Connect with us

Article

ആദര്‍ശപ്രസ്ഥാനത്തിന്റെ അഴകും ആഴവും

അറിവും വിനയവും കൊണ്ട് ആരെയും കീഴടക്കുന്ന മഹാനായ മാതൃകാ പണ്ഡിതനായിരുന്നു ഇന്നലെ വിടപറഞ്ഞ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖ്യ കാര്യദര്‍ശി ശൈഖുല്‍ ജാമിഅ: ഉസ്താദ് കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.

Published

on

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

അറിവും വിനയവും കൊണ്ട് ആരെയും കീഴടക്കുന്ന മഹാനായ മാതൃകാ പണ്ഡിതനായിരുന്നു ഇന്നലെ വിടപറഞ്ഞ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖ്യ കാര്യദര്‍ശി ശൈഖുല്‍ ജാമിഅ: ഉസ്താദ് കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെന്ന മഹാവൃക്ഷത്തിന്റെ അമരത്തിരുന്നപ്പോഴും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവായി ജീവിച്ചപ്പോഴും ജീവിതത്തില്‍ പുലര്‍ത്തിപ്പോന്ന വിനയവും അസാധാരണമായ പക്വതയും അദ്ദേഹത്തെ പലരില്‍ നിന്നും വ്യത്യസ്തനാക്കി. സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായി സേവനം ചെയ്ത ഉസ്താദ്, പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സംഘടനയുടെ നയനിലപാടുകള്‍ക്ക് കരുത്തും കാവലുമായി നിലകൊണ്ടു. ശതാബ്ദി പിന്നിട്ട സമസ്തയുടെ ചരിത്രത്തില്‍ നമ്മുടെ മാര്‍ഗദര്‍ശികളായ പള്ളി വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, പറവണ്ണ കെ.പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരുടെ പിന്‍ഗാമിയായിട്ടാണ് അദ്ദേഹം സമസ്ത ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്.

വ്യക്തിപരമായി ദീര്‍ഘകാലത്തെ ബന്ധം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. സംഘടനാ രംഗത്ത് സജീവമായതോടെ അദ്ദേഹവുമായി കൂടുതല്‍ അടുത്തിടപഴകാന്‍ എനിക്ക് അവസരം ലഭിച്ചു. കൂടിയാലോചനകളിലും ചര്‍ച്ചകളിലും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിലപ്പെട്ട ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ദീര്‍ഘകാലത്തെ അനുഭവങ്ങളുടെയും പരിചയങ്ങളുടെയും പിന്‍ബലമുണ്ടായിരുന്നു. ശംസുല്‍ ഉലമാ, കോട്ടുമല ഉസ്താദ് തുടങ്ങിയ മഹാന്മാരോടൊപ്പം പ്രവര്‍ത്തിക്കുകയും അവര്‍ക്ക് സേവനം ചെയ്യുകയും ചെയ്യാന്‍ തൗഫീഖ് ലഭിച്ച അദ്ദേഹത്തിന് അവരുടെ സംഘടനാ തീരുമാനങ്ങളെ കുറിച്ചും നയ നിലപാടുകളെ കുറിച്ചും പറയാന്‍ എന്നും വലിയ ആവേശമായിരുന്നു.

കിതാബുകളില്‍ വലിയ അവഗാഹം നേടിയ അദ്ദേഹം സ്വപ്രയത്‌നത്തിലൂടെ തന്റെ വൈജ്ഞാനിക വ്യക്തിത്വത്തെ വികസിപ്പിച്ചു. കിതാബുകളുടെ സാങ്കേതിക പരിജ്ഞാനത്തോടൊപ്പം അറബി ഭാഷയിലും സാഹിത്യത്തിലും ഇംഗ്ലീഷ് പോലെയുള്ള ഇതര ഭാഷകളിലും വ്യുല്‍പത്തി നേടി. അതിനാല്‍ തന്നെ നിരവധി പൊതു ഉത്തരവാദിത്തങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഇതര ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പ്രാപ്ത്തി അദ്ദേഹത്തിന് പൊതു സ്വീകാര്യത നേടിക്കൊടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റായി നിയോഗിക്കപ്പെട്ടതു മുതല്‍ ഉസ്താദ് ആലിക്കുട്ടി മുസ്‌ലിയാര്‍ നല്‍കിയ പിന്തുണയും സഹായവും വളരെ വലുതായിരുന്നു. സമസ്തയുടെ കേന്ദ്ര മുശാവറ ഏതെങ്കിലുമൊരു വിഷയത്തില്‍ നയപരമായ ഒരു തീരുമാനം കൈകൊള്ളുമ്പോള്‍ അദ്ദേഹം സ്വീകരിച്ചിരുന്ന കീഴ് വഴക്കങ്ങളും സമീപനങ്ങളും എന്നും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. സമസ്തയുടെ പാരമ്പര്യത്തിലൂന്നി പുതിയ കാലത്തെ ഉള്‍കൊള്ളുന്ന സമീപനം അദ്ദേഹം എല്ലാ കാലത്തും സ്വീകരിച്ചു.
വലിയൊരു പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന തലക്കനമോ പ്രൗഢിയോ അദ്ദേഹം ആരോടും കാണിച്ചില്ല. സങ്കീര്‍ണമായ വിഷയങ്ങളുള്ളപ്പോഴെല്ലാം അവതാനതയോടെ കാര്യങ്ങള്‍ കേള്‍ക്കാനും അഭിപ്രായം രേഖപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഐതിഹാസികമായ നൂറാം വാര്‍ഷികം കാസര്‍കോട് കുണിയയില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്നപ്പോള്‍ ഏറെ അവശനായിട്ടും നഗരിയില്‍ വരാനും പതാക ഉയര്‍ത്തുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനും അദ്ദേഹം തയാറായി. നൂറാം വാര്‍ഷിക പ്രചരണത്തിന്റെ ഭാഗമായി കന്യാകുമാരിയില്‍ നിന്ന് മംഗലാപുരത്തേക്ക് നടന്ന സമസ്ത ശതാബ്ദി സന്ദേശ യാത്രയുടെ പതാക കൈമാറ്റത്തിന് സ്വാഗത സംഘം ശൈഖുല്‍ ജാമിഅ: ആലിക്കുട്ടി മുസ്‌ലിയാരെ തിരഞ്ഞെടുത്തത് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിരുന്നു.

Advertisement

പ്രസ്ഥാനത്തോടും പ്രസ്ഥാന ബന്ധുക്കളോടും അദ്ദേഹം കാണിച്ച വാത്സല്യവും സ്‌നേഹവും അതിരറ്റതായിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളജിനെ അദ്ദേഹം ജീവന് തുല്യം സ്‌നേഹിച്ചു. സ്ഥാപനത്തിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും അദ്ദേഹം എന്നും സേവന സന്നദ്ധനായിരുന്നു. ജാമിഅഃയുടെ പ്രൗഢിയും പാരമ്പര്യവും നിലനിര്‍ത്താന്‍ അദ്ദേഹം എപ്പോഴും മുന്നില്‍ നിന്നു. സമസ്ത കേന്ദ്ര മുശാവറ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത ഫത് വാ കമ്മിറ്റി തുടങ്ങിയ വിവിധ വേദികളില്‍ അദ്ദേഹവുമായി ഒന്നിച്ചിരിക്കാനും സഹപ്രവര്‍ത്തനം നടത്താനും സാധിച്ചു. കൂടാതെ കാസര്‍കോട് ഖാസി എന്ന നിലയില്‍ അവിടെ വെച്ചും ഉസ്താദുമായി ദീര്‍ഘകാലം ബന്ധപ്പെടാനും വിവിധ വിഷയങ്ങളില്‍ ഇടപെടാനും കഴിഞ്ഞു. അപ്പോഴെല്ലാം അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയിലും വിനയത്തോടെയും മാത്രമേ സംവദിക്കാറുള്ളൂ.

