കൊച്ചി:എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നാവര്‍ത്തിച്ച് ഹൈക്കോടതി. തിങ്കളാഴ്ച വിവരം അറിയിക്കണമെന്ന് എംഡിക്ക് കോടതി നിര്‍ദേശം നല്‍കി. എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടാത്തതില്‍ എംഡിയെ കോടതി വിമര്‍ശിക്കുകയും ചെയ്തു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എം ഡിക്കെതിരെ നടപടി എടുക്കും. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എംഡി ഹാജരാകേണ്ടി വരും.ജീവനക്കാരെ പിരിച്ചുവിടുന്നതിന് സമയം വേണമെന്ന എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
അതേസമയം ഹൈക്കോടതി ഉത്തരവിന് എതിരായി കക്ഷി ചേരാനൊരുങ്ങുകയാണ് ജീവനക്കാര്‍. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എം പാനല്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാതെയാണ് ഹൈക്കോടതി, വിധി പുറപ്പെടുവിച്ചത് എന്നാണ് ജീവനക്കാരുടെ വിലയിരുത്തല്‍. ഈ മാസം പതിനേഴാം തീയതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് കേസില്‍ കക്ഷി ചേരാനാണ് ജീവനക്കാരുടെ ശ്രമം. വിധി നടപ്പാക്കുന്നതില്‍ സാവകാശം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടാന്‍ കെഎസ്ആര്‍ടിസി നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് എം പാനല്‍ ജീവനക്കാരും ഹര്‍ജി നല്‍കുന്നത്.