ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറുഖ് അബ്ദുല്ലയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ വെടിവെച്ചു കൊലപ്പെടുത്തി. ശ്രീനഗറിലെ ഭട്ടിണ്ടിയിലെ വസതിയിലാണ് സംഭവം. എസ്.യു.വി വാഹനത്തിലെത്തിയ ആളാണ് ബാരിക്കേഡ് മറികടന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്.

പ്രധാന ഗേറ്റ് കടന്ന് മുന്നോട്ട് കുതിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ മറികടന്ന് ഇയാള്‍ വീട്ടിലേക്ക് കയറുകയായിരുന്നു. പിന്തുടര്‍ന്ന സുരക്ഷാ ഗാര്‍ഡുകള്‍ ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് ഫാറുഖ് അബ്ദുല്ലയുടെ വീടിനും പരിസര പ്രദേശത്തും സുരക്ഷ കര്‍ശനമാക്കി.