ശംസുല്‍ ഉലമായുടെ ശിഷ്യനെന്ന നിലയില്‍ അദ്ദേഹം എപ്പോഴും അഭിമാനം കൊണ്ടു. ശൈഖുനയുടെ ശിഷ്യന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പ്രബോധന പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം എല്ലാ വേദികളിലും വാചാലനായി. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എടുത്ത തീരുമാനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. അത് നടപ്പാക്കുവാനും പുതിയ പദ്ധതികളും പരിപാടികളുമായി സംഘടന എന്നും ചലനാത്മകമാവണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഉസ്താദിന്റെ വഫാത്തോടെ സമസ്തയുടെ പൈതൃകവും പാരമ്പര്യവും നെഞ്ചേറ്റിയ ഒരു ജീവിതം കൂടി വിടപറഞ്ഞിരിക്കുകയാണ്. പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണെന്ന വചനം അന്വര്‍ഥമാവുന്ന രൂപത്തിലാണ് ഒരോ മഹാ ജീവിതങ്ങളും അസ്തമിക്കുന്നത്. അവരുടെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് തലമുറകള്‍ക്ക് ദീനീ ചൈതന്യം കൈമാറേണ്ടവരാണ് നാമെല്ലാം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇസ്സത്ത് നിലനിര്‍ത്താന്‍ നമ്മുടെ മുന്‍ഗാമികള്‍ സഹിച്ച ത്യാഗവും സേവനവും എന്നും ഓര്‍മിക്കുന്നതോടൊപ്പം ഉസ്താദിന്റെ പാരത്രിക ജീവിതം അല്ലാഹു സമ്പന്നമാക്കട്ടെ…

Article

അലിവിന്റെയും അറിവിന്റെയും ആള്‍രൂപം

രു വിളക്കുമാടമായി ജ്വലിച്ചുനിന്ന് വിശ്വാസികള്‍ക്ക് അറിവിന്റെ ശോഭതെളിയിച്ച സൂഫീവര്യന്‍.

Published

on

By

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

അറിവിന്‍ മധുരം കിനിയുന്ന വാക്കുകളും അലിവിന്റെ കുളിര്‍തെന്നല്‍ സ്പര്‍ശവും സമ്മേളിച്ച ഒരു യുഗപുരുഷനായിരുന്നു പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. ഇസ്‌ലാമിന്റെയും സമസ്തയുടെയും ധന്യപാത ജീവിതവഴിയായി സ്വീകരിച്ച പണ്ഡിത ശ്രേഷ്ഠന്‍. ഒരു വിളക്കുമാടമായി ജ്വലിച്ചുനിന്ന് വിശ്വാസികള്‍ക്ക് അറിവിന്റെ ശോഭതെളിയിച്ച സൂഫീവര്യന്‍. മൗനമായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകള്‍ സദാ ചലിച്ചുകൊണ്ടേയിരിക്കും. അല്ലാഹുവിന്റെ മഹദ് വചനങ്ങള്‍ ഉരുവിട്ട് സദാസമയവും സൃഷ്ടാവില്‍ അലിഞ്ഞുചേര്‍ന്നുള്ള ജീവിതം.

ഇസ്‌ലാമിന്റെ ധാര്‍മിക പാതയും സമസ്തയുടെ പാരമ്പര്യവും പൈതൃകവും മുറുകെപിടിച്ചാണ് അദ്ദേഹം ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടിയത്. ഇഹത്തിലെ നേട്ടങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളൊന്നും, എല്ലാം പരലോക വിജയത്തിനായി മാത്രം. കൗമാര കാലം മുതല്‍ക്കുതന്നെ സമുദായ നേതൃത്വത്തിലെത്തിയയാളായിരുന്നു മഹാനവര്‍കള്‍. 1968ല്‍ ജാമിഅയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം മീനാര്‍കുഴിയില്‍ ദര്‍സ് ആരംഭിക്കുമ്പോള്‍ വളറെ ചെറുപ്പമായിരുന്നു അദ്ദേഹം. 16 വയസില്‍ തന്നെ ഖത്തീബായി, 20 വയസ് കഴിഞ്ഞുപോകും മുമ്പ് ഖാസിയായി പൊതുരംഗത്ത് സജീവമായ പണ്ഡിതനാണദ്ദേഹം. 1979 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ മുദരിസായി നിയമിതനായി. 2003 ല്‍ പ്രിന്‍സിപ്പലായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ല്‍ കാസര്‍കോട് ഖാസിയായി നിയമിക്കപ്പെട്ടു. 1986 ലാണ് സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമായത്. 2010ല്‍ സമസ്ത സെക്രട്ടറിയായി.

2016ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ്, സുന്നി അഫ്കാര്‍ വാരിക ചീഫ് എഡിറ്റര്‍ പദവി വഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍ മാനുമായിരുന്നു. ആള്‍ ഇന്ത്യ പേഴ്‌സണല്‍ ലോ ബോര്‍ഡ്, മുസ്‌ലിം വേള്‍ഡ് ലീഗ് ഫിഖ്ഹ് കൗണ്‍സില്‍ എന്നീ സമിതികളില്‍ പ്രത്യേക ക്ഷണിതാവായിരുന്നു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Advertisement

പിന്നിട്ട ജീവിതം മുഴുവന്‍ സമുദായത്തിന്റെ നേതൃനിരയില്‍ തന്നെ അദ്ദേഹമുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും ലോകത്തിലെ തന്നെ പ്രശസ്ത ഇസ്്‌ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ചുക്കാന്‍ പിടിച്ചു. സമസ്തക്കായി ജീവിതം മുഴുവന്‍ ഓടി നടന്നു. ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. അനാരോഗ്യം കാരണം കിടപ്പിലാവുന്നതുവരെ അദ്ദേഹം സമുദായത്തിനായി ഓടിനടന്നു. ജാമിഅഃയിലെ അധ്യാപകനായും പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ച അദ്ദേഹം, നിരവധി പണ്ഡിതരെ സമൂഹത്തിന് സംഭാവന ചെയ്തു. ഉസ്താദുമാരുടെ ഉസ്താദായിരുന്ന ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നും സമുദായത്തിന്റെ ആധികാരിക നേതൃത്വമായിരുന്നു.

വിയോഗം വരെ ഉമ്മുല്‍ മദാരിസിന്റെ രക്ഷകര്‍തൃസ്ഥാനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അവസാനം നടന്ന വാര്‍ഷിക, സനദ് ദാന സമ്മേളനത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു. സന്തതസഹചാരികളുടെയും ഊന്നുവടിയുടെയും സഹായത്തോടെയാണ് അന്നദ്ദേഹം വേദിയിലെത്തിയത്. എനിക്ക് ഓര്‍മവെച്ച കാലം മുതല്‍ ഞങ്ങളുടെ കുടുംബത്തിന്റെ കൂടെ അദ്ദേഹമുണ്ടായിരുന്നു. പാണക്കാട് കുടുംബവുമായുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം ഞങ്ങളുടെ പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കാലം മുതല്‍ക്ക് തുടങ്ങിയതായിരുന്നു. പിന്നീട് മുഹമ്മദലി ശിഹാബ് തങ്ങളുമായും ഉമറലി ശിഹാബ് തങ്ങളുമായും ഹൈദരലി ശിഹാബ് തങ്ങളുമായും ഞങ്ങളെല്ലാവരുമായുമെല്ലാം ആ ബന്ധം തുടര്‍ന്നു. പാണക്കാട്ടെ വീട് അദ്ദേഹത്തിന് സ്വന്തം വീട് പോലെ പ്രിയപ്പെട്ടതായിരുന്നു. ഞങ്ങള്‍ക്കദ്ദേഹം വലിയ അത്താണിയും ബലവുമായിരുന്നു.

ഇടക്കിടെ അവിടെ വരും, ദീര്‍ഘനേരമിരിക്കും. മുന്‍പിലെ വഴിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലെല്ലാം തറവാട്ടില്‍ സന്ദര്‍ശനം നടത്തും. പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പൂര്‍വികരുടെ ഖബറിടം സന്ദര്‍ശിക്കും. പട്ടിക്കാട് ജാമിഅഃ കമ്മിറ്റിയില്‍ അംഗമായത് മുതല്‍ അദ്ദേഹവുമായി കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം ലഭിച്ചിരുന്നു. സമ്മേളനത്തിന്റെ കാര്യങ്ങളിലും മറ്റും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അടുത്തിടപഴകിയപ്പോഴെല്ലാം പുഞ്ചിരിയും സംയമനവും നിറഞ്ഞസ്‌നേഹവുമല്ലാതെ മറ്റൊന്നും ആ മുഖത്ത് നിഴലിച്ച് കണ്ടിട്ടില്ല. വലിപ്പചെറുപ്പമില്ലാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന പ്രകൃതം. അറിവുകൊണ്ടും അലിവ്‌കൊണ്ടും മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുന്ന വ്യക്തിത്വം. വിയോഗ വാര്‍ത്തയറിയുമ്പോള്‍ മനസിലേക്കോടിയെത്തിയത് അനേകം ഓര്‍മകളാണ്. നഷ്ടപ്പെട്ടത് ഒരു കൂടപ്പിറപ്പിനെ പോലെ സ്‌നേഹിച്ചിരുന്ന ഒരാളെയാണ്. അതെ, ഒടുവില്‍ അല്ലാഹു നിശ്ചയിച്ചതെല്ലാം പൂര്‍ത്തിയാക്കി ആ പണ്ഡിതന്‍ തിരുസന്നിധിയിലേക്ക് യാത്രയായിരിക്കുന്നു. മഹാനവര്‍കളുടെ പരലോക ജീവിതം അല്ലാഹു റാഹത്തിലാക്കട്ടെ. നമ്മെയും അവരെയും സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടട്ടെ.

Advertisement
Continue Reading

Article

നിര്‍ഭയ യൗവനത്തിന്റെ പോരാട്ട വീര്യം

. ചുട്ടുപൊള്ളുന്ന ദില്ലീ വീഥികളില്‍, കത്തുന്ന സൂര്യന് കീഴില്‍ ഒരു കൂട്ടം യുവാക്കള്‍ ഒന്നര മാസത്തോളമായി മുഴക്കുന്ന മുദ്രാവാക്യങ്ങളുടെ മുഴക്കം ചോരയില്‍ മുക്കി ഇല്ലാതാക്കാമെന്ന ഭരണകൂട തിട്ടൂരം വ്യാമോഹം മാത്രമാകുമെന്നാണ് നവോര്‍ജ്ജം വിളിച്ചോതുന്നത്.

Published

on

By

പികെ നവാസ്

രാജ്യതലസ്ഥാനം അസാധാരണമായ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗുമെല്ലാം പാര്‍ലമെന്റില്‍ നിന്ന് തെരുവിലേക്കും പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിലേക്കും സമരം വ്യാപിപ്പിച്ചിരിക്കുന്നു. ചുട്ടുപൊള്ളുന്ന ദില്ലീ വീഥികളില്‍, കത്തുന്ന സൂര്യന് കീഴില്‍ ഒരു കൂട്ടം യുവാക്കള്‍ ഒന്നര മാസത്തോളമായി മുഴക്കുന്ന മുദ്രാവാക്യങ്ങളുടെ മുഴക്കം ചോരയില്‍ മുക്കി ഇല്ലാതാക്കാമെന്ന ഭരണകൂട തിട്ടൂരം വ്യാമോഹം മാത്രമാകുമെന്നാണ് നവോര്‍ജ്ജം വിളിച്ചോതുന്നത്.

യുവാക്കളുടെ വിയര്‍ത്തൊലിക്കുന്ന ശരീരങ്ങള്‍, മോദി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുമ്പോള്‍, അവര്‍ക്ക് പിന്നില്‍ ഹിമാലയത്തിന്റെ നിശ്ചയദാര്‍ഢ്യവുമായി ഒരാളുണ്ട് ‘സോനം വാങ്ചുക്’ ലഡാക്കിന്റെ മണ്ണും ജലവും സംസ്‌കാരവും അദാനിമാര്‍ക്ക് പണയം വെക്കാതിരിക്കാന്‍, ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ ആവശ്യപ്പെട്ട് അദ്ദേഹം നടത്തിയ സമാധാനപരമായ പ്രക്ഷോഭങ്ങളെ ഈ ജനാധിപത്യവിരുദ്ധ സര്‍ക്കാര്‍ നേരിട്ടത് കരിനിയമങ്ങള്‍ ഉപയോഗിച്ചാണ്. ഒരു കുറ്റവും ചെയ്യാത്ത, സമാധാനപരമായി പ്രതിഷേധിച്ച ആ ജനകീയ നേതാവിനുമേല്‍ ദേശീയ സുരക്ഷാ നിയമം എന്ന കരിനിയമം ചുമത്തി മാസങ്ങളോളം തടവിലിട്ടു. പണ്ട് തെലങ്കാന സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്തവരെ അംഗീകരിച്ച ചരിത്രമുള്ള ഇന്ത്യയിലാണ്, ഇന്ന് ലഡാക്കിന് വേണ്ടി സമാധാനപരമായി സംസാരിച്ച വ്യക്തിയെ കുറ്റവാളിയാക്കുന്നത്!. അടിയന്തരാവസ്ഥക്കാലത്തെക്കാള്‍ ഭീകരമായി ‘മീസ’ നിയമത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സോനം വാങ്ചുക്കിനെ ഈ സര്‍ക്കാര്‍ വേട്ടയാടിയത്.

