editorial

നയപ്രഖ്യാപനത്തിലെ പൊരുത്തക്കേട്

By webdesk18

January 21, 2026

അസാധാരണ സംഭവവികാസങ്ങളാല്‍ അമ്പരപ്പുളവാക്കിയെന്ന് വരുത്തിത്തീര്‍ക്കുകയും, എന്നാല്‍ പതിവുപോലെ സര്‍ക്കാര്‍ ഗവര്‍ണര്‍ ഒത്തുകളി പ്രകടമാകുകയും ചെയ്തിരിക്കുകയാണ് സര്‍ക്കാറിന്റെ നയപ്രഖ്യാപനം. സര്‍ക്കാര്‍ എഴുതിക്കൊടുത്ത നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഗവര്‍ണര്‍ വിട്ടുകളയുകയും പ്രസ്തുത ഭാഗം പിന്നീട് മുഖ്യമന്ത്രി സഭയില്‍ വായിച്ചതുമാണ് വിവാദങ്ങളുടെ തീപന്തമാക്കിമാറ്റാന്‍ ഇരുകൂട്ടരും ശ്രമിച്ചത്. എന്നാല്‍ ഗവര്‍ണറുടെ നിലപാടും നയപ്രഖ്യാപനത്തിന്റെ അകക്കാമ്പും പരിശോധിക്കുമ്പോള്‍ തന്നെ ഈ വേഷംകെട്ട് വ്യക്തമാണ്. സര്‍വകലാശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുമുണ്ടാക്കിയ കോലാഹലങ്ങളുടെയും പിന്നീടുനടന്ന ഒത്തുതീര്‍പ്പിന്റെയും ചൂരും ചൂടും അടങ്ങുന്നതിന്റെ മുമ്പ് തന്നെയാണ് സമാനമായ രീതിയില്‍ മറ്റൊരു കണ്‍കെട്ട് വിദ്യകൂടി അരങ്ങേറിയത്.

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുണ്ടാക്കിയ അന്നത്തെ നീക്കുപോക്കുകളില്‍ സി.പി.എമ്മിന്റെയും, കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവര്‍ണറെ പിന്തുണക്കുന്ന ബി.ജെ.പിയുടെയും അണികള്‍ മാത്രമല്ല, ഇരുവരുടെയും ഉപജാപക സംഘങ്ങള്‍ പോലും തലയില്‍ കൈവെച്ചുപോയിരുന്നു. എന്നാല്‍ ഈ അന്തര്‍ നാടകങ്ങള്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ ജനങ്ങള്‍ ഒരേ മാളത്തില്‍ നിന്ന് രണ്ടുതവണ പാമ്പുകടിക്കില്ലെന്ന ആപ്തവാക്യം കണക്കെ ഈ പൊറാട്ടു നാടകം പുറംകാല്‍കൊണ്ട് തള്ളിമാറ്റുകയും ചെയ്യുകയാണ്.

നയപ്രഖ്യാപനത്തിലെ 12, 15, 16 ഖണ്ഡികകളിലാണ് ഗവര്‍ണറുടെ ‘കൈകടത്തല്‍’ ഉണ്ടായത്. ‘ഭരണഘടനാതത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യൂണിയന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഭാഗമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്’, ‘സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ഭരണഘടനാ ബെഞ്ചിന് കേസ് റഫര്‍ ചെയ്തിരിക്കുകയുമാണ്’. എന്നീ വാചകങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. എന്നാല്‍ ‘നികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും ഔദാര്യമല്ലാത്തതും ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബ്ബലപ്പെടുന്നതുമാണ്’ എന്ന വാചകത്തിനോടൊപ്പം ‘എന്റെ സര്‍ക്കാര്‍ കരുതുന്നു’ എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുകയുണ്ടായി.

പ്രസംഗം കഴിഞ്ഞ് ഗവര്‍ണര്‍ മടങ്ങിയശേഷം സഭയില്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിക്കുകയും മന്ത്രി സഭ അംഗീകരിച്ച പ്രസംഗത്തിന് അംഗീകാരം നല്‍കണമെന്ന് സ്പീക്കറോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ വായിക്കാതെ വിട്ട ഭാഗങ്ങ ളില്‍ അവാസ്തവമായ വിവരങ്ങള്‍ ഉണ്ടെന്നും അവ മാറ്റാ മെന്ന് സര്‍ക്കാര്‍ നേരത്തെ സമ്മതിച്ചിരുന്നുവെന്നും നിര്‍ ദേശം അംഗീകരിക്കാത്തത് കൊണ്ടാണ് ആ ഭാഗം വായിക്കാതിരുന്നതെന്നും പിന്നീട് ഗവര്‍ണര്‍ വിശദീകരണം നല്‍കുകയുമുണ്ടായി.

പ്രസംഗത്തെക്കുറിച്ച് ഇരുകൂട്ടരും തമ്മില്‍ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നുവെന്നത് ഗവര്‍ണറുടെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാണ്. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമുള്‍പ്പെടെയുള്ള കേന്ദ്രത്തെ വിമര്‍ശിക്കുന്ന മറ്റുഭാഗങ്ങള്‍ വായിക്കാന്‍ ഗവര്‍ണര്‍ തയാറായതിലൂടെ പ്രസംഗത്തോട് കാതലായ വിയോജിപ്പൊന്നും അദ്ദേഹത്തിനില്ലെന്നതും പ്രകടമാണ്. അതോടൊപ്പം പ്രസംഗം പൂര്‍ണമായും വായിക്കണമെന്ന് സര്‍ക്കാറിന് ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ അതിനുപയുക്തമായ സാധ്യതകള്‍ തേടാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാകുകയും ചെയ്യുമായിരുന്നു. പ്രത്യേകിച്ചും ഗവര്‍ണര്‍ നേരത്തെതന്നെ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍. മുഖം രക്ഷിക്കാന്‍ ചെന്നുകാണാനും കാലില്‍ വീഴാനുമൊന്നും ഒരു മടിയുമില്ലെന്ന് പലവട്ടം തെളിയിച്ച മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ഈ വി ഷയത്തില്‍ മാത്രം പ്രത്യേകമായി അപകര്‍ഷബോധം തോന്നേണ്ടതുമില്ല. ഇതെല്ലാം തെളിയിക്കുന്നത് ഉഭയസമ്മതപ്രകാരമുള്ള ഏറ്റുമുട്ടലിനാണ് ഇന്നലെ സംസ്ഥാന നിയമസഭ സാക്ഷ്യംവഹിച്ചിട്ടുള്ളത് എന്നതാണ്. ചുരുക്കത്തില്‍ അ സത്യങ്ങള്‍ കുത്തിനിറച്ചതും എല്ലാ മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിന്റെ തെറ്റായ അവകാശവാദങ്ങളും ഒരിക്കലും ചര്‍ച്ചചെയ്യപ്പെടരുതെന്ന നിര്‍ബന്ധബുദ്ധിയാണ് ഈ കുബുദ്ധിയിലേക്ക് നയിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം.