Connect with us

News

രാജ്യത്ത് വേറിട്ട ഇന്‍ഷൂറന്‍സ് പോളിസിയുമായി ബാങ്കുകള്‍; ലക്ഷ്യം ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ഇരകള്‍ക്ക് പരിരക്ഷ

ഇന്‍ഷൂറന്‍സ് പ്ലാന്‍ പുറത്തിറക്കുന്നതിനുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ബാങ്കുകളും ഇന്‍ഷൂറന്‍സ് കമ്പനികളും തുടക്കം കുറിച്ചു.

Published

on

മുംബൈ: രാജ്യത്ത് വേറിട്ട ഇന്‍ഷൂറന്‍സ് പോളിസിയുമായി ബാങ്കുകളും സ്വകാര്യ കമ്പനികളും. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നവര്‍ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷൂറന്‍സ് പോളിസിയാണ് തയാറാക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ സാമ്പത്തിക നഷ്ടം വരുന്നവര്‍ക്ക് പരിരക്ഷ നല്‍കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ഇന്‍ഷൂറന്‍സ് പ്ലാന്‍ പുറത്തിറക്കുന്നതിനുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ബാങ്കുകളും ഇന്‍ഷൂറന്‍സ് കമ്പനികളും തുടക്കം കുറിച്ചു. താങ്ങാവുന്ന പ്രീമിയം വാങ്ങി സാമ്പത്തിക തട്ടിപ്പിന്റെ ആഘാതം കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പണം കൈമാറുന്ന ഇരകള്‍ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് കമ്പനികളും ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റിയും ചര്‍ച്ച തുടങ്ങിയെന്ന് പ്രുഡന്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സിന്റെ പ്രസിഡന്റ് തനുജ് ഗുലാനി പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് തടയുന്ന ഇന്‍ഷൂറന്‍സ് പോളിസികള്‍ രാജ്യത്ത് നിലവിലില്ല. എല്ലാ ഇന്‍ഷുറന്‍സ് പോളിസികളും സാമ്പത്തിക തട്ടിപ്പ് നടന്നശേഷം മാത്രമേ പണം നല്‍കുകയുള്ളൂ.

മാത്രമല്ല, ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള ഭീഷണികള്‍ കാരണം നടത്തുന്ന ഇടപാടുകള്‍ പല സൈബര്‍ ഇന്‍ഷൂറന്‍സ് പോളിസികളുടെയും കവറേജില്‍ ഉള്‍പ്പെടില്ല. പോളിസി ഉടമ മനഃപൂര്‍വ്വമോ, അശ്രദ്ധമായോ നടത്തിയ പ്രവൃത്തികള്‍ സാധാരണയായി ഇന്‍ഷൂറന്‍സ് കവറേജിന് യോഗ്യമല്ലെന്നതാണ് അതിന്റെ കാരണം. എന്നാല്‍, ഡിജിറ്റല്‍ അറസ്റ്റിലൂടെ ഉപഭോക്താക്കള്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ ഇന്‍ഷൂറന്‍സ് പോളിസി പുറത്തിറക്കാന്‍ അധികൃതര്‍ ആലോചിക്കുകയായിരുന്നു.

kerala

തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം

മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടിയാണ് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിച്ചത്.

Published

on

By

നിര്‍ണായകമായ തെലങ്കാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലും ഏഴു മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലുമായി നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടിയാണ് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിച്ചത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് നടന്ന നിര്‍ണായകമായ തിരഞ്ഞെടുപ്പ് ആയിരുന്നു.
ആകെ തിരഞ്ഞെടുപ്പ് നടന്ന 2,996 വാര്‍ഡുകളില്‍ 1,537-ഓളം സീറ്റുകള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടി. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളില്‍ 83 എണ്ണത്തിലും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം കരസ്ഥമാക്കി. കൂടാതെ, വോട്ടെടുപ്പ് നടന്ന ഏഴു മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ അഞ്ചിലും കോണ്‍ഗ്രസ് ഭരണമുറപ്പിച്ചു. മഞ്ചേരിയല്‍, രാമഗുണ്ടം, നല്‍ഗൊണ്ട കോര്‍പറേഷനുകളില്‍ കോണ്‍ഗ്രസ് തനിച്ച് ഭൂരിപക്ഷം നേടിയപ്പോള്‍, കോത്തഗുഡത്ത് സഖ്യകക്ഷിയായ സിപിഐയുടെ സഹായത്തോടെ അധികാരം പിടിക്കാനാണ് നീക്കം.

മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് (ബിആര്‍എസ്) നേരിടേണ്ടി വന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ്. 2020-ലെ തിരഞ്ഞെടുപ്പില്‍ 1,600-ല്‍ പരം വാര്‍ഡുകള്‍ ഉണ്ടായിരുന്ന ബിആര്‍എസ് ഇത്തവണ 781 സീറ്റുകളിലേക്ക് ചുരുങ്ങി. വടക്കന്‍ തെലങ്കാനയിലെ തങ്ങളുടെ കോട്ടകള്‍ പലതും കോണ്‍ഗ്രസിന് മുന്നില്‍ അടിയറവ് വെക്കേണ്ടി വന്നു.

ദേശീയ തലത്തില്‍ ഇവിഎമ്മുകളെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ, ബാലറ്റ് പേപ്പറില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ സഖ്യത്തിന് വലിയ ആവേശം നല്‍കുന്നതാണ്. വോട്ടുകള്‍ കൃത്യമായി എണ്ണപ്പെടുന്നുവെന്നും അട്ടിമറികള്‍ക്ക് സാധ്യതയില്ലെന്നും ബാലറ്റ് പേപ്പര്‍ തെളിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു. ഇവിഎമ്മിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന ഫലമാണ് തെലങ്കാനയിലേതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടക്കാട്ടുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡല്‍ഹിയിലെത്തി പ്രിയങ്ക ഗാന്ധിയുള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളെ കണ്ട് ഉജ്ജ്വല വിജയത്തിന്റെ സന്തോഷം പങ്കിട്ടു.

 

Continue Reading

kerala

മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ

രാവിലെ 9.30 ന് പ്രതിനിധികളുടെ ഭാവികേരളത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അവതരിപ്പിക്കും.

Published

on

By

കോഴിക്കോട് : ഭാവി കേരളം എങ്ങിനെ ആയിരിക്കണമെന്നതിനെ സംബന്ധിച്ച് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന യൂത്ത് കോണ്‍ക്ലേവ് നാളെ (ഞായര്‍) രാവിലെ 9.30 മുതല്‍ വൈകിട്ട് 6 മണി വരെ കോഴിക്കോട് അരയിടത്തുപാലത്തുള്ള ഹോട്ടല്‍ ടിയാരയില്‍ നടക്കും. നേരത്തേ രജിസ്റ്റര്‍ ചെയ്ത തെരഞ്ഞടുക്കപ്പെട്ടവരാണ് യൂത്ത് കോണ്‍ക്ലേവിലെ പ്രതിനിധികള്‍ . രാവിലെ 9.30 ന് പ്രതിനിധികളുടെ ഭാവികേരളത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അവതരിപ്പിക്കും.

പരിസ്ഥിതി, സാമ്പത്തികം, ഭാവി സെഷനില്‍ അഡ്വ ഹരീഷ് വാസുദേവ്, ഡോ. കെ എസ് അനൂപ് ദാസ് എന്നിവര്‍ പ്രഭാഷണം നടത്തും. കലാ -കായിക- മാധ്യമ-മാനസിക ആരോഗ്യം സെഷനില്‍ രമേഷ് പിഷാരടി, ഡോ. സക്കീര്‍ ഹുസൈന്‍ വി പി, നിഷാദ് റാവുത്തര്‍ സംസാരിക്കും. ഡോ. അഷ്‌റഫ് വാളൂര്‍ മോഡറേറ്ററാകും. ലീഡേഴ്‌സ് ടോക്ക് സെഷനില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതിനിധികളുമായി സംവദിക്കും. തുടര്‍ന്ന് വിദ്യാഭ്യാസം, തൊഴില്‍, നൈപുണ്യം സെഷനില്‍ എന്‍ പ്രശാന്ത് ഐ.എ.എസ്, ഡോ. റഷീദ് അഹമ്മദ്, പ്രൊഫ.ഡോ. ആബിദാ ഫാറൂഖി, അക്ഷയ് കുമാര്‍ ഒ സംസാരിക്കും. ഡോ. റാഷിദ് ഗസ്സാലി മോഡറേറ്ററാകും.

സംരഭകത്വം സെഷനില്‍ ഡോ. ടോം ജോസഫ്, ഉമര്‍ അബ്ദുസ്സലാം, കെ.വി ഹുദൈഫ് എന്നിവര്‍ പങ്കെടുക്കും. അഡ്വ. വി കെ ഫൈസല്‍ ബാബു മോഡറേറ്ററാകും. സാമൂഹ്യ ശാക്തീകരണവും സമഗ്ര വികസനവും സെഷനില്‍ പ്രൊഫ. ഡോ. പി നസീര്‍ , സുദേഷ് എം രഘു, പ്രശാന്ത് ഈഴവന്‍, ഷിബി പീറ്റര്‍ എന്നിവര്‍ പ്രസംഗിക്കും. അഡ്വ. നജ്മ തബ്ഷീറ മോഡറേറ്ററാകും. യൂത്ത് കോണ്‍ക്ലേവ് സമാപന സെഷനില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ യൂത്ത് മാനിഫെസ്റ്റോ പ്രഖ്യാപനം നടത്തും. വിവിധ സെഷനുകളില്‍ സംസ്ഥാന ഭാരവാഹികളായ പി കെ ഫിറോസ്, പി ഇസ്മായില്‍, മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, കെ എ മാഹീന്‍, അഡ്വ കാര്യറ നസീര്‍ , ഗഫൂര്‍ കോല്‍ക്കളത്തില്‍, സി.കെ മുഹമ്മദലി, ടി.പി.എം ജിഷാന്‍, അഡ്വ. ഫാത്തിമ തഹ്ലിയ, ദേശീയ ജനറല്‍ സെക്രട്ടറി ടി.പി അഷ്‌റഫലി എന്നിവര്‍ പ്രസീഡിയം നിയന്ത്രിക്കും.

