News

കോട്ടയം-ഇടുക്കി വിനോദ കേന്ദ്രങ്ങളില്‍ ലഹരിവേട്ട; അഫ്ഗാന്‍ എംഡിഎംഎ പിടികൂടി

By webdesk17

December 27, 2025

കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുതുവത്സരവും ക്രിസ്മസ് ആഘോഷത്തിനും ലഹരിപ്പാര്‍ട്ടികള്‍ നടത്താന്‍ എത്തിച്ച രാസലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നാണ് എന്ന വിവരം പൊലീസും എക്‌സൈസും സ്ഥിരീകരിച്ചു.

ഡല്‍ഹി, ബംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലൂടെയും, പിന്നീട് ട്രെയിന്‍, ബസ് മാര്‍ഗങ്ങളിലൂടെയും ലഹരി ജില്ലകളിലെ വിനോദ കേന്ദ്രങ്ങളിലേക്ക് എത്തിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളില്‍ നിന്നുള്ള മുന്‍ വിവരം പാലിച്ചാണ് ജില്ലാ പൊലീസ് മേധാവിമാര്‍ നേരത്തെ ശ്രദ്ധ കേന്ദ്രീകരിച്ചത്.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിച്ച 99.073 ഗ്രാം എംഡിഎംഎ, കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പൊലീസും ചേര്‍ന്ന് പിടികൂടി. ഇത് ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണെന്ന് പൊലീസ് അറിയിച്ചു. വിമല്‍ രാജ് (24), ജീമോന്‍ (31), അബിന്‍ റെജി (28) എന്നിവരെ പൊലീസ് പിടികൂടി.

പ്രതികള്‍ ബംഗളൂരുവിലെ ലഹരിക്കടത്തുസംഘത്തില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് എംഡിഎംഎ വാങ്ങിയതായും, ഗ്രാമങ്ങളില്‍ ഒരു പാക്ക് 3500 രൂപ നിരക്കില്‍ വിറ്റിരുന്നെന്നും പൊലീസ് വ്യക്തമാക്കി.