ലഡാക്കില്‍ നിന്ന് അദ്ദേഹത്തെ ജോധ്പൂരിലെ വിദൂരമായ ജയിലിലേക്ക് നാടുകടത്തിയത്, പണ്ട് ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യസമര സേനാനികളെ ആന്‍ഡമാനിലെ ‘കാലാപാനി’യിലേക്ക് അയച്ച ക്രൂരതയ്ക്ക് തുല്യമാണ്. സുപ്രീം കോടതിയില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22 ഉയര്‍ത്തിക്കാട്ടി ഈ അന്യായ തടങ്കലിനെ ചോദ്യം ചെയ്തിട്ടും, ഭരണകൂട സ്വാധീനത്തില്‍ ആ കേസ് നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്തത്. ഒടുവില്‍ തടവറയ്ക്കുള്ളിലെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ചെയ്യിച്ച ഉറപ്പിന്മേലാണ് അദ്ദേഹത്തെ വിട്ടയച്ചത്. എന്നാല്‍ ഭയപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കിയവര്‍ തെറ്റിദ്ധരിച്ചു; അന്യായ തടങ്കലിന് ശേഷം പുറത്തിറങ്ങിയ സോനം വാങ്ചുക് ഇപ്പോള്‍ ഈ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ്, തകര്‍ന്നടിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിന് വേണ്ടിയാണ് ദില്ലിയിലെ ജന്തര്‍ മന്തറില്‍ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്നത്. ഇപ്പോള്‍ സമരത്തിന്റെ ഇരുപതിലധികം ദിവസങ്ങള്‍ പിന്നിടുമ്പോള്‍, അദ്ദേഹത്തിന്റെ ആരോഗ്യം അതീവ ഗുരുതരമായിട്ടും മോദി ഭരണകൂടത്തിന്റെ പോലീസ് അദ്ദേഹത്തെ ജന്തര്‍ മന്തറിലെ സമരവേദിയില്‍ നിന്നും സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് ബലമായി മാറ്റിക്കൊണ്ട് വീണ്ടുമൊരു അന്യായ തടങ്കലിനാണ് ശ്രമിക്കുന്നത്.

Advertisement

ഇരകളുടെ രാഷ്ട്രീയ പ്രതിരോധമാണ് നമ്മള്‍ കാണുന്നത്. സമരഭൂമിയില്‍ നിന്ന് ഉയര്‍ന്നുവന്ന ഏറ്റവും ശക്തമായ രാഷ്ട്രീയ ശബ്ദമാണ് ‘കോക്രോച്ച് ജനത പാര്‍ട്ടി’ എന്ന വിദ്യാര്‍ത്ഥി മുന്നേറ്റം. ഭാവിയും സ്വപ്‌നങ്ങളും കരിഞ്ഞുപോയ ഒരു തലമുറയുടെ ആക്രോശമാണത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു വക്കീലിനെ ശാസിക്കുന്നതിനിടയില്‍ ഉപയോഗിച്ച ‘പരാന്നഭോജികള്‍’, ‘കോക്രോച്ചുകള്‍’ എന്നീ പ്രയോഗങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് രൂപീകരിച്ച ഈ പ്രസ്ഥാനം ഇന്ന് സിസ്റ്റത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള ഉഗ്രശബ്ദമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ചവിട്ടിയരയ്ക്കലുകള്‍ക്ക് ഇരയാകുമ്പോഴും ചത്തുപോകാത്ത അതിജീവന ശേഷിയോടെ അവര്‍ തെരുവിലിറങ്ങിയിരിക്കുന്നു.

പൊലീസ് ഈ സമരത്തെ നേരിടുന്നത് ക്രൂരമായ ലത്തിച്ചാര്‍ജ്ജിലൂടെയും ഭീകരമായ നിരീക്ഷണ സംവിധാനങ്ങളിലൂടെയുമാണ്. ജന്തര്‍ മന്തറില്‍ സ്ഥിരമായി നിരീക്ഷണ ഗോപുരങ്ങള്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും വീഡിയോയും എടുത്ത് ഭയപ്പെടുത്താന്‍ നോക്കുന്ന ദില്ലി പൊലീസിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. സമരവേദിയില്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെക്ക് നേരെ ‘ജയ് ശ്രീറാം’ വിളികളോടെ ഭരണകൂട ഗുണ്ടകള്‍ നീല മഷി എറിഞ്ഞ് ആക്രമണം നടത്തുമ്പോഴും, ‘നീല എന്റെ നിറമാണ്, ജയ് ഭീം’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആ യൗവനം നെഞ്ചുറപ്പോടെ പോരാടുകയാണ്. മോദി ഭരണത്തിന്റെ പരാജയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ഈ യൗവനം രാജ്യത്തിന്റെ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ്.

നിരന്തരമായി രാജ്യത്തെ യുവാക്കള്‍ ജീവിതത്തില്‍ നിവര്‍ന്നുനില്‍ക്കാന്‍ വേണ്ടി പഠിച്ചുമരിച്ച് എഴുതുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍, തങ്ങളുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളുടെയും സമ്പന്നരുടെയും മക്കളുടെ കൈകളിലേക്ക് പരീക്ഷാ തലേന്ന് എത്തിച്ചുകൊടുക്കുകയാണ് ഈ ഭരണകൂടം. നീറ്റ്, യുജിസി നെറ്റ് പരീക്ഷകളില്‍ നടന്ന അതീവ ഗുരുതരമായ അഴിമതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്ന അഴിമതി കൂടാരത്തിലൂടെ പരീക്ഷാ പേപ്പറുകള്‍ കറുത്ത വിപണിയില്‍ ലേലം വിളിക്കപ്പെടുകയാണ്. ലക്ഷക്കണക്കിന് ദരിദ്രസാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനമാണ് ഇവിടെ ചവിട്ടിമെതിക്കപ്പെടുന്നത്. ഈ പരീക്ഷാ തട്ടിപ്പുകള്‍ താങ്ങാനാവാതെ ഇരുപതോളം വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് ജീവനൊടുക്കിയത്! ഒടുവില്‍ പരീക്ഷ നടത്താന്‍ പോലും നമ്മുടെ പ്രിയപ്പെട്ട സൈന്യത്തിന്റെയും വ്യോമസേനയുടെയും സഹായം തേടേണ്ടി വരുന്ന ദയനീയ അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുന്നു.

ഈ പരീക്ഷാ ദുരന്തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കേണ്ട വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആകെ ചെയ്തത് ‘ടെലിഗ്രാം’ ആപ്ലിക്കേഷന്‍ അല്‍പകാലത്തേക്ക് പൂട്ടിയിടുക എന്നത് മാത്രമാണ്. ഇവിടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നിശബ്ദത മാത്രമാണ്. പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ, ‘അസത്യവും ഹിംസയുമാണ് ഈ മോദി സര്‍ക്കാരിന്റെ അടിസ്ഥാന പ്രമാണം. ‘കോര്‍പ്പറേറ്റ് ദാസ്യവും അടിച്ചമര്‍ത്തലിന്റെ ഭൂമിശാസ്ത്രവും രാജ്യത്തിന്റെ പൊതുസ്വത്തെല്ലാം അദാനി അംബാനിമാര്‍ക്ക് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്ന ഈ ഭരണകൂടം, അധികം വൈകാതെ ഇന്ത്യയുടെ ഭരണചക്രവും ഇവര്‍ക്ക് എഴുതി നല്‍കിയേക്കാം.

