News

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം; സിഇഓയെ മാറ്റാനും കനത്ത പിഴ ചുമത്താനും ഡിജിസിഎ

By webdesk18

December 27, 2025

ദില്ലി: ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം. കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന.

സിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കനത്ത പിഴ ചുമത്താനും നിര്‍ദേശിച്ചുള്ള റിപ്പോര്‍ട്ടാണ് ഡിജിസിഎ സമര്‍പ്പിച്ചതെന്നാണ് വിവരം. ആഭ്യന്തര സര്‍വീസുകള്‍ മാത്രം താറുമാറായതില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും സൂചന.

ഇതനുസരിച്ച് കമ്പനിക്കെതിരെ കടുത്ത നടപടി ഉടനുണ്ടാകും. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിനെ മാറ്റാനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചേക്കും. ഇവരെ നേരത്തെ ഡിജിസിഎ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. അന്വേഷണം പൂര്‍ത്തിയായാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ജോലിസമയ ക്രമീകരണത്തെ ചൊല്ലി ഇന്‍ഡിഗോ മാനേജ്‌മെന്റും പൈലറ്റുമാരും തമ്മിലുള്ള തര്‍ക്കവും സര്‍വീസ് പ്രതിസന്ധിക്ക് കാരണമായെന്നാണ് വിവരം. ഡിജിസിഎ ജോയിന്റ് സെക്രട്ടറി സഞ്ജയ് കെ ബ്രഹ്‌മനെയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാനമന്ത്രിക്ക് സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചെങ്കിലും വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചനകളുണ്ട്. ഈമാസം രണ്ട് മുതല്‍ 9 വരെ 7 ദിവസങ്ങളിലായി 5000 ഇന്‍ഡിഗോ സര്‍വീസുകളാണ് രാജ്യവ്യാപകമായി താറുമാറായത്. പുതുക്കിയ നിയമപ്രകാരം പൈലറ്റുമാരുടെ ജോലിസമയക്രമം നടപ്പാക്കുന്നിതില്‍ ഇളവ് നേടിയെടുക്കാന്‍ ഇന്‍ഡിഗോ മനപ്പൂര്‍വം ഉണ്ടാക്കിയ പ്രതിസന്ധിയാണെന്നും വിലയിരുത്തലുണ്ട്.