Continue Reading

News

‘കോമഡി ആരെയും വേദനിപ്പിക്കരുത്”; മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് ഊര്‍വശി

വൈകിയാണ് ലഭിച്ചതെങ്കിലും ഈ അംഗീകാരത്തിന് വലിയ മധുരമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Published

on

By

മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരിച്ച് നടി ഉര്‍വശി. ഏറെ നാളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹം സഫലമായ സന്തോഷത്തിലാണ് താനെന്ന് അവാര്‍ഡ് ചടങ്ങിനിടെ താരം പറഞ്ഞു. വൈകിയാണ് ലഭിച്ചതെങ്കിലും ഈ അംഗീകാരത്തിന് വലിയ മധുരമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

”എത്രയോ സിനിമകളില്‍ ഞാന്‍ കോമഡി ചെയ്തിട്ടുണ്ട്. അതിന് ഒരു പ്രത്യേക അംഗീകാരം ലഭിക്കുക വലിയ കാര്യമാണ്. കോമഡി ചെയ്യുന്നത് വളരെ പ്രയാസമാണ്. എന്ത് ചെയ്യുമ്പോഴാണ് മറ്റുള്ളവര്‍ക്ക് ചിരി വരുന്നതെന്ന് കൃത്യമായി പറയാനാവില്ല,” എന്ന് ഉര്‍വശി വ്യക്തമാക്കി. കോമഡി ആരെയും വേദനിപ്പിക്കരുത്, അശ്ലീലത്തിലേക്ക് വഴുതിപ്പോകരുത് എന്നതടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്നും അവര്‍ പറഞ്ഞു.

തമിഴും മലയാളവും തനിക്ക് രണ്ട് കണ്ണുകളെപ്പോലെയാണെന്നും അതില്‍ ഏതാണ് പ്രധാനമെന്ന് വേര്‍തിരിച്ച് പറയാനാവില്ലെന്നും ഉര്‍വശി വ്യക്തമാക്കി. 2017ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌കാരമാണ് ഉര്‍വശിക്ക് ലഭിച്ചത്.

2016 മുതല്‍ 2022 വരെ പ്രഖ്യാപിച്ച തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മലയാളി താരങ്ങളുടെ ശ്രദ്ധേയ സാന്നിധ്യമാണ് പ്രകടമായത്. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മലയാളി താരങ്ങള്‍: കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, അപര്‍ണ ബാലമുരളി, ലിജോ മോള്‍, നയന്‍താര എന്നിവര്‍. 2018ലെ മികച്ച നടിയായി ജോതിക തിരഞ്ഞെടുക്കപ്പെട്ടു. 2021ലെ മികച്ച നടിക്കുള്ള പുരസ്‌കാരം മധുമിത നേടി.

മികച്ച പിന്നണി ഗായികയ്ക്കുള്ള 2016ലെ പുരസ്‌കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. 2020ലെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം മലയാളിയായ വര്‍ഷ രഞ്ജിത്ത് നേടി. 2016ലെ മികച്ച വില്ലനായി നടന്‍ റഹ്‌മാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടന്മാരായി വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, ആര്‍. പാര്‍ഥിബന്‍, സൂര്യ, ആര്യ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധായകരായി ലോകേഷ് കനകരാജ്, മാരി സെല്‍വരാജ്, സുധ കൊങ്കര, പുഷ്‌കര്‍-ഗായത്രി, പാര്‍ഥിബന്‍, ജ്ഞാനവേല്‍, ഗൗതം രാമചന്ദ്രന്‍ എന്നിവര്‍ പുരസ്‌കാരം നേടി.

മികച്ച ചിത്രങ്ങളായി മാനഗരം, അറം, പരിയേറും പെരുമാള്‍, അസുരന്‍, കൂഴങ്കല്‍, ജയ് ഭീം, ഗാര്‍ഗി എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മലയാളി താരങ്ങളുടെ ശക്തമായ സാന്നിധ്യം വീണ്ടും തെളിയിച്ച പ്രഖ്യാപനമായിരുന്നു ഇത്.

 

Continue Reading

Trending