Connect with us

Video Stories

ഭയമില്ലാത്ത ഇന്ത്യ എല്ലാവരുടേയും ഇന്ത്യ

Published

on

ഭയമില്ലാത്ത ഇന്ത്യ, എല്ലാവരുടേയും ഇന്ത്യ എന്ന പ്രമേയം ഇന്ത്യയെ സംബന്ധിച്ച് പുതുതല്ല. ഒരു രാഷ്ട്രമെന്ന നിലയില്‍ ഏഴ് പതിറ്റാണ്ടിലധികമായി ഇന്ത്യ ലോകത്തിന് മുമ്പാകെ സമര്‍പ്പിച്ച ജനാധിപത്യ, മതേതര മൂല്യങ്ങളുടെ സംക്ഷിപ്തതയാണത്. ഇന്ത്യന്‍ ജനത ഹൃദയത്തില്‍ കാത്തുസൂക്ഷിച്ച ധാര്‍മിക വിചാരവും സാമൂഹിക ജീവിതത്തില്‍ ജ്വലിപ്പിച്ച താരകവുമായിരുന്നു അത്. സ്വാതന്ത്ര്യ സമരത്തിന്റെ കനല്‍പാതകളില്‍ തോളോട്‌തോള്‍ ചേര്‍ന്ന്, അണിനിരന്ന ഒരു ജനതയുടെ നിശ്വാസങ്ങളില്‍ നിന്നുയര്‍ന്നതാണ് സാഹോദര്യത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും ആധുനിക ഇന്ത്യ. ധീരദേശാഭിമാനികള്‍ ജീവരക്തം കൊണ്ട് എഴുതിച്ചേര്‍ത്ത നാനാത്വത്തില്‍ ഏകത്വമെന്ന ദേശബോധത്തിന്റെ ജീവനാഡിയാണത്.
സ്വതന്ത്രാനന്തര ഇന്ത്യ ചേര്‍ത്തു നിര്‍ത്തിയ മൂല്യബോധങ്ങളില്‍നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ വേര്‍പെടുത്താനുള്ള ഗൂഢനീക്കങ്ങള്‍ ശക്തിപ്പെടുകയും ഒരു പരിധിവരെ വിജയം കാണുകയും ചെയ്തിരിക്കുന്നുവെന്നതാണ് സമകാലിക ഇന്ത്യനവസ്ഥ. ഭയത്തിന്റെയും വെറുപ്പിന്റേയും രാഷ്ട്രീയം പിന്‍വാതിലിലൂടെ കടന്നെത്തി കോലായയില്‍ കസേരയിട്ടിരിപ്പുറപ്പിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ, കണ്ടില്ലെന്ന് നടക്കാനാകില്ല. രാഷ്ട്രീയപരമായ ചെറുത്തുനില്‍പും പ്രതിരോധവും കൊണ്ടേ വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിരിടാനാകൂ. പ്രതീക്ഷയുടെ നക്ഷത്രങ്ങള്‍ കെട്ടുപോയിട്ടില്ലെന്ന ആത്മവിശ്വാസം ഇന്ത്യന്‍ ജനതയുടെ മനസ്സിനെ ബോധ്യപ്പെടുത്തുന്നവിധം ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഇടപെടലാണ് ഇപ്പോഴാവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗം വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ രാഷ്ട്രീയ ഇടപെടലിന് ശക്തിപകര്‍ന്നിരിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. മുസ്‌ലിംലീഗ് ദേശവ്യാപകമായി ആരംഭിക്കുന്ന കാമ്പയിന്റെ ശീര്‍ഷകമായി ഭയമില്ലാത്ത ഇന്ത്യ, എല്ലാവരുടേയും ഇന്ത്യ എന്ന പ്രമേയം തെരഞ്ഞെടുത്തതിലൂടെ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയായിരിക്കുകയാണ് മുസ്‌ലിംലീഗ്. എന്നാല്‍ ജനാധിപത്യ പ്രസ്ഥാനങ്ങളെ യോജിച്ച പോരാട്ടത്തിന്റെ നടുത്തളത്തിലെത്തിക്കുകയെന്ന രാഷ്ട്രീയ ദൗത്യം അത്ര ലളിതമല്ല.
ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഇന്ത്യയുടെ വിശാലമായ സാംസ്‌കാരിക ഭൂമികയില്‍ വിഭിന്നങ്ങളായ ദര്‍ശനങ്ങളും ചിന്തകളുമാണ് പങ്കുവെക്കുന്നത്. പ്രാദേശികമായ താല്‍പര്യങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം പുലര്‍ത്തുന്നതാണ് ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളില്‍ മിക്കവയും. ഇന്ത്യന്‍ ജനത പുലര്‍ത്തുന്ന വൈവിധ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമായി നിരാകരിക്കാനാകില്ല. എന്നാല്‍ ദേശബോധത്തെ സംബന്ധിച്ച പരികല്‍പനകള്‍ മാറ്റിയെഴുതി, മതവിശ്വാസങ്ങളുമായി ബന്ധിപ്പിച്ച് ഉരുവം കൊള്ളുന്ന നവദേശീയത ജനാധിപത്യ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് സ്വീകാര്യവുമല്ല. ഏതെങ്കിലും മത വിശ്വാസത്തെ മാത്രമല്ല, വൈവിധ്യപൂര്‍ണമായ ദേശസംസ്‌കാരത്തെ ഏകശിലാത്മകമായി രൂപപ്പെടുത്തുകയെന്ന ഭീതിജനകമായ അജണ്ട രാഷ്ട്രീയപരമായും നിയമപരമായും നടപ്പിലാക്കികൊണ്ടിരിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ നില.
