിച്ച് യുഡിഎഫ്
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും.
തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിന് പറഞ്ഞ വാക്ക് പാലിച്ച് വിഡി സതീശന് സര്‍ക്കാര്‍. ആശാ വര്‍ക്കമാരുടെ വേതനവര്‍ധന, കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി.ഡി. സതീശന് നടത്തിയത്.
ജൂണ്‍ 15 മുതല്‍ കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ അറിയിക്കും. വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് ഇതിനുമുന്‍പ് ഇത് വിജയകരമായി നടപ്പിലാക്കിയത് ജപ്പാനിലാണ്.
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും. ആദ്യഘട്ടത്തില്‍ 3000 രൂപ വര്‍ധിപ്പിക്കും.
കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായാണ് വി.ഡി. സതീശന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി.ഡി. സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
വി.ഡി. സതീശന് പിന്നാലെ മന്ത്രിസഭയിലെ സീനിയര്‍മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിന്നാലെ സണ്ണി ജോസഫ്, കെ. മുരളീധരന്, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി. ജോണ്‍, അനില്‍ കുമാര്‍, എന്‍. ഷംസുദ്ദീന്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീര്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
kerala
മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഓഫീസുകളിലെത്തി ചുമതലയേറ്റു
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഓഫീസുകളിലെത്തി ചുമതലയേറ്റു. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രി വി.ഡി സതീശന്റെ ഓഫീസ്. ഇതേ ബ്ലോക്കിലാണ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസ്.
ബ്ലോക്കിലെ രണ്ടാംനിലയിലാണ് രമേശ് ചെന്നിത്തലയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. നേരത്തെ മന്ത്രിമാര്‍ ആയിരുന്ന മുതിര്‍ന്ന നേതാക്കള്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഓഫീസ് തന്നെയാണ് ആവശ്യപ്പെട്ടത്. ആദ്യത്തെ മന്ത്രിസഭാ യോഗം പുരോഗമിക്കുകയാണ്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് , കെ മുരളീധരന് , മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി ജോണ്‍ എ.പി അനില്‍ കുമാര്‍, എന്‍ ഷംസുദ്ദീന്, പി.സി വിഷ്ണുനാഥ്, റോജി എം.ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം ഷാജി, പി.കെ ബഷീര്‍ , വി.ഇ അബ്ദുല്‍ ഗഫൂര്‍, ടി സിദ്ദിഖ്, കെ.എ തുളസി, ഒ.ജെ ജനീഷ് എന്നിവരാണ് യഥാക്രമം സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാര്‍ ഗവര്‍ണറുടെ ചായസല്‍ക്കാരത്തിലും പങ്കെടുത്തു.
kerala
സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി; മുഖ്യമന്ത്രി ഉള്‍പ്പടെ 21 അംഗ മന്ത്രിസഭ അധികാരമേറ്റു
തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി വി.ഡി. സതീശന് മന്ത്രിസഭയില്‍ 21 അംഗ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തിരുവനന്തപുരം: തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി വി.ഡി. സതീശന് മന്ത്രിസഭയില്‍ 21 അംഗ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രിയ്ക്കു ശേഷം പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായി അധികാരമേറ്റു. മലപ്പുറത്തെ പ്രതിനിധീകരിച്ചാണ് പി.കെ. കുഞ്ഞാലിക്കുട്ടി സഭയിലെത്തുന്നത്. നിരവധി തവണ യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു കുഞ്ഞാലിക്കുട്ടി.
മന്ത്രിസഭയിലെ മൂന്നാമനായിട്ടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പ്രതിനിധിയുമായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭയിലെ ആഭ്യന്തരവകുപ്പ് ചെന്നിത്തലയാവും കൈകാര്യം ചെയ്യുക. ആഭ്യന്തരമന്ത്രി പദം ചെന്നിത്തലയെ തേടിയെത്തുന്നത് രണ്ടാം തവണയാണ്.
നാലാമതായി കെപിസിസി തലപ്പത്ത് നിന്ന് പേരാവൂര്‍ മണ്ഡലത്തിലെ നിയമസഭ സാമാജികനുമായ സണ്ണി ജോസഫും മന്ത്രിയായി അധികാരമേറ്റു. പേരാവൂരില്‍ നിന്ന് നാലാം തവണയാണ് എംഎല്‍എയായി തെരഞ്ഞെടുത്തു. കെ എസ് യുവിലൂടെയായിരുന്നു സണ്ണി ജോസഫിന്റെ രാഷ്ട്രീയ പ്രവേശനം.
തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇംഗ്ലീഷിലാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പ്രതിനിധിയായ കെ. മുരളീധരന് അധികാരമേറ്റത്. 14 തെരഞ്ഞെടുപ്പുകള്‍ നേരിട്ട നേതാവാണ് ഇദ്ദേഹം. മുരളീധരന് മന്ത്രിയാകുന്നത് ഇത് രണ്ടാം തവണയാണ്.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നേതാവായ മോന്‍സ് ജോസഫ് സത്യവാചകം ചൊല്ലി അധികാരമേറ്റു. മോന്‍സ്കടുത്തുരുത്തി പ്രതിനിധിയായിട്ടാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. ആറ് തവണ സഭയിലേക്ക് ഇദ്ദേഹം ജയിച്ച് കയറിയിട്ടുള്ളത്.പി ജെ ജോസഫിന്റെ വിശ്വസ്തനാണ് മോന്‍സ്
ഷിബു ബേബി ജോണും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചവറയില്‍ നിന്ന് മൂന്നാംതവണയാണ് ഷിബു ബേബിജോണ്‍ വിജയിച്ചത്. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായിരുന്നു. മുന്‍ മന്ത്രി ബേബി ജോണിന്റെ മകനാണ്.പിറവത്ത് നിന്ന് തുടര്‍ച്ചയായി ജയിച്ചു കയറിവന്ന അനൂപ് ജേക്കബ് സത്യവാചകം ചൊല്ലി അധികാരമേറ്റു. അനൂപിന് ഇത് മന്ത്രിപദം രണ്ടാമൂഴമാണ്. പിറവത്ത് ചരിത്ര ഭൂരിപക്ഷം നേടി നിയമസഭയിലെത്തുന്നത്. മണ്ഡലത്തിലെ ‘അയലത്തെ പയ്യന് എന്ന ഇമേജുമായിട്ടാണ് അനൂപ് സഭയിലേക്കെത്തുന്നത്.
സി.പി ജോണ്‍ അധികാരമേറ്റു. യുഡിഎഫിലെ ഭരണകാലങ്ങളില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമായിരുന്നു അദ്ദേഹം. വണ്ടൂരില്‍ നിന്ന് തുടച്ചയായി ആറാം വിജയം നേടിയ എ.പി. അനില്‍ കുമാറും അധികാരമേറ്റു. ലീഗിന്റെ പ്രതിനിധിയായി എന്‍. ഷംസുദ്ദീന് അധികാരമേറ്റു, കോണ്‍ഗ്രസിന്റെ യുവമുഖമായ പി.സി വിഷ്ണുനാഥും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ യുവ നേതാവും അങ്കമാലിയുടെ പ്രതിനിധിയായ റോജി.എം.ജോണ്‍ അധികാരമേറ്റു. കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണ സത്യവാചകം ചൊല്ലി അധികാരമേറ്റു.ഇടത് കോട്ട തകര്‍ത്ത് കായംകുളത്ത് നിന്ന് ആദ്യജയം കരസ്ഥമാക്കിയ എം.ലിജു അധികാരമേറ്റു.
മുസ്ലിം ലീഗിന്റെ യുവമുഖമായ കെ.എം. ഷാജി അധികാരമേറ്റു.എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന പി.കെ ബഷീര്‍ മന്ത്രിസഭയില്‍ ഭാഗമായി. ഏറനാട് മണ്ഡലത്തിലെ നാല് തവണ പ്രതിനിധികരിച്ചിട്ടുണ്ട്. കളമശേരിയില്‍ ജയിച്ചുകയറിയ വി.ഇ അബ്ദുല്‍ ഗഫൂര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം വിജയത്തില്‍ തന്നെ മന്ത്രിയായ മന്ത്രിസഭയുടെ ഭാഗമായി ടി. സിദ്ദിഖ്. ഇടത്കോട്ട കോങ്ങാട് മണ്ഡലം കീഴടക്കി ആദ്യ വിജയം നേടിയ പാലക്കാട് ജില്ലയിലെ ആദ്യ വനിതാ മന്ത്രിയായി തുളസി മന്ത്രിയായി അധികാരമേറ്റു. കന്നിപ്പോരാട്ടത്തില്‍ ജയം നേടി മന്ത്രിസഭയില്‍ പ്രവേശിച്ച ഒ ജെ ജനീഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഒ ജെ ജനീഷ്.
-
GULF3 days agoയൂസുഫലിയുടെ ഇടപെടല്‍: ഇടവളേയ്ക്കുശേഷം അബുദാബി ഇസ്ലാമിക് സെന്റര്‍ വീണ്ടും സജീവമാകുന്നു
-
india3 days agoജനസംഖ്യ കൂട്ടാന്‍ പദ്ധതിയുമായി ആന്ധ്രപ്രദേശ്; കുട്ടികള്‍ മൂന്നായാല്‍ 30,000, നാലാമന് 40,000, പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു
-
News3 days agoഗൂഡല്ലൂര്‍ യതീംഖാനയില്‍ നാളെ വനിതാ സന്ദര്‍ശനം
-
News3 days agoഉറക്കം 7 മണിക്കൂർ കുറവെങ്കിൽ ആയുസ്സും കുറയും,ഭക്ഷണം വ്യായാമം എന്നിവയെക്കാൾ പ്രാധാന്യം
-
News3 days agoനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരില്‍ ഒരാള്‍ കൂടി പിടിയില്‍
-
kerala2 days agoസത്യപ്രതിജ്ഞാ ചടങ്ങ്: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
-
kerala24 hours agoമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoകേരളത്തിൻ്റെ 13ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു

