Connect with us

News

റോയ് സിജെയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്; ‘ശവശരീരത്തെപ്പോലും വെറുതെ വിടാത്ത കഴുകന്മാരെപ്പോലെ ചില യൂട്യൂബേഴ്സ്

നിലവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു തടസ്സങ്ങളുമില്ലെന്നും, ഗ്രൂപ്പ് ശക്തമായി മുന്നോട്ട് പോകുമെന്നും ടി എ ജോസഫ് വ്യക്തമാക്കി

Published

on

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ചെയര്‍മാനെയും സ്ഥാപനത്തെയും ലക്ഷ്യമാക്കി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നതായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പറഞ്ഞു. റോയ് സിജെയുടെ മരണത്തെ കുറിച്ച് ചില യൂട്യൂബര്‍മാര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും, അവയ്ക്ക് തെളിവ് ഹാജരാക്കാന്‍ അവര്‍ തയ്യാറാകണമെന്ന് വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലോ സിബിഐയിലോ ജോലി ചെയ്യുന്നവരെ പോലെ അത്യധികം ആധികാരികതയുള്ളവരെന്ന നിലയിലാണ് ചില യൂട്യൂബേഴ്സ് റോയ് സിജെയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും ടി എ ജോസഫ് വിമര്‍ശിച്ചു. മരിച്ചുപോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചിലര്‍ മാറുന്നുവെന്നും, മരിച്ച വ്യക്തിയെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് എന്ത് മാനസിക സുഖമാണ് കണ്ടെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

നിലവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു തടസ്സങ്ങളുമില്ലെന്നും, ഗ്രൂപ്പ് ശക്തമായി മുന്നോട്ട് പോകുമെന്നും ടി എ ജോസഫ് വ്യക്തമാക്കി. കമ്പനിയ്ക്ക് പിന്നില്‍ തന്നെ ഇഡിയും സിബിഐയും ഉണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പൂര്‍ണമായും അവാസ്തവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജവാര്‍ത്തകള്‍ നിക്ഷേപകരിലും ഉപഭോക്താക്കളിലും ആശങ്ക സൃഷ്ടിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് രംഗത്തെത്തിയത്. വ്യാജപ്രചാരണങ്ങള്‍ക്കെതിരായ വിശദീകരണ വീഡിയോ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് എംഡി ടി എ ജോസഫ് പങ്കുവച്ചിരിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

മുംബൈയില്‍ ലിഫ്റ്റിനുള്ളില്‍ ഹൈഡ്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

സംഭവസമയത്ത് ലിഫ്റ്റിനുള്ളില്‍ ഒരു യുവതിയും രണ്ട് യുവാക്കളുമാണ് ഉണ്ടായിരുന്നത്.

Published

on

By

മുംബൈ: മുബൈയിലെ ഗോരെഗാവ് വെസ്റ്റിലുള്ള അന്‍മോല്‍ ടവേഴ്സ് പാര്‍പ്പിട സമുച്ചയത്തിലെ ലിഫ്റ്റില്‍ ഹൈഡ്രജന്‍ ബലൂണുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പെട്രോള്‍ പമ്പിന് സമീപമുള്ള ഈ കെട്ടിടത്തിലെ ലിഫ്റ്റിനുള്ളില്‍ തീ പടര്‍ന്നുപിടിക്കുന്ന ഭീതിജനക ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവസമയത്ത് ലിഫ്റ്റിനുള്ളില്‍ ഒരു യുവതിയും രണ്ട് യുവാക്കളുമാണ് ഉണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍, ലിഫ്റ്റ് തുറക്കുമ്പോള്‍ ബാഗും ചെറിയ സ്യൂട്ട്കേസുമായെത്തുന്ന യുവതി ആദ്യം അകത്ത് കയറുന്നത് കാണാം. പിന്നാലെ ഹൈഡ്രജന്‍ നിറച്ച ബലൂണുകളുള്ള വലിയ പ്ലാസ്റ്റിക് ബാഗുമായി ഒരു യുവാവ് ലിഫ്റ്റില്‍ പ്രവേശിച്ചു. തൊട്ടുപിന്നാലെ മറ്റൊരു യുവാവും ലിഫ്റ്റില്‍ കയറി.

