തിരുവനന്തപുരം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. സംഘടനയുടെ രൂപീകരണം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളില്‍ പങ്കെടുത്ത തന്നെ പിന്നീടുള്ള കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സംഘടന രൂപീകരിച്ചതും താരങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടതുമെല്ലാം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

18485472_1328510683923772_7480859188166292229_n

തനിക്കു പുറമെ ചലച്ചിത്ര താരവും ആക്ടിവിസ്റ്റുമായ മാലാ പാര്‍വതിയെയും സംഘടനയുമായി സഹകരിപ്പിച്ചില്ലെന്നും അവര്‍ ആരോപിച്ചു. രാഷ്ട്രീയപ്രേരിതമായിട്ടാണോ സംഘടനയില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയതെന്ന് സംശയിക്കുന്നതായി ഭാഗ്യലക്ഷ്മി പറഞ്ഞു. സംഘടന രൂപീകരിച്ച ശേഷവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷവും വിമന്‍ ഇന്‍ സിനിമാ കലക്ടീവിലെ ആരും തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സംഘടനയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ കാരണം ആരും വ്യക്തമാക്കിയിട്ടുമില്ല. അതിനാല്‍ മാറ്റി നിര്‍ത്തിയതിന്റെ കാരണം വ്യക്തമായ ശേഷമേ സംഘടനയുമായി സഹകരിക്കുകയുള്ളൂവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ചലച്ചിത്രോത്സവ വേദികളില്‍ സജീവ സാന്നിധ്യമായ ഭാഗ്യലക്ഷ്മി സിനിമക്കകത്തും പുറത്തുമുള്ള വിഷയങ്ങളിലും സ്ത്രീ പ്രശ്‌നങ്ങളിലും ഇടപെടല്‍ നടത്തുന്ന വ്യക്തിയാണ്.
സിപിഎം നേതാവ് ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഡന ആരോപണത്തിലും, നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലും പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചിരുന്നു. ഇതായിരിക്കും സംഘടനയില്‍ നിന്ന് ഭാഗ്യലക്ഷ്മിയെയും പാര്‍വതിയെയും ഒഴിവാക്കിയതെന്നാണ് പരക്കെയുള്ള ആക്ഷേപം.