തിരുവനന്തപുരം: പൊലീസ് നിയമഭേദഗതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാധ്യമ മാരണ നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒരു നിയമം നിലവില്‍ വന്ന ശേഷം അത് നടപ്പാക്കില്ലന്ന് പറയാന്‍ മുഖ്യമന്ത്രിക്കെന്നല്ല ആര്‍ക്കും കഴിയില്ല. നിയമം പിന്‍വലിക്കാതിരുന്നാല്‍ പൊലീസിന് അതുപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവശത്തിന് നേരെയുളള ശക്തമായ കടന്നുകയറ്റമാണ് പോലീസ് നിയമഭേദഗതിയിലൂടെ കൊണ്ടുവന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചവിട്ടിമെതിക്കുകയാണ്. വിവാദനിയമം പിന്‍വലിച്ച് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്ന് ചെന്നിത്തല പറഞ്ഞു.

ഈ ഓര്‍ഡിനന്‍സ് ജനവിരുദ്ധവും ഏകാധിപത്യവുമാണ്. ഓര്‍ഡിനന്‍സ് അടിയന്തരമായി കൊണ്ടുവരേണ്ട എന്തുസാഹചര്യമാണ് കേരളത്തിലുളളത്. നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്ത് ഗുണദോഷങ്ങള്‍ കണ്ടറിഞ്ഞ് വേണം ഇതുമായി സര്‍ക്കാര്‍ മുന്നോട്ടുപോകാന്‍. എന്നാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ഇത് നടപ്പിലാക്കി. ഇതിനെതിരേ താന്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.