Advertisement

ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം ഇന്ന് രണ്ടുപേര്‍ ചേര്‍ന്ന് വില്‍ക്കുകയും രണ്ടുപേര്‍ ചേര്‍ന്ന് വാങ്ങുകയും ചെയ്യുന്ന (ഔാ ഉീ, ഔാമൃല ഉീ) കോര്‍പ്പറേറ്റ് ദാസ്യത്തിന് കീഴിലാണ്. കള്ളക്കഥകളും വര്‍ഗീയ കലാപങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ ഭരണത്തില്‍ രാജ്യം സാമ്പത്തിക രംഗത്തും തൊഴിലില്ലായ്മയിലും കൂപ്പുകുത്തി വീണിരിക്കുന്നു. ലഡാക്കിലെ അതീവ പരിസ്ഥിതി ലോലമായ മഞ്ഞുമലകള്‍ കോര്‍പ്പറേറ്റ് ഖനനത്തിന് തുറന്നുകൊടുക്കാന്‍ ശ്രമിക്കുന്ന അതേ വേഗതയിലാണ്, അതീവ സംരക്ഷിത പ്രദേശമായി ആദിമ ഗോത്രവര്‍ഗക്കാര്‍ അധിവസിക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ വരെ അദാനിക്ക് വേണ്ടി കച്ചവടം ചെയ്ത് നശിപ്പിക്കുന്നത്. യുഎപിഎ , പിഎംഎല്‍എ, എന്‍എസ്എ തുടങ്ങിയ കരിനിയമങ്ങള്‍ പ്രതിപക്ഷത്തെയും ജനാധിപത്യ വിശ്വാസികളെയും അടിച്ചമര്‍ത്താന്‍ മാത്രമാണ് ഇവര്‍ ഉപയോഗിക്കുന്നത്.

അന്താരാഷ്ട്ര വേദികളില്‍ ചെന്ന് ചര്‍ച്ചകളെക്കുറിച്ചും നയതന്ത്രത്തെക്കുറിച്ചും വാചാലനാകുന്ന പ്രധാനമന്ത്രി, സ്വന്തം നാട്ടിലെ ജനങ്ങളോടും സോനം വാങ്ചുക്കിനെപ്പോലുള്ള സമരനായകരോടും ചര്‍ച്ച നടത്താന്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്?. ഈ നീതികേടുകള്‍ക്കെതിരെയും വിദ്യാര്‍ത്ഥികളുടെയും ലഡാക്കിലെ ജനങ്ങളുടെയും ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലിലേക്ക് കടന്നുവന്നതിനാണ് ജനനേതാവ് രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ എം.പിമാരെയും മോദി ഭരണകൂടത്തിന്റെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിപക്ഷ നേതാക്കളെപോലും തടവിലാക്കി ശബ്ദമടപ്പിക്കാമെന്നത് നഗ്‌നമായ ജനാധിപത്യ ധ്വംസനമാണ്. ജനപ്രതിനിധികളെയും വിദ്യാര്‍ത്ഥികളെയും ശത്രുക്കളായി കാണുന്ന ഈ ഭീരുത്വത്തിന്റെ ഭരണകൂടം ചരിത്രത്തിന്റെ കറുത്ത താളുകളിലേക്ക് തള്ളപ്പെടും.

ചോദ്യപേപ്പറുകള്‍ വില്‍ക്കപ്പെട്ടേക്കാം, പൊതുസ്വത്ത് കൈയേറപ്പെട്ടേക്കാം, ജനകീയ നേതാക്കള്‍ തടവിലാക്കപ്പെട്ടേക്കാം. എന്നാല്‍ തെരുവിലിറങ്ങിയ യൗവനത്തിന്റെ കണ്ണുകളിലെ തീപ്പൊരിയെയും പ്രതിപക്ഷത്തിന്റെ പോരാട്ടവീര്യത്തെയും അടിച്ചമര്‍ത്താന്‍ അമിത് ഷായുടെ പൊലീസിനോ മോദിയുടെ ഭരണകൂടത്തിനോ കഴിയില്ല. നമ്മുടെ രാജ്യത്തിന്റെ ഭാവി കൈകളില്‍ ഏന്തിയിരിക്കുന്ന യുവാക്കളുടെ ശബ്ദം കേള്‍ക്കാന്‍ ഭരണകൂടം തയ്യാറായേ മതിയാകൂ. ഭയമില്ലാത്ത മനുഷ്യരാല്‍, തോല്‍ക്കാന്‍ മനസില്ലാത്ത യൗവനത്താല്‍, ചരിത്രം തെരുവുകളില്‍ വീണ്ടും എഴുതപ്പെടുകയാണ്. ഇന്ദ്രപ്രസ്ഥം ജനാധിപത്യം വീണ്ടെടുക്കാനുള്ള യുവമുന്നേറ്റത്തെ പിന്തുണക്കാം.

 

Advertisement
Continue Reading

Article

ഓർമ്മ ചിറകിൽ കെ കെ എന്ന തണൽമരം

രാഷ്ട്രീയത്തിന്റെ കൊടുംവെയിലിലും സ്‌നേഹത്തിന്റെ കുളിര് പകര്‍ന്ന, കറപുരളാത്ത പൊതുപ്രവര്‍ത്തനത്തിന്റെ നേര്‍വഴികളിലൂടെ നടന്ന കെ.കെ. മുഹമ്മദ് എന്ന ഞങ്ങളുടെ പ്രിയപ്പെട്ട കെ.കെ അങ്ങനെയൊരാളായിരുന്നു.

Published

on

കെ. സൈനുല്‍ ആബിദീന്‍

വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി

ചില മനുഷ്യരുണ്ട്, അവര്‍ ജീവിച്ചുതീര്‍ത്ത വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു വലിയ ആല്‍മരത്തിന്റെ തണലാണ് ഓര്‍മ വരിക. രാഷ്ട്രീയത്തിന്റെ കൊടുംവെയിലിലും സ്‌നേഹത്തിന്റെ കുളിര് പകര്‍ന്ന, കറപുരളാത്ത പൊതുപ്രവര്‍ത്തനത്തിന്റെ നേര്‍വഴികളിലൂടെ നടന്ന കെ.കെ. മുഹമ്മദ് എന്ന ഞങ്ങളുടെ പ്രിയപ്പെട്ട കെ.കെ അങ്ങനെയൊരാളായിരുന്നു. മലബാറിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് ചന്ദ്രിക ദിനപത്രത്തിന്റെ അമരക്കാരനായി പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന ആ വ്യക്തിത്വത്തിന്റെ വിയോഗം ഇപ്പോഴും ഒരു വിങ്ങലായി മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്.

പിതൃതുല്യനായ ജ്യേഷ്ഠന്‍
എന്റെ വളരെ ചെറിയ പ്രായത്തിലാണ്, ഒരുപക്ഷേ എനിക്ക് ഒന്നോ രണ്ടോ വയസ്സുള്ളപ്പോഴാണ് കെ.കെ എന്റെ മൂത്ത പെങ്ങളായ സൈനബയെ കല്യാണം കഴിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിലെ ആറ് സഹോദരന്മാരിലും രണ്ട് സഹോദരിമാരിലും മൂത്തവളായിരുന്നു സൈനബ. അതുകൊണ്ടുതന്നെ ഓര്‍മവെച്ച കാലം തൊട്ടേ എനിക്ക് കെ.കെ ഒരു അളിയന്‍ മാത്രമായിരുന്നില്ല, പിതൃതുല്യനായ ഒരു വലിയ ജ്യേഷ്ഠനായിരുന്നു. ഒരു പിതാവിന്റെ സ്ഥാനത്തുനിന്നാണ് അദ്ദേഹം എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നതും വഴികാട്ടിയതും.

Advertisement

ഹൈസ്‌കൂള്‍ കാലഘട്ടത്തിലാണ് കെ.കെ എന്ന പത്രപ്രവര്‍ത്തകനെയും ലീഗ് നേതാവിനെയും ഞാന്‍ ശരിക്കും മനസ്സിലാക്കാന്‍ തുടങ്ങുന്നത്. അക്കാലത്തൊക്കെയും അദ്ദേഹം വലിയ തിരക്കുകളിലായിരുന്നു. പത്രപ്രവര്‍ത്തനവും യൂത്ത് ലീഗിന്റെ സംഘടനാ ചുമതലകളുമൊക്കെയായി എപ്പോഴും ഓട്ടത്തിലായിരിക്കും. എങ്കിലും, വീട്ടിലെത്തിയാല്‍ ആ തിരക്കുകളെയെല്ലാം അദ്ദേഹം പടിക്കല്‍ മാറ്റിവെക്കും. ഞങ്ങളെ വല്ലാതെ സ്‌നേഹിക്കുകയും കാര്യങ്ങളൊക്കെ ചോദിച്ചറിയുകയും ചെയ്യുമായിരുന്നു. കുട്ടികളായ ഞങ്ങളെയും കൂട്ടി പുറത്തുപോകാനൊക്കെ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. അദ്ദേഹത്തിന്റെ മൂത്തമകന്‍ നിസാറും ഞാനും തമ്മില്‍ വലിയ പ്രായവ്യത്യാസമില്ലാത്തതിനാല്‍, ഞങ്ങളെയെല്ലാം ഒരേപോലെ കണ്ടാണ് അദ്ദേഹം വളര്‍ത്തിയത്. എന്നാല്‍, ഈ സ്‌നേഹപ്രകടനങ്ങള്‍ക്കും കളികള്‍ക്കുമിടയിലും ബാങ്ക് വിളി കേട്ടാല്‍ അദ്ദേഹം മറ്റെല്ലാം മാറ്റിവെക്കും. ഉടന്‍ തന്നെ നിസ്‌കാരത്തിലേക്കുള്ള ഒരുക്കങ്ങളിലേക്ക് പ്രവേശിക്കുകയും പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യുമായിരുന്നു.

കൃത്യനിഷ്ഠയുടെയും നിസ്‌കാരത്തിന്റെയും ജീവിതം
നിസ്‌കാരത്തിന്റെ കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയ ആ നിഷ്ഠ ചെറുപ്പം മുതലേ ഞങ്ങള്‍ കണ്ടറിഞ്ഞതാണ്. ജമാഅത്തായി (കൂട്ടമായി) നിസ്‌കരിക്കാനും, പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാനുമുള്ള ആ കണിശത അദ്ദേഹം ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചു. അതുപോലെതന്നെയായിരുന്നു സമയകൃത്യതയും. അതിരാവിലെ ഉണരുന്ന ശീലമായിരുന്നു കെ.കെയുടേത്. അക്കാലത്ത് പാലക്കാടായിരുന്നു അദ്ദേഹത്തിന്റെ താമസം. അവിടെ അദ്ദേഹത്തിന്റേതായി ‘മാഹി സ്റ്റോര്‍’ എന്നൊരു പ്രശസ്തമായ ഷോപ്പ് തന്നെയുണ്ടായിരുന്നു.

പാലക്കാട് ജില്ലാ ചന്ദ്രികയുടെ ലേഖകനായിട്ടായിരുന്നു കെ.കെയുടെ പത്രപ്രവര്‍ത്തന രംഗത്തെ തുടക്കം. പിന്നീട് ഇ.എസ്.എം. ഹനീഫ ഹാജി ജില്ലാ പ്രസിഡന്റായ സമയത്ത് സെക്രട്ടറിയായി ചുമതലയേറ്റു. ആ കാലഘട്ടത്തിലാണ് എ.കെ. ആന്റണി, വി.എം. സുധീരന്‍, വയലാര്‍ രവി, കടന്നപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയ കോണ്‍ഗ്രസിന്റെ വലിയ നേതാക്കളുമായി അദ്ദേഹം അടുത്ത സൗഹൃദം സ്ഥാപിക്കുന്നത്. എ.കെ. ആന്റണി പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് കെ.കെയുടെ പെരിങ്ങത്തൂരിലെ വീട്ടില്‍ വരികയും ആ പഴയ സൗഹൃദത്തിന്റെ കഥകള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. വി.എം. സുധീരനും കെ.കെയുടെ യുവജന പ്രസ്ഥാനങ്ങളുടെ കാലത്തെക്കുറിച്ചും ആ കാലത്തെ ആത്മബന്ധങ്ങളെക്കുറിച്ചും പിന്നീട് പലവട്ടം സംസാരിക്കാറുണ്ടായിരുന്നു. രാഷ്ട്രീയ വൈരുധ്യങ്ങള്‍ക്കപ്പുറം വ്യക്തിബന്ധങ്ങള്‍ക്ക് അവര്‍ എത്രമാത്രം വിലനല്‍കിയിരുന്നു എന്നതിന് തെളിവായിരുന്നു ആ സൗഹൃദങ്ങളെല്ലാം.

പ്രതിസന്ധികളിലും തളരാത്ത ചുവടുകള്‍

Advertisement

എന്റെ ഓര്‍മയില്‍, 1976-ല്‍ എന്റെ വാപ്പ മരിച്ചതിനുശേഷമുള്ള ജീവിതത്തില്‍ കെ.കെയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമായിരുന്നു എന്റെ കാര്യങ്ങളിലുമുള്ള വഴികാട്ടി. അദ്ദേഹത്തെ കണ്ടും പഠിച്ചും ജീവിക്കുക എന്നത് വലിയൊരു അനുഭവമായിരുന്നു. കാരണം, ജീവിതത്തില്‍ ഒന്നിനോടും ഒത്തുതീര്‍പ്പുകള്‍ക്ക് തയാറാകാത്ത ഒരു തനത് ശൈലി കെ.കെ സൂക്ഷിച്ചു.