ലിഫ്റ്റിന്റെ വാതില്‍ അടഞ്ഞ് ചലിക്കാന്‍ തുടങ്ങിയ ഉടനെ വലിയ ശബ്ദത്തോടെ ബലൂണുകള്‍ പൊട്ടിത്തെറിക്കുകയും ലിഫ്റ്റിനുള്ളില്‍ മുഴുവന്‍ തീ നിറയുകയും ചെയ്തു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തീ ശമിച്ചെങ്കിലും, ഭയന്ന മൂവരും ലിഫ്റ്റിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ഓടിയിറങ്ങുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അപകടത്തില്‍ ഇവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

അന്വേഷണത്തില്‍, വഴിയോര വില്‍പ്പനയ്ക്കായി ഹൈഡ്രജന്‍ ഗ്യാസ് നിറച്ച ബലൂണുകള്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് കണ്ടെത്തി. ഇത്തരം ജ്വലനശേഷിയുള്ള വാതകങ്ങള്‍ നിറച്ച ബലൂണുകള്‍ ലിഫ്റ്റുകള്‍ വഴി കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്.

അപകടത്തിന് പിന്നാലെ, ഹൗസിങ് സൊസൈറ്റികള്‍ ഗ്യാസ് നിറച്ച ബലൂണുകളോ സമാന അപകടകരമായ വസ്തുക്കളോ ലിഫ്റ്റുകളില്‍ കൊണ്ടുപോകരുതെന്ന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ലിഫ്റ്റിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് അപകടത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പതിഞ്ഞത്.

Continue Reading

News

പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

ബുധനാഴ്ച ഉച്ചയ്ക്കു 12 മണിയോടെയായിരുന്നു അപകടം

Published

on

By

കോഴിക്കോട്: പ്രഷര്‍ വാഷര്‍ മെഷീനില്‍ നിന്ന് വൈദ്യുതി ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. കാക്കൂര്‍ പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് (17) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.

പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അഭിജിത്ത്, വീട്ടുവളപ്പില്‍ പ്രഷര്‍ വാഷര്‍ മെഷീന്‍ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെയാണ് വൈദ്യുതി ഷോക്കേറ്റ് വീണത്. ബോധരഹിതനായി കിടക്കുന്നത് സമീപവാസിയാണ് കണ്ടത്. ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മഞ്ചപ്പാറക്കല്‍ ചാത്തുവിന്റെയും ഷിജിയുടെയും മകനാണ് അഭിജിത്ത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

News

അമേരിക്ക-ഇറാന്‍ ആണവ ചര്‍ച്ച നാളെ മസ്‌കറ്റില്‍; സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ണായക കൂടിക്കാഴ്ച

തുര്‍ക്കിയുമായല്ല, നേരിട്ട് ഇറാനിയന്‍ പ്രതിനിധികളുമായാണ് ആണവ ചര്‍ച്ച നടത്തുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

Published

on

By

മസ്‌കറ്റ്: ഇറാനും അമേരിക്കയും തമ്മിലുള്ള നിര്‍ണായക ആണവ ചര്‍ച്ച നാളെ ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍ നടക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി അറിയിച്ചു. തുര്‍ക്കിയില്‍ നടത്താനിരുന്ന ചര്‍ച്ച മസ്‌കറ്റിലേക്ക് മാറ്റണമെന്ന ഇറാന്റെ നിര്‍ദേശം അമേരിക്ക അംഗീകരിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്.

ഇറാനുമായി നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. തുര്‍ക്കിയുമായല്ല, നേരിട്ട് ഇറാനിയന്‍ പ്രതിനിധികളുമായാണ് ആണവ ചര്‍ച്ച നടത്തുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിനെ ലക്ഷ്യമാക്കി എത്തിയ ഇറാന്റെ ഡ്രോണ്‍ അമേരിക്കന്‍ സൈന്യം വെടിവച്ചിടുകയും, അമേരിക്കന്‍ പതാകയുള്ള കെമിക്കല്‍ ടാങ്കര്‍ പിടിച്ചെടുക്കുമെന്ന് ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു. ഈ സംഘര്‍ഷാവസ്ഥയ്ക്കിടെയാണ് ചര്‍ച്ച സ്ഥിരീകരിച്ചിരിക്കുന്നത്.

ആണവ വിഷയത്തിന് പുറമെ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി, മേഖലയിലെ പ്രോക്‌സി സംഘടനകള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ, ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ എന്നിവയും ചര്‍ച്ചയില്‍ ഉള്‍പ്പെടാമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.

നിര്‍ണായക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഒമാനിലെ സഹോദരങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി പ്രതികരിച്ചു.

ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിച്ചാല്‍ അമേരിക്ക തിരിച്ചടി നല്‍കുമെന്ന് വാഷിംഗ്ടണ്‍ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് അമേരിക്കഇറാന്‍ സംഘര്‍ഷം കൂടുതല്‍ വഷളായത്. ഈ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും ചര്‍ച്ചാ മേശയിലേക്കെത്തുന്നത്.

 

Continue Reading

Trending