കോട്ടയം: ഇലവീഴാപൂഞ്ചിറ മലനിരയില്‍ ഉണ്ടായ വന്‍ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കിയെങ്കിലും രാത്രിയോടെ വീണ്ടും പടര്‍ന്നു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് നിലവില്‍ സ്ഥലത്ത് തുടരുകയാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് മലനിരകളില്‍ ആദ്യം തീ പടര്‍ന്നുപിടിച്ചത്. വിവരം ലഭിച്ചതോടെ ഈരാറ്റുപേട്ടയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയുടെ രണ്ട് വാഹനങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവില്‍ വൈകിട്ടോടെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. എന്നാല്‍ രാത്രിയോടെ തീ വീണ്ടും വ്യാപിക്കുകയായിരുന്നു.
ക്രിസ്മസ് ദിനമായതിനാല്‍ ഇലവീഴാപൂഞ്ചിറയില്‍ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. സഞ്ചാരികളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.