ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തുന്നു. രണ്ടാം ഇന്നിങ്‌സില്‍ ആസ്‌ട്രേലിയയെ 132 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട്, 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മികച്ച നിലയിലാണ്. രണ്ടാം ഇന്നിങ്‌സില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്ത് സന്ദര്‍ശകര്‍ മുന്നേറുകയാണ്. രണ്ടാംദിനം അവസാന സെഷന്‍ പുരോഗമിക്കവെ, പരമ്പരയിലെ ആദ്യ ജയത്തില്‍ നിന്ന് ഇംഗ്ലണ്ട് 71 റണ്‍സ് മാത്രം അകലെയാണ്.
വിക്കറ്റ് നഷ്ടമില്ലാതെ നാല് റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ആസ്‌ട്രേലിയക്ക് 22 റണ്‍സില്‍ സ്‌കോട്ട് ബോളണ്ടിന്റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. 46 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്ക് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ഹെഡിനൊപ്പം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (24)യും കാമറൂണ്‍ ഗ്രീന്‍ (19)ഉം മാത്രമാണ് രണ്ടക്കം കടന്നത്.
ഉസ്മാന്‍ ഖ്വാജ, മൈക്കല്‍ നെസര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ സംപൂജ്യരായി മടങ്ങി. ജേക്ക് വെതര്‍ലാന്‍ഡ് (5), മാര്‍നഷ് ലബൂഷെയ്ന്‍ (8), അലക്‌സ് കാരി (4), ജേ റിച്ചാര്‍ഡ്‌സന്‍ (7) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്‌സ് നാല് വിക്കറ്റും ബെന്‍ സ്റ്റോക്‌സ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.