സ്വകാര്യ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗം തടയുന്നതിനായി കേരള പൊലീസ് പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്‌സ് അബ്യൂസ് (പോഡ) എന്ന പേരില്‍ പുതിയ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിത്തുടങ്ങി. ഐടി കമ്പനികളടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി, സഹകരിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി പ്രവേശന സമയത്ത് തന്നെ ജീവനക്കാരില്‍ നിന്ന് ലഹരി മരുന്നുകള്‍ ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. തുടര്‍ന്ന് നിശ്ചിത ഇടവേളകളിലും ആവശ്യമെങ്കില്‍ ഏത് സമയത്തും ലഹരി പരിശോധന നടത്താനുള്ള അധികാരം തൊഴിലുടമയ്ക്ക് ഉണ്ടായിരിക്കും.
പരിശോധനയില്‍ ലഹരി ഉപയോഗം കണ്ടെത്തിയാല്‍ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിടും. മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ ഒഴിവാക്കി മറ്റ് ലഹരി മരുന്നുകളാണ് പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാസലഹരി ഉപയോഗിച്ചാല്‍ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസ് വിശദീകരണം.
ഐടി പാര്‍ക്കുകള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെ ലഹരി ഉപയോഗത്തിന് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ‘പോഡ’ പദ്ധതിയുടെ ലക്ഷ്യം. ലഹരിവിരുദ്ധ നയത്തിന്റെ ഭാഗമായി ജീവനക്കാരുടെ ആരോഗ്യവും സ്ഥാപനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് പൊലീസ് അറിയിച്ചു.