പിന്നീട് പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റുകയും ചന്ദ്രികയുടെ റസിഡന്റ് എഡിറ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു. ബാഫഖി തങ്ങളുടെ നിർബന്ധപ്രകാരം ആയിരുന്നു ഈ ദൗത്യം. സംഘടനയുടെയും പത്രത്തിന്റെയും തിരക്കുകള്‍ക്കിടയില്‍ സ്വന്തം ബിസിനസ്സ് നോക്കാന്‍ കഴിയാതെ വരികയും ഒടുവില്‍ അത് പൂട്ടിപ്പോകുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. എങ്കിലും ചന്ദ്രികയെയും പ്രസ്ഥാനത്തെയും നെഞ്ചേറ്റിയ അദ്ദേഹം അതിലൊന്നും തളര്‍ന്നില്ല. ലീഗ് ഓഫീസും യൂത്ത് ലീഗ് പ്രസിഡന്റ് പദവിയുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ലോകം. മുസ്ലിം ലീഗിലെ നിര്‍ഭാഗ്യകരമായ പിളര്‍പ്പിന്റെ കാലത്ത് അദ്ദേഹത്തെ ചന്ദ്രികയിൽ നിന്നും മാറ്റി നിർത്ത.. പിന്നീട് ‘ലീഗ് ടൈംസ്’ ൻ്റെ എഡിറ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു. അക്കാലത്തെല്ലാം ഓള്‍ ഇന്ത്യ മുസ്ലിം ലീഗിന്റെ നേതാക്കളില്‍ പ്രമുഖനായി എപ്പോഴും തിരക്കിട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

ഞങ്ങളുടെ കുടുംബ ആവശ്യങ്ങള്‍ക്കായി പലപ്പോഴും ഗള്‍ഫില്‍ വരുമ്പോഴും പാര്‍ട്ടിയുടെയും സംഘടനകളുടെയും ക്ഷണപ്രകാരമുള്ള പരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നു. യാത്രകളിലും പ്രവാസത്തിലും അദ്ദേഹം പുലര്‍ത്തിയ ചില സൂക്ഷ്മതകളുണ്ട്. എത്ര വലിയ യാത്രയിലാണെങ്കിലും ഒരു വഖ്തുപോലും നിസ്‌കാരം തെറ്റിക്കില്ല. ഒരു ?????കര്‍ത്താവിന്റെ സൂക്ഷ്മതയോടെ അദ്ദേഹം കുടുംബത്തിലെ ഓരോരുത്തരെയും നോക്കിപ്പോന്നു. തികഞ്ഞ രാഷ്ട്രീയക്കാരനായിരിക്കുമ്പോഴും മതപരമായ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും അദ്ദേഹം ചെയ്യാറുണ്ടായിരുന്നില്ല.

‘ചന്ദ്രിക’ എന്ന ജീവശ്വാസം
കെ.കെയ്ക്ക് ചന്ദ്രിക എന്നത് വെറുമൊരു പത്രമായിരുന്നില്ല, സ്വന്തം ജീവശ്വാസമായിരുന്നു. അത് അദ്ദേഹത്തിന്റെ പ്രസ്ഥാനമായിരുന്നു, കുടുംബമായിരുന്നു. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ വലിയൊരു ബഹളം കേട്ടു. നോക്കുമ്പോള്‍ കുട്ടികള്‍ ചന്ദ്രിക പത്രം നിലത്തുവിരിച്ച് അതിലിരുന്ന് ഭക്ഷണം കഴിക്കുകയാണ്. പത്രത്തിന് നല്‍കേണ്ട ആദരവ് നല്‍കാത്തതിനായിരുന്നു അന്ന് അദ്ദേഹം അത്രയധികം ദേഷ്യപ്പെട്ടത്. ചന്ദ്രിക എന്ന നാമത്തെയും ആ പത്രത്തെയും അദ്ദേഹം അത്രമാത്രം സ്‌നേഹത്തോടെയും വിശുദ്ധിയോടെയുമാണ് കണ്ടിരുന്നത്.

Advertisement

പാണക്കാട് കുടുംബത്തോടും ബാഫഖി തങ്ങളുടെ കുടുംബത്തോടുമൊക്കെ കെ.കെയ്ക്ക് വലിയൊരു ആത്മബന്ധമാണുണ്ടായിരുന്നു. പ്രത്യേകിച്ച്, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ ഒരു അരുമശിഷ്യനായിരുന്നു കെ.കെ. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം മുഴുവന്‍ ബാഫഖി തങ്ങളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു രൂപപ്പെട്ടത്. കെ.കെയ്ക്ക് തങ്ങളോട് ഭയങ്കര മതിപ്പും വലിയ ആദരവുമായിരുന്നു. അതുപോലെ തിരിച്ച് തങ്ങള്‍ക്കും കെ.കെയോട് വലിയ സ്‌നേഹമായിരുന്നു. ബാഫഖി തങ്ങളുമായുള്ള ആ അടുപ്പം ഒന്നുകൂടി എടുത്തു പറയേണ്ടതുതന്നെയാണ്.

അതുപോലെതന്നെ പാണക്കാട് കുടുംബവുമായും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുമായും മറ്റും വല്ലാത്തൊരു അടുപ്പമായിരുന്നു. പാണക്കാട്ടുള്ള വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ എല്ലാ തങ്ങള്‍മാരെയും അദ്ദേഹം വല്ലാതെ ബഹുമാനിക്കുകയും ആ കുടുംബത്തിന്റെ മഹത്വത്തെക്കുറിച്ച് പറഞ്ഞുതരികയും ചെയ്യുമായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ മക്കളുമായും ആ വലിയ ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു. മുസ്ലിം ലീഗിന്റെ ലയനത്തിനുശേഷം പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ലീഡര്‍ഷിപ്പ് ക്വാളിറ്റിയെക്കുറിച്ചുമൊക്കെ കെ.കെ എപ്പോഴും വാതോരാതെ പറയുമായിരുന്നു. ചന്ദ്രികയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കണ്ണൂരിലുമൊക്കെ എഡിഷനുകള്‍ വര്‍ദ്ധിച്ചതും കുഞ്ഞാലിക്കുട്ടി സാഹിബ് പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നതിനുശേഷമുള്ള കാലത്തായിരുന്നു.

സമസ്തയുമായുള്ള ആത്മബന്ധം
രാഷ്ട്രീയത്തിന് പുറമെ സമസ്തയുമായും വളരെ അടുത്ത ബന്ധമായിരുന്നു കെ.കെയ്ക്ക് ഉണ്ടായിരുന്നത്. ആദ്യകാലത്തെ സമസ്ത നേതാക്കളായ കുത്ബി മുഹമ്മദ് മുസ്ലിയാര്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയ മഹാപണ്ഡിതന്മാരുമായി അദ്ദേഹം അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ശംസുല്‍ ഉലമാ കോളേജില്‍ വരുമ്പോഴൊക്കെ കെ.കെയുടെ ശബ്ദം കേട്ടാല്‍ ‘ഇത് കെ.കെ അല്ലേ’ എന്ന് ചോദിക്കത്തക്ക രീതിയിലുള്ള വലിയൊരു ഹൃദയബന്ധം അവര്‍ തമ്മിലുണ്ടായിരുന്നു. ശംസുല്‍ ഉലമയ്ക്ക് ശേഷം തലശ്ശേരിയിലുള്ള സമസ്തയുടെ പണ്ഡിതന്മാരുമായും സമസ്തയുടെ കീഴിലുള്ള മുന്‍ഹദ് ഫെഡറേഷന്‍ പോലുള്ള സംഘടനകളുടെ ഭാരവാഹിത്വവും അദ്ദേഹം വഹിച്ചിരുന്നു. രാഷ്ട്രീയവും ദീനീയുമായ കാര്യങ്ങളെ ഒരുമിച്ച് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

വിദ്യാഭ്യാസ രംഗത്തെ ജാഗ്രത
പത്രപ്രവര്‍ത്തനത്തില്‍ നിന്നും വിരമിച്ചതിനുശേഷവും അല്ലാതെയുമുള്ള കെ.കെയുടെ ജീവിതം വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടിയുള്ളതായിരുന്നു. പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒട്ടനവധി കോളേജുകള്‍, ഹൈസ്‌കൂളുകള്‍, ബി.എഡ്, ടി.ടി.സി സെന്ററുകള്‍, ഓര്‍ഫനേജുകള്‍ എന്നിവയുടെയെല്ലാം മാനേജറായി അദ്ദേഹം ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസ കാര്യങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ ജാഗ്രത എടുത്തുപറയേണ്ടതാണ്.

