ന്യൂഡല്‍ഹി: പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നായ അപൂര്‍വ സസ്യമായ ‘ സിക്കിം സുന്ദരി ‘ (Sikkim Sundari)യെ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന് പരിചയപ്പെടുത്തി പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. ഹിമാലയന്‍ മലനിരകളില്‍ മാത്രം കാണപ്പെടുന്ന ഈ സസ്യത്തിന്റെ ദൃശ്യങ്ങള്‍ @@GoNorthEastIN പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്.
‘ ക്ഷമയുടെ മാസ്റ്റര്‍ക്ലാസ് ‘ (Masterclass in patience) എന്നാണ് ഈ സസ്യത്തെ മഹീന്ദ്ര വിശേഷിപ്പിച്ചത്. വര്‍ഷങ്ങളോളം, ചിലപ്പോള്‍ പതിറ്റാണ്ടുകളോളം മണ്ണിനടിയില്‍ ചെറിയ ഇലകളുടെ കൂട്ടമായി മാത്രം നിലനില്‍ക്കുന്ന ഈ ചെടി, ഒരിക്കല്‍ മാത്രം അതിശയകരമായി പൂവിടുകയും അതോടെ അതിന്റെ ജീവിതം അവസാനിക്കുകയും ചെയ്യുന്നു.
‘ Rheum Nobile ‘ എന്നാണ് സിക്കിം സുന്ദരിയുടെ ശാസ്ത്രീയ നാമം. സമുദ്രനിരപ്പില്‍ നിന്ന് 4,000 മുതല്‍ 4,800 മീറ്റര്‍ വരെ ഉയരത്തിലുള്ള അതീവ ദുഷ്‌കരമായ കാലാവസ്ഥയിലാണ് ഇത് വളരുന്നത്. സുതാര്യമായ ഇലകളുള്ളതിനാല്‍ ‘ ഗ്ലാസ് ഹൗസ് പ്ലാന്റ് ‘ (Glasshouse Plant) എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇലകള്‍ സൂര്യപ്രകാശം ഉള്ളിലേക്ക് കടത്തിവിടുകയും അപകടകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളെ തടയുകയും ചെയ്യുന്നു. മഞ്ഞുമലകള്‍ക്കിടയില്‍ തിളങ്ങുന്ന ഒരു ഗോപുരം പോലെ ഈ സസ്യം ദൃശ്യമായിരിക്കും.
വര്‍ഷങ്ങള്‍ക്കുശേഷം ഏകദേശം രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സിക്കിം സുന്ദരി മനോഹരമായി പൂവിടുന്നു. എന്നാല്‍, ഒരിക്കല്‍ പൂവിട്ട് വിത്തുകള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ അതോടെ ഈ സസ്യം പൂര്‍ണമായി നശിച്ചുപോകും – ഇതാണ് അതിന്റെ ഏറ്റവും വ്യത്യസ്തമായ പ്രത്യേകത. ഇത്രയും അപൂര്‍വവും സവിശേഷതകളുമുള്ള ഒരു ഇന്ത്യന്‍ സസ്യത്തെക്കുറിച്ച് നമ്മുടെ പാഠപുസ്തകങ്ങളില്‍ പരാമര്‍ശമില്ലെന്നതും മഹീന്ദ്ര ചൂണ്ടിക്കാട്ടി. ഇന്നത്തെ പാഠ്യപദ്ധതിയില്‍ ഇത്തരം പ്രകൃതി അത്ഭുതങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന ചോദ്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഔഷധഗുണങ്ങള്‍ ഏറെ ഉള്ള ഈ സസ്യം പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ‘ ചുക്ക ‘ (Chukka) എന്ന പേരിലാണ് അറിയപ്പെടുന്നത്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കരള്‍ രോഗങ്ങള്‍ക്കും ഇത് പരമ്പരാഗത ഔഷധമായി ഉപയോഗിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിമാലയന്‍ മലനിരകളിലെ ഈ അപൂര്‍വ സുന്ദരിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയാണ്.