കോഴിക്കോട്:  യുകെയില്‍ നിന്നും മടങ്ങിയ അച്ഛനും രണ്ടര വയസ്സുകാരിയായ മകള്‍ക്കും കോഴിക്കോട് ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാഴ്ച്ച മുമ്പാണ് ഇവര്‍ നാട്ടിലെത്തിയത്. സംസ്ഥാനത്ത് ആകെ ആറ് പേര്‍ക്കാണ് ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ ആറ് പേരും ഐസൊലേഷനില്‍ ചികിത്സയിലാണ്.

കേരളത്തില്‍ ആറു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് രോഗികള്‍. തീവ്രവ്യാപനശേഷിയുള്ളതാണ് പുതിയ വൈറസെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നല്‍കി.

പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. പുതിയ വൈറസും ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.