ഭീതിയുടെ രാഷ്ട്രീയം തെരുവുകളില്‍ ആര്‍ത്തട്ടഹസിക്കുമ്പോള്‍, നിയമത്തിന്റെ കാവലാളുകള്‍ മൂകസാക്ഷികളായി കൂട്ടുനില്‍ക്കുന്ന ദുരവസ്ഥ ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ച് അസ്വസ്ഥതയും ആശങ്കയും നിറക്കുന്നതാണ്. ദലിതുകളും പിന്നാക്ക ന്യൂനപക്ഷങ്ങളും ഇരകളാക്കപ്പെടുന്ന ആള്‍ക്കൂട്ടകൊലപാതകങ്ങളേക്കാള്‍ ഭീതിജനകമാണ് അവക്ക് ദേശവികാരത്തിന്റെ നിറവും രൂപവും നല്‍കാന്‍ അണിയറയിലും അരങ്ങത്തും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. നവദേശീയതക്കായുള്ള നിയമനിര്‍മാണങ്ങള്‍ അതിവേഗം നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മുത്തലാഖ്, എന്‍. ഐ.എ, യു.എ.പി.എ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തുടങ്ങിയവക്കായുള്ള നിയമനിര്‍മാണങ്ങള്‍ തിടുക്കപ്പെട്ടാണ് നടപ്പാക്കിയത്. സംഘ്പരിവാര്‍ ശക്തികളുടെ പ്രധാന മൂന്ന് ആവശ്യങ്ങളില്‍ ഒന്നായിരുന്നു കശ്മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്യകയെന്നത്. മറ്റ് രണ്ടെണ്ണം രാമജന്മഭൂമിയും ഏകസിവില്‍കോഡുമാണ്. ഏകസിവില്‍ കോഡിലേക്കുള്ള ചുവടുവെപ്പാണ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ധൃതഗതിയില്‍ വിജയിപ്പിച്ചെടുത്ത നിയമനിര്‍മാണങ്ങള്‍.
അനിതര സാധാരണമാണ് ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥ. തെരഞ്ഞെടുപ്പു കാലത്ത്‌പോലും പരസ്പരം കലഹിച്ച് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയത്തെ പരോക്ഷമായി സഹായിക്കുന്ന പ്രവണത വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. അനുഭവ പാഠങ്ങള്‍ പെരുകുമ്പോഴും തിരുത്താനൊന്നുമില്ലെന്ന പിടിവാശി ഉപേക്ഷിക്കാതെ ജനാധിപത്യ ബോധത്തെ ശക്തിപ്പെടുത്താനാകില്ല. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ബഹുസ്വര ഇന്ത്യ ഇല്ലാതെയാകും. അതിന്റെ മണിമുഴക്കം കേട്ടിട്ടും ഉണരാത്തവരോട് കാലം അവര്‍ക്കായി കരുതിവെച്ചിരിക്കുന്ന കറുത്ത ആകാശത്തെക്കുറിച്ച് ആരാണ് ബോധ്യപ്പെടുത്തുക.
ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, ആദിവാസികള്‍ തുടങ്ങി പിന്നാക്ക സമൂഹങ്ങളെയാകെ ഭയപ്പെടുത്തി, ഒറ്റപ്പെടുത്താനുള്ള നീക്കം ഏറ്റവും ശക്തമായി നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ നിലവിളി ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്ക് എത്രനാളാണ് അവഗണിക്കാന്‍ കഴിയുക. ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളുടെ യോജിച്ച പോരാട്ടത്തിന് മാത്രമേ ഭാഷയിലും ചിന്തയിലും സംസ്‌കാരത്തിലും അടിച്ചേല്‍പ്പിക്കപ്പെടുന്ന നവദേശീയതുടെ രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കാനാകൂ. ഭയരഹിതമായ ഇന്ത്യയെ വീണ്ടെടുക്കാന്‍ സാധിക്കൂ. എല്ലാവരുടേതുമായ ഇന്ത്യ ഭയരഹിത ഇന്ത്യയാണ്. ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും സാഹോദര്യത്തിന്റേയും സുവര്‍ണ ഭൂതകാലത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയെ മടക്കികൊണ്ടുവരാനുള്ള ദൗത്യമാണ് മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടത്. മുസ്‌ലിംലീഗ് തുടക്കം കുറിച്ചിരിക്കുന്നത് അതിനാണ്. നക്ഷത്രങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന നഭസ്സിലേക്ക് ജനാധിപത്യ ഇന്ത്യ കുതിച്ചുയരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

എഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍

ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി

Published

on

ലണ്ടന്‍: ശ്വാസകോശ അര്‍ബുദം (ലങ് കാന്‍സര്‍) നേരത്തേ കണ്ടെത്താനും രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന ഐഎ അധിഷ്ഠിത രക്തപരിശോധന വികസിപ്പിച്ച് യുകെയിലെ ഗവേഷകര്‍. ‘ ലങ്കാന്‍സീക്ക് ‘ (LungCanSeek) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ഗവേഷകസംഘം വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റ് (UHNM), കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫ്യൂറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് (FT-IR) മൈക്രോസ്‌പെക്ട്രോസ്‌കോപ്പി എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് രക്തപരിശോധനയില്‍ ഉപയോഗിക്കുന്നത്.

ട്യൂമറില്‍ നിന്ന് വേര്‍പെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളെ (Circulating Tumor Cells-CTS) കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതികള്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. പലപ്പോഴും ഈ കോശങ്ങള്‍ രക്തത്തിലെത്തുമ്പോള്‍ ആകൃതിയിലും സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയാതെ പോകാറുണ്ട്. എന്നാല്‍ രക്തത്തിലെ ഓരോ കോശത്തിനും പ്രത്യേകം കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്നും, അത് തിരിച്ചറിയാനാണ് പുതിയ പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചു.

ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഐഎ ഉപയോഗിച്ച് ഈ ഡാറ്റ ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍, ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

1,814 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 1,095 പേര്‍ ശ്വാസകോശ അര്‍ബുദബാധിതരും 719 പേര്‍ കാന്‍സര്‍ ഇല്ലാത്തവരുമായിരുന്നു. ലങ്കാന്‍സീക്ക് പരിശോധനയില്‍ ഐഎ പോസിറ്റീവ് ആയി കണ്ടെത്തിയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്‌കാന്‍ (LDCT) ഉപയോഗിച്ച് സ്ഥിരീകരിച്ചു.

ഈ പുതിയ സമീപനം ഡോക്ടര്‍മാര്‍ക്ക് ശ്വാസകോശ അര്‍ബുദം തുടക്കഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്നും അതോടൊപ്പം അനാവശ്യ സ്‌കാനുകളും ചികിത്സാചെലവും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

Trending