തിരുവനന്തപുരം: തലസ്ഥാനത്ത് കുടുംബാംഗങ്ങളുടെ കൂട്ടക്കൊലക്ക് ഉത്തരവാദിയെന്ന് സംശയിക്കുന്ന, കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജ പിടിയില്‍. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റെയില്‍ സംരക്ഷണസേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പിടിയിലായത്. അന്വേഷണ സംഘത്തിന് കൈമാറിയ പ്രതിയെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.
ശനിയാഴ്ച രാത്രി തമ്പാനൂരിലെത്തിയ കേഡല്‍ ഇവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. ഇവരുടെ ബന്ധുക്കളുടെ വീട്ടിലും കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഇവരുടെ ഫാം ഹൗസിലും പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനൊപ്പം കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. കേഡലിന്റെ വിവിധ രൂപത്തിലുള്ള ഫോട്ടോകള്‍ അടങ്ങിയ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായാണ് പ്രതി പൊലീസിന്റെ മുന്നില്‍പ്പെട്ടത്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു. ഞായറാഴ്ചയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടില്‍ നാലംഗ കുടുംബത്തെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.