കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ ഇപ്പോഴത്തെ പ്രതിപ്പട്ടിക കേസില്‍ സിപിഎം ബന്ധത്തിന് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് തുടക്കത്തില്‍ തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് ചെന്നിത്തല പറഞ്ഞു. സാധാരണ നിലയില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച് തെളിയിക്കാന്‍ പറ്റാത്തതാണ് ക്രൈംബ്രാഞ്ചിന് വിടുക. ഇവിടെ അതല്ല നടന്നത്. നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഇസ്മായില്‍ സിപിഎമ്മുമായി ബന്ധമുള്ളയാളാണെന്നും സിപിഎമ്മിന്റെ നേതാക്കളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്റെ കീഴില്‍ പ്രത്യേക സംഘത്തെ നിയമിച്ച് കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ പാനൂരില്‍ ഇന്ന് യുഡിഎഫിന്റെ പ്രതിഷേധ സംഗമം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എംപിമാരായ കെ മുരളീധരന്‍, കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാനൂരിലെത്തും.

പ്രതിഷേധ സംഗമത്തിനെത്തുന്ന നേതാക്കള്‍ മന്‍സൂറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.