Advertisement

1997-ല്‍ മലബാറില്‍ പ്ലസ്ടു അനുവദിച്ചപ്പോള്‍ മുസ്ലിം സമുദായത്തിന് വെറും 45 പ്ലസ്ടു മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ളവ കൂടി നേടിയെടുക്കണമെന്നുപറഞ്ഞ് മലബാറില്‍ വിദ്യാഭ്യാസ സംരക്ഷണ സമിതി ഉണ്ടാക്കി അതിനുവേണ്ടി പോരാടിയത് കെ.കെയായിരുന്നു. എന്റെ സ്വന്തം നാടായ മത്തിപ്പറമ്പിലും പെരിങ്ങത്തൂരിലുമൊക്കെ ഇന്ന് കാണുന്ന പള്ളികളും മദ്രസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം കെ.കെയുടെ കഠിനാ?്വാനത്തിന്റെ കൈയ്യൊപ്പുള്ളവയാണ്. നാടിന്റെ വികസന കാര്യങ്ങളിലെല്ലാം കെ.കെയുടെ പങ്ക് വളരെ വലുതായിരുന്നു.

ആരോടും വിദ്വേഷം വെച്ചുപുലര്‍ത്താത്ത സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ആരെങ്കിലും അദ്ദേഹത്തെ പ്രയാസപ്പെടുത്തിയാല്‍ പോലും, അവരെക്കുറിച്ച് മറ്റുള്ളവര്‍ വന്ന് കുറ്റം പറയുന്നത് കേള്‍ക്കാന്‍ കെ.കെ ഇഷ്ടപ്പെട്ടിരുന്നില്ല.

പദവികളോട് മോഹമില്ലാത്ത നേതാവ്
പാലക്കാട്ടുനിന്നും ബാഫഖി തങ്ങളും സി.എച്ചും നിര്‍ബന്ധിച്ചിട്ടാണ് കെ.കെയെ കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്. അങ്ങനെ ബാഫഖി തങ്ങള്‍ മുന്‍കൈയെടുത്താണ് അദ്ദേഹത്തെ പ്രഥമ മുസ്ലിം യൂത്ത് ലീഗിന്റെ പ്രസിഡന്റാക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ സമകാലികരായിരുന്ന ഇ. അഹമ്മദ് സാഹിബ്, യു.എ. ബീരാന്‍ സാഹിബ്, വി.എം. അബൂബക്കര്‍ സാഹിബ് തുടങ്ങിയ പ്രമുഖരുടെ കാലത്താണ് അദ്ദേഹം യൂത്ത് ലീഗിനെ നയിച്ചത്. മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ക്കായി പിന്നീട് അദ്ദേഹം കോഴിക്കോട്ടേക്ക് മാറുകയായിരുന്നു.

ഒരിക്കല്‍ അദ്ദേഹത്തിന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ അവസരം വന്നു. പെരിങ്ങത്തൂര്‍ ഡിവിഷനില്‍ നിന്നും അദ്ദേഹം മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നു. പെരിങ്ങത്തൂരിലെയും ചൊക്ലിയിലെയും പ്രമുഖർ അടങ്ങുന്ന വലിയൊരു ജനക്കൂട്ടം വന്ന് ‘നിങ്ങള്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കരുത്, അടുത്ത നിയമസഭാ സീറ്റിലോ പാര്‍ലമെന്റിലോ മത്സരിക്കേണ്ട ആളാണ്’ എന്ന് പറഞ്ഞ് സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ കെ.കെ പറഞ്ഞത്: ‘പാര്‍ട്ടി തീരുമാനിച്ചതാണ്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ഇ. അഹമ്മദ് സാഹിബും എന്നോട് മത്സരിക്കാന്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ തീരുമാനമല്ലാതെ എനിക്ക് വേറെ തീരുമാനമില്ല.’ ആ തെരഞ്ഞെടുപ്പില്‍ ചില പ്രാദേശിക കാരണങ്ങളാല്‍ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്. എങ്കിലും പദവികളോടോ അധികാരത്തോടോ ഉള്ള മോഹം കൊണ്ടല്ല, പ്രസ്ഥാനത്തോടുള്ള കൂറിനൊപ്പം മാത്രമാണ് അദ്ദേഹം നിലകൊണ്ടത്.

Advertisement

എം.എസ്.എഫിലൂടെ വളര്‍ന്നുവരുന്ന പുതിയ തലമുറയെയും തന്റെ ജൂനിയര്‍മാരെയുമെല്ലാം സ്റ്റേജിന്റെ മുന്നിലിരുത്തി, താന്‍ സ്റ്റേജിന്റെ പിന്നിലിരിക്കാന്‍ കെ.കെ കാണിച്ച ആ വലിയ മനസ്സ് ഇന്നത്തെ രാഷ്ട്രീയ ലോകത്ത് അപൂര്‍വമാണ്. വിനയത്തിന്റെ, കരുതലിന്റെ, പ്രസ്ഥാനത്തോടുള്ള വിശ്വസ്തതയുടെ മാതൃകയായിരുന്നു അദ്ദേഹം. ഗള്‍ഫില്‍ വരുമ്പോള്‍ തമാശയായി അദ്ദേഹം പറയുമായിരുന്നു: ‘എന്റെ കൂടെയുള്ള ജൂനിയേഴ്‌സിന് കിടക്കാന്‍ ബെഡ് കൊടുക്കണം, ഞാന്‍ വേണമെങ്കില്‍ നിലത്ത് കിടന്നോളാം.’ ആ വിനയം അദ്ദേഹത്തിന്റെ ജീവിതചര്യയായിരുന്നു. ‘എന്റെ പൊതുപ്രവര്‍ത്തനം എന്റെ ഇബാദത്തിന്റെ (ആരാധനയുടെ) ഭാഗമാണ്’ എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

ഓര്‍മകളുടെ സുഗന്ധം
ഒരു നല്ല കുടുംബനാഥനായി, നിഷ്‌കളങ്കനായ പൊതുപ്രവര്‍ത്തകനായി, നല്ലൊരു നേതാവായി അദ്ദേഹം ഞങ്ങള്‍ക്കിടയില്‍ ജീവിച്ചു. ജീവിതത്തിന്റെ അവസാന നാളുകളില്‍ രോഗബാധിതനായി നാലഞ്ചു മാസത്തോളം അദ്ദേഹം കിടപ്പിലായിരുന്നു. പലപ്പോഴും ബോധമില്ലാത്ത അവസ്ഥയിലായിരുന്നിട്ടുകൂടി, ഞാന്‍ അരികില്‍ ചെന്ന് ‘കുഞ്ഞളിയാ…’ എന്ന് വിളിച്ചാല്‍ അദ്ദേഹം പതുക്കെ കണ്ണുകള്‍ തുറക്കുമായിരുന്നു. ആ വിളി അദ്ദേഹത്തിന്റെ ഉള്ളിലേക്ക് അത്രമേല്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.

 

Advertisement
Continue Reading

Trending